Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോട്ടനം പരിശീലകന്‍ പൊച്ചെറ്റീനോയെ പുറത്താക്കി; മൗറീന്യോ പുതിയ പരിശീലകനായേക്കും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ടോട്ടനം പരിശീലകന്‍ മൗറീഷ്യോ പൊച്ചെറ്റീനോയെ പുറത്താക്കി. കഴിഞ്ഞ സീസണില്‍ ടീമിനെ ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിച്ചെങ്കിലും ഇക്കുറി മോശം പ്രകടനം നടത്തുന്നത് ആരാധകരുടെ കടുത്ത എതിര്‍പ്പിന് വഴിവെച്ചിരുന്നു. പ്രീമിയര്‍ ലീഗില്‍ 12 കളികള്‍ കഴിഞ്ഞപ്പോള്‍ 14 പോയന്റുമായി പതിനാലാം സ്ഥാനത്താണ് ടോട്ടനം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റേയും ചെല്‍സിയുടേയും മുന്‍ പരിശീലകന്‍ ഹോസെ മൗറീന്യോയാണ് അടുത്ത പരിശീലകനാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുണ്ട്. 2014ലാണ് പൊച്ചെറ്റീനോ ടോട്ടനത്തിലെത്തുന്നത്. തുടര്‍ന്നിങ്ങോട്ട് മികച്ച രീതിയില്‍ ടീമിനെ മുന്നോട്ട് നയിക്കാനായി. പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തും മൂന്നാസ്ഥാനത്തുമൊക്കെയായി ഏറ്റവും മികച്ച ടീമുകളിലൊന്നായി ടോട്ടനത്തെ മാറ്റിയെടുത്തത് പൊച്ചറ്റീനോയാണ്.

mauricio pochettino

കഴിഞ്ഞസീസണില്‍ ഈ അര്‍ജന്റീനന്‍ പരിശീലകന് കീഴില്‍ ടീം ചാമ്പ്യന്‍സ് ലീഗ് ഫൈനലിലുമെത്തി. ഫൈനലില്‍ ലിവര്‍പൂളിനെതിരെ തോറ്റെങ്കിലും പരിശീലകനെന്ന നിലയില്‍ പൊച്ചെറ്റീനോയ്ക്ക് നേട്ടമുണ്ടാക്കാനായി. എന്നാല്‍, താര കൈമാറ്റ സീസണില്‍ ടീമിന് മികവുകാട്ടാനാകാതെ പോയതോടെ ഇക്കുറി തുടക്കംമുതല്‍ കിതയ്ക്കുകയാണ്. 12 പ്രീമിയര്‍ ലീഗ് മത്സരത്തില്‍ 3 എണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരത്തില്‍ ബയേണിനെതിരെ 7-2ന്റെ തോല്‍വിയും ഏറ്റുവാങ്ങി. ഇതോടെയാണ് പരിശീലകന്റെ സ്ഥാനം തെറിക്കുന്നത്.

പൊച്ചെറ്റീനോയും പരിശീലക സംഘവും ചരിത്രത്തിന്റെ ഭാഗമായിരിക്കുമെന്ന് ടോട്ടനം മാനേജ്‌മെന്റ് അറിയിച്ചു. എക്കാലവും ഓര്‍ത്തുവെക്കാവുന്ന വിജയങ്ങള്‍ ടീമിന് നേടിക്കൊടുത്തിട്ടുണ്ട്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ മാനേജ്‌മെന്റിന് കടുത്ത തീരുമാനമെടുക്കേണ്ടിവന്നിരിക്കുകയാണ്. ബോര്‍ഡിന്റെ തീരുമാനമനുസരിച്ച് പുതിയ പരിശീലകനെ നിയമിക്കുകയും ടീമിനെ മുന്നോട്ട് നയിക്കേണ്ടതുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു.

Story first published: Wednesday, November 20, 2019, 9:45 [IST]
Other articles published on Nov 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+