ലണ്ടന്‍: ലീഗ് കപ്പ് ഫൈനലില്‍ കളത്തിലിറങ്ങാന്‍ തയ്യാറെടുത്ത വെയിന്‍ റൂണിയെന്താണ് കളത്തിലിറങ്ങാതിരുന്നത് ? റൂണിക്ക് പകരം ഫെലെയ്നിയെ കോച്ച് മൗറിഞ്ഞോ അവസാന മിനുട്ടുകളില്‍ കളത്തിലിറക്കിയതിന്റെ രഹസ്യം ? കളി കണ്ടവരെല്ലാം ആകെ ആശയക്കുഴപ്പത്തിലായി. ക്യാപ്റ്റന്‍ റൂണി ചൈനീസ് ലീഗിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായതു കൊണ്ടാകാം മൗറിഞ്ഞോ അവസരം നല്‍കാതിരുന്നത് ! ഇങ്ങനെയും ഒരു കഥയുണ്ടേ...!!
ലീഗ് കപ്പ് ട്രോഫി ഉയര്‍ത്താന്‍ മാത്രമായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്യാപ്റ്റന്‍ വെയിന്‍ റൂണി വിബ്സഴിച്ച് രംഗത്തിറങ്ങിയത്. സതംപ്ടണിനെതിരെ ഫൈനലില്‍ ഒരു സെക്കന്‍ഡ് പോലും റൂണിക്ക് കളിക്കാന്‍ സാധിച്ചില്ല. കോച്ച് ഹൊസെ മൗറിഞ്ഞോയെ പകരക്കാരനായിട്ടാണ് ടീമിലുള്‍പ്പെടുത്തിയത്. എന്നാല്‍, മത്സരം അവസാന പത്ത് മിനുട്ടിലേക്ക് പ്രവേശിച്ചതോടെ കോച്ച് റൂണിയോട് കളത്തിലിറങ്ങാന്‍ തയ്യാറെടുപ്പാന് ആവശ്യപ്പെട്ടു. മത്സരം 2-2ന് സമനിലയിലായിരുന്നു അപ്പോള്‍.
മധ്യനിരയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് മൗറിഞ്ഞോ തന്ത്രങ്ങള്‍ പറഞ്ഞു കൊടുക്കുന്നതും കാണാമായിരുന്നു. ഇതിനിടെയാണ് മാഞ്ചസ്റ്റര്‍ ക്യാമ്പിന് ആവേശമേകിക്കൊണ്ട് സ്ലാറ്റന് ഇബ്രാഹിമോവിചിന്റെ വിജയഗോള്‍ പിറക്കുന്നത്. പകരക്കാരനായി കളത്തിലിറങ്ങാന്‍ തയ്യാറെടുത്ത റൂണിയെ മൗറിഞ്ഞോ ഉടന്‍ പിന്‍വലിച്ചു. ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ മറൗനെ ഫെലെയ്നിയോട് പകരമിറങ്ങാനാവശ്യപ്പെട്ടു. ലീഡ് നേടിയതോടെയാണ് മൗറിഞ്ഞോക്ക് ഈ മനം മാറ്റം. എണ്‍പത്താറാം മിനുട്ടിലായിരുന്നു ഇബ്രാഹിമോവിച് 3-2ന് മാഞ്ചസ്റ്ററിനെ മുന്നിലെത്തിച്ചത്. നാല് മിനുട്ടുകള്‍ മാത്രം അവശേഷിക്കെ അറ്റാക്കിംഗ് വേണ്ടെന്ന് മൗറിഞ്ഞോ തീരുമാനിക്കുകയായിരുന്നു.
റൂണിയെ അറ്റാക്കിംഗ് ഓപ്ഷനായിട്ടാണ് മൗറിഞ്ഞോ കളത്തിലിറക്കാന്‍ തീരുമാനിച്ചത്. ഇബ്രായുടെ ഗോളോടെ അറ്റാക്കിംഗ് വേണ്ട പ്രതിരോധം മതിയെന്ന് കോച്ച് തീരുമാനിച്ചു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും ഡിഫന്‍ഡറായും തിളങ്ങുന്ന ഫെലെയ്നിക്ക് നറുക്ക് വീണു.
അവസാന മിനുട്ടുകളില്‍ കോര്‍ണര്‍ കിക്കുകള്‍ നേരിടാന്‍ ഉയരമുള്ള താരമാണ് ഫലപ്രദം. റൂണിയേക്കാള്‍ ഉയരമുള്ള ഫെലെയ്നി ഹെഡര്‍ ക്ലിയറിംഗുകള്ക്ക് നിപുണനാണ്. ടീമിലെ ഏറ്റവും ഉയരമുള്ള സ്ട്രൈക്കര്‍ സ്ലാറ്റന് ഇബ്രാഹിമോവിച് കോര്‍ണര്‍ കിക്കുകള്‍ നേരിടുമ്പോള്‍ പ്രതിരോധഭടന്റെ റോള്ഭംഗിയായി നിര്‍വഹിച്ചതും ഓര്‍ക്കണം. മൗറിഞ്ഞോ ഇബ്രാഹിമോവിചിനെ ഗോളടിക്കാന്‍ മാത്രമല്ല ഗോള്‍ തടയാനും ബുദ്ധിപൂര്‍വം ഉപയോഗിച്ചു. ഫെലെയ്നിയും ഇതുപോലെ ഉപയോഗിക്കപ്പെടുകയായിരുന്നു.