Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിയ്യാറയലിന്റെ പരിശീലകനായി ഉനായ് എമറി; കരാര്‍ മൂന്ന് വര്‍ഷത്തേക്ക്

ലണ്ടന്‍: മുന്‍ ആഴ്‌സണല്‍ പരിശീലകന്‍ ഉനായ് എമറി ഇനി ലാ ലിഗ ക്ലബ്ബ് വിയ്യാറയലിനെ പരിശീലിപ്പിക്കും. ക്ലബ്ബുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് എമറി ഒപ്പുവെച്ചിരിക്കുന്നത്. ആഴ്‌സണലില്‍ ഏറെ പ്രതീക്ഷയോടെ എത്തിയ എമറിയെ നവംബറിലാണ് ക്ലബ്ബ് പുറത്താക്കിയത്. ഇതിഹാസ പരിശീലകന്‍ ആഴ്‌സന്‍ വെങ്ങറുടെ പകരക്കാരനായാണ് എമറിയെത്തിയത്. 18 മാസമാണ് ഗണ്ണേഴ്‌സിനൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചത്.ക്ലബ്ബിന്റെ മോശം പ്രകടനമാണ് എമറിയുടെ കസേര തെറിപ്പിച്ചത്. സ്പാനിഷ് ക്ലബ്ബ് സെവിയ്യയെ പരിശീലിപ്പിച്ച് മൂന്ന് തവണ യുവേഫ യൂറോപ്പാ ലീഗ് കിരീടം നേടിക്കൊടുക്കാന്‍ എമറിക്ക് സാധിച്ചിട്ടുണ്ട്.

ഇത്തവണ അഞ്ചാം സ്ഥാനത്താണ് വിയ്യാറയല്‍ ഫിനിഷ് ചെയ്തത്.38 മത്സരത്തില്‍ നിന്ന് 18 ജയവും 6 സമനിലയും 14 തോല്‍വിയുമടക്കം 60 പോയിന്റാണ് വിയ്യാറയല്‍ സ്വന്തമാക്കിയത്. അടുത്ത സീസണില്‍ ആദ്യ നാലിലേക്ക് വിയ്യാറയലിനെ ഉയര്‍ത്തുകയാവും എമറിക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. മൊറീനോ, കാസറോള, ബ്രൂണോ, ഇബോറ, ടോറസ്, പെന തുടങ്ങിയ മികച്ച താരങ്ങള്‍ വിയ്യാറയലിനൊപ്പമുണ്ട്. ആഴ്‌സണലിന്റെ അദ്ദേഹത്തിന്റെ മെസ്യൂട്ട് ഓസിലിനെതിരായ സമീപനങ്ങള്‍ വലിയ വിവാദമായിരുന്നു. ഗണ്ണേഴ്‌സിലെ താരങ്ങളുമായി മികച്ച ബന്ധം പുലര്‍ത്താന്‍ സാധിക്കാതെ വന്നതാണ് എമറിക്ക് തിരിച്ചടിയായത്.

unaiemery

നേരത്തെ സ്പാനിഷ് ലീഗില്‍ അനുഭവസമ്പത്തുള്ളതിനാല്‍ കാര്യങ്ങള്‍ എമറിക്ക് കുറച്ചുകൂടി എളുപ്പമാകും. എന്നാല്‍ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, അത്‌ലറ്റികോ മാഡ്രിഡ്, സെവിയ്യ ക്ലബ്ബുകളോട് ഏറ്റുമുട്ടി ആദ്യ നാലിലേക്കെത്തുകയെന്ന കടുത്ത വെല്ലുവിളിയാവും എമറി ഏറ്റെടുക്കേണ്ടി വരിക. 48കാരനായ എമറി 2004ല്‍ ലോര്‍ക്ക ഡിപ്പോര്‍ട്ടീവാ ക്ലബ്ബിനുവേണ്ടിയാണ് പരിശീലക കരിയര്‍ ആരംഭിച്ചത്.

2008-2012വരെ വലന്‍സിയയെ പരിശീലിപ്പിച്ച അദ്ദേഹം സ്പാര്‍ട്ടക്ക് മോസ്‌കോയ്ക്കും തന്ത്രം ഓതി. 2013ല്‍ സെവിയ്യയുടെ പരിശീലകസ്ഥാനം ഏറ്റെടുത്ത എമറി മൂന്ന് വര്‍ഷം ക്ലബ്ബിനൊപ്പം തുടര്‍ന്നു. 2016ല്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ പരിശീലകസ്ഥാനത്തെത്തിയ അദ്ദേഹം 2017-18സീസണില്‍ പിഎസ്ജിയെ ലീഗ് കിരീടം ചൂടിച്ചു. രണ്ടു തവണ കോപ്പാഡി ഫ്രാന്‍സും കോപ്പാ ഡി ലാ ലിഗയും ട്രോഫി ഡെസ് ചാമ്പ്യന്‍സും അദ്ദേഹം ക്ലബ്ബിനൊപ്പം നേടി.

2018ല്‍ ആഴ്‌സണല്‍ പരിശീലകസ്ഥാനത്തെത്തിയ അദ്ദേഹം 2018-19 സീസണില്‍ ആഴ്‌സണലിനെ യൂറോപ്പാ ലീഗില്‍ ഫൈനലിലെത്തിച്ചെങ്കിലും കിരീടത്തിലേക്കെത്തിക്കാനായില്ല. 42കാരനായ ജാവിയര്‍ കല്ലിജയെ മാറ്റിയാണ് വിയ്യാറയല്‍ എമറിയെ എത്തിക്കുന്നത്. മുന്‍ വിയ്യാറയല്‍ താരമായിരുന്നു കല്ലിജ 2012ല്‍ വിയ്യാറയലിന്റെ യൂത്ത് ലീഗ് പരിശീലകനായി. 2017ലാണ് സീനിയര്‍ ക്ലബ്ബിന്റെ പരിശീലകനായി അദ്ദേഹം എത്തിയത്. വിയ്യാറയലിന് രണ്ടുവട്ടം യുവേഫ ഇന്റര്‍ടോട്ടോ കപ്പ് നേടിക്കൊടുക്കാന്‍ സാധിച്ചെങ്കിലും ലാലിഗയില്‍ കാര്യമായ നേട്ടം ക്ലബ്ബിന് നേടിക്കൊടുക്കാന്‍ കല്ലിജയ്ക്കായില്ല.

Story first published: Friday, July 24, 2020, 9:50 [IST]
Other articles published on Jul 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+