ലണ്ടന്‍: കളിക്കളത്തിലേക്ക് വീണ്ടും മടങ്ങിയെത്തിയ മുന്‍ ഇംഗ്ലണ്ട് താരം വെയ്ന്‍ റൂണിക്ക് ജയത്തോടെ തുടക്കം. രണ്ടാം ഡിവിഷന്‍ ലീഗില്‍ ഡര്‍ബിക്കുവേണ്ടി അരങ്ങേറ്റം നടത്തിയ റൂണി ഗോള്‍ അടിക്കാന്‍ സഹായം നല്‍കി ടീമിനെ ജയത്തിലേക്ക് നയിച്ചു. കഴിഞ്ഞ ഒക്ടോബറിനുശേഷം ആദ്യമായി കളത്തിലിറങ്ങിയ താരം 90 മിനിറ്റുനേരവും ടീമിനായി കളിച്ചു. മികച്ച പാസുകള്‍കൊണ്ട് റൂണി തന്റെ മികവ് മങ്ങിയിട്ടില്ലെന്നും തെളിയിച്ചു.
ജാക്ക് മാറിയറ്റ് 45-ാം മിനിറ്റില്‍ നേടിയ ഗോളിന് വഴിയൊരുക്കിയത് റൂണിയുടെ ഫ്രീകിക്കാണ്. 57-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ വാഗ്‌ഹോണ്‍ രണ്ടാം ഗോള്‍ നേടുമ്പോഴും റൂണിയുടെ സഹായമുണ്ടായിരുന്നു. എല്ലിയറ്റ് സിമോയിസ്(50) ആണ് ബാണ്‍സ്ലിയുടെ ഗോള്‍ സ്‌കോറര്‍. നിലവില്‍ ലീഗില്‍ 17-ാം സ്ഥാനത്താണ് ടീം. റൂണിയുടെ വരവോടുകൂടി ടീമിന് വരും മത്സരങ്ങളില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

നാളുകളായി വിട്ടുനില്‍ക്കുകയായിരുന്ന റൂണി സെക്കന്റ് ഡിവിഷന്‍ ലീഗായ ഡെര്‍ബി കൗണ്ടിയില്‍ നേരത്തെ ചേര്‍ന്നിരുന്നെങ്കിലും കളി തുടങ്ങിയിരുന്നില്ല. പരിശീലകനും കളിക്കാരനുമെന്ന നിലയിലാണ് താരം ക്ലബ്ബിലെത്തിയത്. റൂണി ശാരീരികക്ഷമത വീണ്ടെടുത്തത് ടീമിന് ഗുണം ചെയ്യും. നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി ദീര്‍ഘകാലം കളിച്ചശേഷം അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗിലേക്ക് കൂടുമാറിയ റൂണി ഇവിടെനിന്നുമാണ് സെക്കന്റ് ഡിവിഷനിലെത്തുന്നത്.