ലമേലയെ അര്‍ജന്റീനയ്ക്കു വേണം... തിരിച്ചുവിളിച്ചു, മടങ്ങിവരവ് 2 വര്‍ഷത്തിനു ശേഷം
ബ്യൂണസ് ഐറിസ്: ദേശീയ ടീമിനൊപ്പമുള്ള കരിയര്‍ അവസാനിച്ചുവെന്ന് ഭയപ്പെട്ടിരുന്ന സ്‌ട്രൈക്കര്‍ എറിക് ലമേലയ്ക്കു തികച്ചും അപ്രതീക്ഷിതമായി അര്‍ജന്റീന ടീമില്‍ നിന്നും വിളി വന്നു. ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനം ഹോട്‌സ്പറിനായി കളിക്കുന്ന ലമേല രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ദേശീയ ടീമില്‍ തിരിച്ചെത്തുന്നത് ഈ മാസം മെക്‌സിക്കോയ്‌ക്കെതിരേ നടക്കാനിരിക്കുന്ന രണ്ടു സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള ടീമില്‍ താരത്തെ കോച്ച് ലയണല്‍ സ്‌കലോനി ഉള്‍പ്പെടുത്തുകയായിരുന്നു.

2016ല്‍ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ അര്‍ജന്റീന 2-2നു വെനസ്വേലയുമായി സമനില വഴങ്ങിയ കളിയിലാണ് ലമേല അവസാനമായി ഇറങ്ങിയത്. ഇതുവരെ 23 മല്‍സരങ്ങളില്‍ അര്‍ജന്റീനയുടെ ജഴ്‌സിയണിഞ്ഞിട്ടുള്ള ലമേലയ്ക്കു മോശം ഫോമും പരിക്കുമെല്ലാം തിരിച്ചടിയാവുകയായിരുന്നു. കഴിഞ്ഞ സീസണില്‍ പരിക്കുമൂലം ടോട്ടനത്തിന്റെ ഭൂരിഭാഗം മല്‍സരങ്ങളിലും താരത്തിന് പുറത്തികിക്കേണ്ടി വന്നിരുന്നു.
ഈ സീസണില്‍ ടോട്ടനത്തിനായി നടത്തിയ മികച്ച പ്രകടനമാണ് ലമേലയുടെ മടങ്ങിവരവിനു വഴിയൊരുക്കിയത്. വിവിധ ടൂര്‍ണമെന്റുകളിലായി സ്പര്‍സിനായി 10 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ഗോളുകള്‍ താരം നേടിയിട്ടുണ്ട്. ലമേലയെക്കൂടാതെ റേസിങിന്റെ 20 കാരനായ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ മത്യാസോ സറാക്കോയെയും ഇതാദ്യമായി ടീമിലുള്‍പ്പെടുത്തി. ലോകകപ്പിനു ശേഷം ടീമില്‍ നിന്നും മാറിനില്‍ക്കുന്ന സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ഇത്തവണയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നവംബര്‍ 16നാണ് സൗഹൃദ മല്‍സരത്തില്‍ അര്‍ജന്റീന മെക്‌സിക്കോയുമായി കൊമ്പുകോര്‍ക്കുന്നത്. നാലു ദിവസങ്ങള്‍ക്കു ശേഷം ഇരുടീമും വീണ്ടും മുഖാമുഖം വരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications