ലണ്ടന്‍: പോയവര്‍ഷത്തെ യുവേഫയുടെ ഏറ്റവും മികച്ച ഗോള്‍ പുരസ്‌ക്കാരത്തിനുള്ള ചുരുക്കപ്പട്ടികയായി. പ്രതീക്ഷ തെറ്റിക്കാതെ യുവന്റസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ബാഴ്‌സലോണയുടെ ലയണല്‍ മെസ്സിയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇരുവര്‍ക്കും ഭീഷണി ഉയര്‍ത്തി ചില യുവതാരങ്ങളും ഇത്തവണ പട്ടികയിലുണ്ട്.

അവസാന സീസണിലെ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ലിവര്‍പൂളിനെതിരേ നേടിയ ഫ്രീ കിക്ക് ഗോളാണ് മെസ്സിക്ക് പട്ടികയില്‍ ഇടം നല്‍കിയത്. ചാമ്പ്യന്‍സ് ലീഗില്‍ ഫൈനല്‍ ടിക്കറ്റൈടുക്കാന്‍ ബാഴ്‌സലോണയ്ക്ക് സാധിച്ചില്ലെങ്കിലും മികച്ച പ്രകടനത്തോടെ മെസ്സി ടോപ് സ്‌കോററായി.ലാ ലിഗയിലും ടോപ് സ്‌കോററായ ലയണല്‍ മെസ്സിയും ലിവര്‍പൂളിന്റെ പ്രതിരോധ താരം വാന്‍ ഡെക്കുമാണ് ഇത്തവണത്തെ ബാലന്‍ദ്യോര്‍ പുരസ്‌കാരത്തിന്റെ സാധ്യതാ പട്ടികയിലും മുന്നിട്ട് നില്‍ക്കുന്നത്.
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പുഘട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരേ ഹാഫ് വോളിയിലൂടെ നേടിയ ഗോളാണ് റൊണാള്‍ഡോയ്ക്ക് പട്ടികയില്‍ സ്ഥാനം നല്‍കിയത്. യുവന്റസിനൊപ്പമുള്ള പ്രഥമ സീസണില്‍ത്തന്നെ തിളങ്ങാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചെങ്കിലും ചാമ്പ്യന്‍സ് ലീഗ് കിരീടം എത്തിപ്പിടിയ്ക്കാനായില്ല. ഇറ്റാലിയന്‍ സീരി എയിലെ മികച്ച കളിക്കാരനുള്ള ബഹുമതി പോയ സീസണില്‍ റൊണാള്‍ഡോയ്ക്കായിരുന്നു.എന്നാല്‍ ആകെ ഗോള്‍ നേട്ടത്തില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ റോണോയ്ക്ക് സാധിച്ചില്ല. റെന്നീസ് താരം ഇസ്‌മെയ്‌ല സര്‍ ആണ് പട്ടികയില്‍ ഇടം പിടിച്ച മറ്റൊരു താരം. യൂറോപ്പാ ലീഗിന്റെ ഗ്രൂപ്പുഘട്ടത്തില്‍ ജബ്ലോനിക്കിനെതിരെ നേടിയാണ് വോളി ഗോളാണ് താരത്തിന് നേട്ടമായത്.പോര്‍ച്ചുഗലിന്റെ ഡാനിലോ,ഫ്രാന്‍സിന്റ എന്‍സോ അണ്ടര്‍ 17 താരം എന്‍സോ മിലോട്ട്,ബാഴ്‌സലോണയുടെ ഇവാന്‍ റാക്കിറ്റിച്ച്,ഡേവിഡ് ഫൗപാല,നാനി,പെഡ്രോ തുടങ്ങിയവും പട്ടികയിലുണ്ട്.