റയല്‍ മാഡ്രിഡ് താരം മാരിയാനോ ഡയസിന് കോവിഡ്; ചാമ്പ്യന്‍സ് ലീഗിനെ ബാധിക്കില്ലെന്ന് യുവേഫ
മാഡ്രിഡ്: റയല്‍ മാഡ്രിഡ് യുവ സ്‌ട്രൈക്കര്‍ മാരിയാനോ ഡയസിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വലിയ ആശങ്കയാണുര്‍ന്നത്. ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ നടക്കാനിരിക്കെ റയല്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചത് ടൂര്‍ണമെന്റിനെ ബാധിക്കുമോയെന്നായിരുന്ന ആശങ്ക നിലനിന്നിരുന്നതെങ്കിലും ചാമ്പ്യന്‍സ് ലീഗ് മാറ്റമില്ലാതെ നടക്കുമെന്ന് യുവേഫ പ്രഖ്യാപനത്തോടെ ഇതിന് വിരാമമായിരിക്കുകയാണ്. അടുത്ത ആഴ്ചയാണ് റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള രണ്ടാം പാദ മത്സരം നടക്കേണ്ടത്.
ആദ്യ പാദത്തില്‍ സ്വന്തം തട്ടകത്തില്‍ 2-1ന് തോറ്റുനില്‍ക്കുന്ന റയലിന് രണ്ടാം പാദത്തില്‍ സിറ്റിയുടെ തട്ടകത്തില്‍ വിജയിക്കേണ്ടത് അത്യാവശ്യമാണ്. തിങ്കളാഴ്ച നടന്ന കോവിഡ് പരിശോധനയിലാണ് താരത്തിന്റെ കോവിഡ് ഫലം പോസിറ്റീവായത്. ഡയസ് പൂര്‍ണ ആരോഗ്യവാനാണെന്നും വീട്ടില്‍ സെല്‍ഫ് ഐസൊലേഷനിലാണെന്നും റയല്‍ മാഡ്രിഡ് അറിയിച്ചിട്ടുണ്ട്.

26കാരനായ ഡയസ് 2018ല്‍ ലിയോണ്‍ വിട്ടാണ് റയല്‍ മാഡ്രിഡിലെത്തിയത്. പലപ്പോഴും പകരക്കാരനായാണ് താരത്തിന് അവസരം ലഭിക്കാറ്. നേരത്തേ റയല്‍ മാഡ്രിഡിന്റെ മുന്‍ പ്രസിഡന്റ് കോവിഡ് വൈറസ് മൂലം മരണപ്പെട്ടിരുന്നു.നേരത്തെ പൗലോ ഡിബാലയടക്കം നാല് യുവന്റസ് താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഇവര്‍ രോഗമുക്തരായി തിരിച്ചെത്തി.
ഇത്തവണത്തെ ലാലിഗ കിരീടം ചൂടിയത് റയല്‍ മാഡ്രിഡായിരുന്നു. ഇടവേളയ്ക്ക് ശേഷമുള്ള മടങ്ങിവരവിലും മികച്ച പ്രകടനം കാഴ്ചവെച്ച റയല്‍ ചിരവൈരികളായ ബാഴ്‌സലോണയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കിരീടം സ്വന്തമാക്കിയത്. അവസാന ചാമ്പ്യന്‍സ് ലീഗില്‍ നിരാശപ്പെടുത്തിയ റയലിന് ഇത്തവണ തിളങ്ങേണ്ടത് അത്യാവശ്യമാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് വിട്ടത് ചാമ്പ്യന്‍സ് ലീഗില്‍ റയലിനെ ബാധിച്ചുവെന്ന അഭിപ്രായം തിരുത്താന്‍ കിരീടം ക്ലബ്ബിനും പരിശീലകന്‍ സിനദിന്‍ സിദാനും നിര്‍ണ്ണായകമാണ്.
ഡയസിന്റെ അഭാവം റയലിന്റെ മുന്നേറ്റ നിരയെ ബാധിച്ചേക്കും. കരിം ബെന്‍സേമയിലാണ് റയലിന്റെ പ്രതീക്ഷ. ഗാരത് ബെയ്‌ലിനെ സിദാന്‍ ചാമ്പ്യന്‍സ് ലിഗിലെങ്കിലും പരിഗണിക്കുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ബെയ്‌ലിനെ ലാലിഗയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്‌പെയിനില്‍ കോവിഡ് വ്യാപനം ഇപ്പോഴും ശക്തമായി തുടരുകയാണ്. നിലവില്‍ ദിനംപ്രതി രണ്ടായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നിലവില്‍ 298000 കേസുകളാണ് സ്‌പെയിനില്‍ വൈറസ് വ്യാപനം സ്ഥിരീകരിച്ചതായുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications