ബ്രസീലിന്റെ മുന്‍ ഇതിഹാസ സ്‌ട്രൈക്കറും നാട്ടുകാരനുമായ റൊണാള്‍ഡോ നസാറിയോയുടെ വമ്പന്‍ റെക്കോര്‍ഡ് തകര്‍ക്കുകയെന്നതാണ് ലക്ഷ്യമെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് യുവ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍. യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് 5-1നു സാല്‍സ്ബര്‍ഗിനെ കെട്ടുകെട്ടിച്ച കളിക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കളിയില്‍ ഇരട്ട ഗോളുകളുമായി റയലിന്റെ വിജയത്തില്‍ വിനീഷ്യസ് നിര്‍ണായക പങ്കും വഹിച്ചിരുന്നു.
റയലിനായി ഗോളുകള്‍ നേടാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നു പറഞ്ഞ വിനീഷ്യസ് അതിനു പിന്നാലെയാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യത്തെക്കുറിച്ചും വെളിപ്പെടുത്തിയത്. മുവിസ്റ്ററിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ റയലിനായി ഏറ്റവുമധികം ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുള്ള ബ്രസീലിയ്ന്‍ താരമെന്ന റെക്കോര്‍ഡ് റൊണാള്‍ഡോയ്ക്കു അവകാശപ്പെട്ടതാണ്. ഇതാണ് വിനി തിരുത്താന്‍ തയ്യാറെടുക്കുന്നത്.

റൊണാള്‍ഡോയുടെ റെക്കോര്‍ഡ്
റയല്‍ മാഡ്രിഡിന്റെ കുപ്പായത്തില്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഈ ജഴ്‌സിയില്‍ കൂടുതല്‍ ഗോളുകളടിച്ച റൊണാള്‍ഡോയുടെ ഓള്‍ടൈം റെക്കോര്‍ഡിന് മൂന്നു ഗോളുകള്‍ മാത്രം പിറകിലാണ് ഇപ്പോള്‍ ഞാനുള്ളത്. എനിക്കു ഇനിയും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയുമെന്നു തന്നെ പ്രതീക്ഷയുണ്ടെന്നും വിനീഷ്യസ് പറഞ്ഞു.
2018ലാണ് ബ്രസീലിയന്‍ ക്ലബ്ബായ ഫ്‌ളമെംഗോയില്‍ നിന്നും അദ്ദേഹം സ്പാനിഷ് പവര്‍ഹൗസുകളായ റയല്‍ മാഡ്രിഡിലെത്തിയത്. മിന്നുന്ന പ്രകടനങ്ങളിലൂടെ താരം വളരെ പെട്ടെന്നു തന്നെ റയലിലെ സ്ഥിരം സാന്നിധ്യമായി മാറുകയും ചെയ്തു.
കഴിഞ്ഞ ആറു വര്‍ഷത്തിനിടെ റയലിനായി 101 ഗോളുകളാണ് വിനീഷ്യസ് സ്‌കോര്‍ ചെയ്തത്. 104 ഗോളുകളുമായാണ് ബ്രസീലിയന്‍ ഗോള്‍വേട്ടക്കാരില്‍ റൊണാള്‍ഡോ തലപ്പത്തുള്ളത്. 2002 മുതല്‍ 07 വരെയുള്ള അഞ്ചു സീസണുകളിലായിട്ടാണ് അദ്ദേഹം ഇത്രയും ഗോളുകളടിച്ചത്.
വിനിയെ റാഞ്ചാന്‍ സൗദി ടീം
റയല്‍ മാഡ്രിഡില്‍ കസറവെ വിനീഷ്യസ് ജൂനിയറെ റാഞ്ചാന്‍ സൗദി അറേബ്യയിലെ ചില ക്ലബ്ബുകള്‍ കരുക്കള്‍ നീക്കിക്കഴിഞ്ഞതായാണ് വിവരം. ഇക്കൂട്ടത്തില്‍ മുന്‍പന്തിയിള്ളത് അല്‍ അഹ്‌ലിയാണ്. 50 മില്ല്യണ്‍ വരെ വിനീഷ്യസിനായി മുടക്കാന്‍ തയ്യാറാണെന്നു ക്ലബ്ബ് വ്യക്തമാക്കിക്കഴിഞ്ഞു.

നിലവില്‍ സൗദി പ്രോ ലീഗില്‍ 16 മല്‍സരങ്ങളില്‍ നിന്നും 29 പോയിന്റോടെ അഞ്ചാംസ്ഥാനത്തു നില്‍ക്കുന്ന ടീമാണ് അല്‍ അഹ്‌ലി. തലപ്പത്തുള്ള അല്‍ ഹിലാലിനേക്കാള്‍ 14 പോയിന്റ് പിന്നിലാണ് അവര്‍.
ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ഫിര്‍മിനോ, അള്‍ജീരിയന്‍ സൂപ്പര്‍ താരം റിയാദ് മെഹ്‌റസ് തുടങ്ങിയവരെല്ലാം ഇപ്പോള്‍ അല്‍ അഹ്‌ലിക്കൊപ്പമുണ്ട്. ഇവര്‍ക്കൊപ്പം വിനീഷ്യസിനെ കൂടി ചേര്‍ക്കാനാണ് സൗദി ക്ല്ബിന്റെ നീക്കം.