റൊണാള്‍ഡോയുടെ വില റയല്‍ അറിഞ്ഞു... സൂപ്പര്‍ കപ്പില്‍ റയലിനെ പഞ്ഞിക്കിട്ട് അത്‌ലറ്റികോ
ടാലിന്‍ (എസ്റ്റോണിയ): പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കൂടുമാറ്റത്തിനു ശേഷം പ്രധാന പോരിനിറങ്ങിയ റയല്‍ മാഡ്രിഡിന് തിരിച്ചടി. സീസണിലെ ആദ്യ ഗ്ലാമര്‍ പോരാട്ടമായ യുവേഫ സൂപ്പര്‍ കപ്പില്‍ കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാര്‍ കൂടിയായ റയലിന് അടിതെറ്റുകയായിരുന്നു.
സ്പാനിഷ് വമ്പന്‍മാര്‍ നേര്‍ക്കുനേര്‍ വന്ന മല്‍സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡാണ് റയലിനെ തറപ്പറ്റിച്ചത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തില്‍ അത്‌ലറ്റികോ 4-2നാണ് റയലിന്റെ കഥകഴിച്ചത്. നിലവിലെ യുവേഫ ചാംപ്യന്‍സ് ലീഗ് ചാംപ്യന്‍മാരും യുവേഫ യൂറോപ്പ ലീഗ് ജേതാക്കളും തമ്മിലാണ് യുവേഫ സൂപ്പര്‍ കപ്പില്‍ ഏറ്റുമുട്ടുക. ചാംപ്യന്‍സ് ലീഗില്‍ റയലും യൂറോപ്പ ലീഗില്‍ അത്‌ലറ്റികോയുമായിരുന്നു ജേതാക്കള്‍.

രണ്ടടിച്ച് കോസ്റ്റ; നിശ്ചിതസമയം ബലാബലം
കളിയുടെ നിശ്ചിത സമയത്ത് ഇരു ടീമും 2-2ന് തുല്ല്യത പാലിക്കുകയായിരുന്നു. നിശ്ചിത സമയത്ത് അത്‌ലറ്റികോയുടെ രണ്ട് ഗോളുകളും ഡിയേഗോ കോസ്റ്റയുടെ വകയായിരുന്നു. കളി തുടങ്ങി 49ാം സെക്കന്‍ഡില്‍ തന്നെ കോസ്റ്റയിലൂടെ അത്‌ലറ്റികോ ആദ്യ ഗോള്‍ നേടിയിരുന്നു. എന്നാല്‍, 27ാം മിനിറ്റില്‍ കരീം ബെന്‍സെമയിലൂടെ ഒപ്പമെത്തിയ റയല്‍ 63ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെ ലീഡ് പിടിച്ചു.
പെനാല്‍റ്റി ബോക്‌സില്‍ വച്ച് അത്‌ലറ്റികോ താരം യുവാന്‍ഫ്രാന്റെ കൈയ്യില്‍ പന്ത് തട്ടിയതിനെ തുടര്‍ന്നാണ് റയലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. പക്ഷേ, 79ാം മിനിറ്റില്‍ കോസ്റ്റയിലൂടെ അത്‌ലറ്റികോ മല്‍സരത്തില്‍ ഒപ്പമെത്തി. നിശ്ചിത സമയം അവസാനിക്കുന്നതിനു മുമ്പ് വിജയഗോള്‍ നേടാനുള്ള മികച്ച അവസരം മാര്‍സെലോ നഷ്ടപ്പെടുത്തിയത് റയലിന് തിരിച്ചടിയായി.

എക്‌സ്ട്രാ ടൈം ഗംഭീരമാക്കി അത്‌ലറ്റികോ
നിശ്ചിത സമയത്ത് ഇരു ടീമും രണ്ട് ഗോള്‍ വീതം നേടിയതോടെ മല്‍സരം അധികസമയത്തേക്ക് നീണ്ടു. അധികസമയത്ത് അത്‌ലറ്റികോ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു. സൗള്‍ നിഗ്വോസ്, കൊക്കെ എന്നിവരാണ് അത്‌ലറ്റികോയ്ക്കു വേണ്ടി വലകുലുക്കിയത്. സൗള്‍ 98ാം മിനിറ്റിലും കൊക്കെ 104ാം മിനിറ്റിലുമാണ് അത്‌ലറ്റികോയ്ക്കു വേണ്ടി ലക്ഷ്യംകണ്ടത്.

റെക്കോഡിനരികില്‍ വീണ് റയല്‍; അത്‌ലറ്റികോയുടെ മൂന്നാം കിരീട നേട്ടം
തോല്‍വിയോടെ റയലിന് നഷ്ടമായത് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമുകളിലൊന്നാവാനുള്ള സുവര്‍ണാവസരം കൂടിയാണ്. നിലവില്‍ നാല് കിരീടങ്ങളാണ് യൂവേഫ സൂപ്പര്‍ കപ്പില്‍ റയലിന്റെ അക്കൗണ്ടിലുള്ളത്. അഞ്ച് തവണ ജേതാക്കളായ ബാഴ്‌സലോണയുടെയും എസി മിലാന്റെയും പേരിലാണ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ റെക്കോഡ്.
ഇത് മൂന്നാം തവണയാണ് അത്‌ലറ്റികോ ടൂര്‍ണമെന്റില്‍ ജേതാക്കളാവുന്നത്. 2010, 2012 വര്‍ഷങ്ങളിലായിരുന്നു ഇതിനു മുമ്പ് അത്‌ലറ്റികോയുടെ കിരീട നേട്ടം.

ഇതിഹാസങ്ങളില്ലാത്ത റയലിന്റെ പതനം
സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മുന്‍ ഇതിഹാസ താരവും സ്റ്റാര്‍ പരിശീലകനുമായ സിനദിന്‍ സിദാനും ക്ലബ്ബ് വിട്ടതിനു ശേഷം റയലിന്റെ പ്രധാന ടൂര്‍ണമെന്റായിരുന്നു ഇത്.
എന്നാല്‍, പല്ലുകൊഴീഞ്ഞ സിംഹങ്ങളായാണ് അത്‌ലറ്റികോയ്‌ക്കെതിരായ മല്‍സരശേഷം റയല്‍ കളംവിട്ടത്. റയലിന് നിരവധി കിരീട വിജയങ്ങള്‍ സമ്മാനിച്ച താരമാണ് ക്രിസ്റ്റിയാനോയും പരിശീലകന്‍ സിദാനും. കഴിഞ്ഞ സീസണിനു ശേഷമാണ് 99 മില്യണ്‍ യൂറോയ്ക്ക് ക്രിസ്റ്റിയാനോയെ ഇറ്റാലിയന്‍ ലീഗ് ചാംപ്യന്‍മാരായ യുവന്റസ് സ്വന്തമാക്കിയത്. ക്രിസ്റ്റിയാനോ ക്ലബ്ബ് വിട്ടതിനു പിന്നാലെ അപ്രതീക്ഷിതമായാണ് സിദാനും റയലിനോട് ഗുഡ്‌ബൈ പറഞ്ഞത്. സൂപ്പര്‍ കപ്പിലെ തോല്‍വി പുതിയ സീസണില്‍ റയലിനെ സമ്മര്‍ദ്ദത്തിലാക്കുമെന്ന വ്യക്തമായ മുന്നറിയിപ്പ് കൂടിയായിരുന്നു അത്‌ലറ്റികോയ്‌ക്കെതിരായ മല്‍സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications