ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സമാനതകളില്ലാത്ത കുതിപ്പ് നടത്തിയ ലിവര്‍പൂളിന് അവശ്വസനീയ തോല്‍വി. വാറ്റ്‌ഫോഡ് ആണ് സ്വന്തം മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ലിവര്‍പൂളിനെ അട്ടിമറിച്ചത്. ഇതോടെ തുടര്‍ച്ചയായ 19 ജയമെന്ന പ്രീമിയര്‍ ലീഗ് റെക്കോര്‍ഡ് ലിവര്‍പൂളിന് നഷ്ടമായി. 18 വിജയങ്ങള്‍ നേടിയ സിറ്റിയുടെ റെക്കോര്‍ഡിനൊപ്പമാണ് ലിവര്‍പൂള്‍ ഇപ്പോള്‍. സീസണില്‍ പ്രീമിയര്‍ ലീഗിലെ ലിവര്‍പൂളിന്റെ ആദ്യ തോല്‍വികൂടിയാണിത്.
ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് വാറ്റ്‌ഫോഡ് മൂന്നു ഗോളുകള്‍ ലിവര്‍പൂള്‍ വലയിലെത്തിച്ചത്. ഇസ്മായില്‍ സാര്‍(54, 60) ഇരട്ടഗോള്‍ നേടി. ട്രോയ് ഡീന്‍ലി(72)യുടെ വകയായിരുന്നു മറ്റൊരു ഗോള്‍. ഗോളെന്നുറച്ച നാലോളം അവസരങ്ങളാണ് വാറ്റ്‌ഫോഡ് നഷ്ടമാക്കിയത്. അല്ലായിരുന്നെങ്കില്‍ വമ്പന്‍ നാണക്കേട് ലിവര്‍പൂളിന് നേരിടേണ്ടിവരുമായിരുന്നു. വാറ്റ്‌ഫോഡ് 14 തവണ ഗോളാക്രമണം നടത്തിയപ്പോള്‍ ഏഴുതവണമാത്രമാണ് ലിവര്‍പൂളിന് ഗോള്‍ശ്രമം നടത്താനായത്. ഒരുതവണമാത്രമേ ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ക്കാനും ലിവര്‍പൂളിന് കഴിഞ്ഞുള്ളൂ.

പ്രീമിയര്‍ ലീഗിലെ മറ്റൊരു കളിയില്‍ ചെല്‍സി ബോണിമൗത്തുമായി സമനില വഴങ്ങി. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡ് നേടിയശേഷം രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ വഴങ്ങി തോല്‍വിയിലേക്ക് നീങ്ങുകയായിരുന്ന ചെല്‍സിയെ മാര്‍ക്കോ അലോണ്‍സോയുടെ ഗോളാണ് രക്ഷിച്ചത്. അലോണ്‍സോ(33, 85) ചെല്‍സിക്കായും ലെര്‍മ(54), ജോഷ്വ കിങ്(57) എന്നിവര്‍ ബോണിമൗത്തിനായും സ്‌കോര്‍ ചെയ്തു. മറ്റു മത്സരഫലങ്ങള്‍, ക്രിസ്റ്റല്‍ പാലസ് 1-0 ബ്രൈറ്റന്‍, ബേണ്‍ലി 0-0 ന്യൂകാസില്‍, വെസ്റ്റ് ഹാം യുണൈറ്റഡ് 3-1 സതാംപ്ടണ്‍.