ബാഴ്‌സലോണ: ബാഴ്‌സലോണയുടെ അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി തന്റെ അമ്മയെ ചീത്ത പറഞ്ഞതായി സ്പാനിഷ് ലീഗ് ക്ലബ്ബായ മലാഗയുടെ ഡിഫന്‍ഡര്‍ വെലിംഗ്ടണ്‍. മെസ്സിയെ കളിക്കളത്തില്‍ വെച്ച് വെലിംഗ്ടണ്‍ കഴുത്തിന് പിടിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലായിരുന്നു ബ്രസീലിയന്‍ ഡിഫന്‍ഡറുടെ വിശദീകരണം. കഴിഞ്ഞദിവസം രാത്രി വൈകി നടന്ന ബാഴ്‌സലോണ മലാഗ മത്സരത്തിനിടയിലായിരുന്നു സംഭവം.
ഫ്രീകിക്കിനെ പ്രതിരോധിക്കാനായി ശ്രമിക്കുന്നതിനിടെ മെസ്സിയുടെ അടുത്തു ചെന്ന തന്നെ മെസ്സി ചീത്ത വിളിച്ചെന്നും അതിനാലാണ് താന്‍ അയാളുടെ കഴുത്തിന് പിടിച്ചതെന്നും വെലിംഗ്ടണ്‍ പറഞ്ഞു. സംഭവം വിവാദമായതോടെയാണ് വെലിംഗ്ടണ്‍ മെസ്സിക്കെതിരെ ചീത്തവിളി ആരോപണവുമായി രംഗത്തെത്തിയത്.

സോഷ്യല്‍ മീഡിയയിലും പത്രങ്ങളിലുമെല്ലാം മെസ്സിയെ കഴുത്തിന് പിടിച്ചതിന് വെലിംഗ്ടണിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. എന്നാല്‍, കളിക്കളില്‍ എന്താണ് സംഭവിച്ചതെന്ന് തനിക്കറിയാമെന്നും, തന്നെ അറിയുന്നവര്‍ ആരും വിമര്‍ശിക്കുകയില്ലെന്നും വെലിംഗ്ടണ്‍ പറഞ്ഞു. മാത്രമല്ല, മാധ്യമങ്ങളുടെ വിമര്‍ശനത്തെ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാദ്യമായല്ല, മെസ്സിയും വെലിംഗ്ടണും തമ്മില്‍ കൊമ്പു കോര്‍ക്കുന്നത്. 2009 ല്‍ ഒരു മത്സരത്തിനിടെ വീണുകിടന്ന മെസ്സിയെ വെലിംഗ്ടണ്‍ അനാവശ്യമായി കാലില്‍ ചവിട്ടിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
പുതിയ സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന മെസ്സി ഇതുവരെ മൂന്നു ഗോളുകള്‍ നേടിക്കഴിഞ്ഞു. മലാഗയുമായുള്ള മത്സരം സമനിലയില്‍ പിരിഞ്ഞെങ്കിലും അഞ്ചു കളികളില്‍ നിന്നും 13 പോയന്റുമായി ബാഴ്‌സലോണ തന്നെയാണ് ലീഗില്‍ മുന്നില്‍ നില്‍ക്കുന്നത്.