ലണ്ടന്‍: ബ്രസീലിന്റെ കൗമാരതാരം വിനീഷ്യസ് ജൂനിയര്‍ ആദ്യമായി ദേശീയ ടീമില്‍ ഇടംനേടി. അത്ഭുതപ്പെടുത്തുന്ന കളിമികവുമായി ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച വിനീഷ്യസ് ബ്രസീലിന്റെ ഭാവിസൂപ്പര്‍താരമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. നിലവില്‍ റയല്‍ മാഡ്രിഡനായി പന്തുതട്ടുന്ന വിനീഷ്യസ് ടീമിലെത്തുന്നതോടെ ബ്രസീല്‍ കൂടുതല്‍ കരുത്തരാകും.
മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ വിനീഷ്യസ് ആദ്യമായി ബ്രസീല്‍ സീനിയര്‍ ടീമിനായി കളത്തിലിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. പനാമ, ചെക്ക് റിപ്പബ്ലിക് എന്നിവരുമായാണ് ബ്രസീലിന്റെ മത്സരങ്ങള്‍. ദീര്‍ഘനാളായി പരിക്കിന്റെ പിടിയിലായിരുന്ന പിഎസ്ജി താരം ഡാനി ആല്‍വെസും ബ്രസീല്‍ ടീമില്‍ ഇടംനേടിയിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് ആല്‍വെസിന് 2018ലെ ലോകകപ്പ് നഷ്ടമായിരുന്നു.

ഗോള്‍കീപ്പര്‍ വെവെര്‍ട്ടന്‍, ഫിലിപ്പെ ആന്‍ഡേഴ്‌സണ്‍, എദര്‍ മിലിറ്റാവോ, തിയാഗോ സില്‍വ, ലൂക്കാസ് പക്വേറ്റ തുടങ്ങിയവര്‍ ടീമിലേക്ക് വിളിക്കപ്പെട്ടു. അതേസമയം, ഗബ്രിയേല്‍ ബ്രസോവോ, ദിദെ, പാബ്ലോ, മാഴ്‌സെലോ, പൗലീഞ്ഞോ, വാലസ്, വില്ല്യന്‍, ഡഗ്ലസ് കോസ്റ്റ എന്നവര്‍ സ്ഥാനം കണ്ടെത്തിയില്ല. പരിക്കേറ്റ് വിശ്രമത്തിലുള്ള ക്യാപ്റ്റന്‍ നെയ്മറും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. കോപ്പ അമേരിക്ക ടൂര്‍ണമെന്റിനായി യുവതാരങ്ങളെ കണ്ടെത്തുകയാണ് സൗഹൃദ മത്സരത്തിലൂടെ പരിശീകലന്‍ ടിറ്റെയുടെ ലക്ഷ്യം.