നാലടിച്ച് ഗണ്ണേഴ്‌സ്, ടോട്ടനത്തിനും ജയം; ലാലിഗയില്‍ തലപ്പത്തെത്തി റയല്‍ മാഡ്രിഡ്
ലണ്ടന്‍/മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് വമ്പന്‍ ജയം. വെസ്റ്റ് ബ്രോമിനെ എതിരില്ലാത്ത നാല് ഗോളിനാണ് ഗണ്ണേഴ്‌സ് തോല്‍പ്പിച്ചത്. സന്ദര്‍ശകരായെത്തിയാണ് ആഴ്‌സണല്‍ വിജയം പിടിച്ചെടുത്തത്. ആതിഥേയരുടെ 4-4-1-1 ഫോര്‍മേഷനെ 4-2-3-1 ഫോര്‍മേഷനില്‍ നേരിട്ട ആഴ്‌സണല്‍ 23ാം മിനുട്ടില്‍ അക്കൗണ്ട് തുറന്നു. കിരന്‍ ടിര്‍നിയാണ് ഗണ്ണേഴ്‌സിനായി വലകുലുക്കിയത്. അഞ്ച് മിനുട്ടിനുള്ളില്‍ ബുക്കായോ സാക്ക ഗണ്ണേഴ്‌സിന്റെ ലീഡുയര്‍ത്തി.

60,64 മിനുട്ടുകളില്‍ അലക്‌സാന്‍ഡ്രെ ലാക്കസാറ്റെയാണ് ആഴ്‌സണലിന്റെ അവശേഷിക്കുന്ന രണ്ട് ഗോളുകള്‍ നേടിയത്. 62 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ആഴ്‌സണല്‍ 7നെതിരേ 21 ഗോള്‍ശ്രമവുമായി ആക്രമണത്തിലും മികവ് കാട്ടി. 23 പോയിന്റുള്ള ആഴ്‌സണല്‍ 11ാം സ്ഥാനത്താണ്. തരംതാഴ്ത്തല്‍ ഭീഷണി നേരിട്ട് വെസ്റ്റ് ബ്രോം 19ാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തില്‍ ലീഡ്‌സിനെ ടോട്ടനം എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. സ്വന്തം തട്ടകത്തിലാണ് സ്പര്‍സ് നിരയുടെ ജയം. ലീഡ്‌സിന്റെ 4-1-4-1 ഫോര്‍മേഷനെ 4-2-3-1 ഫോര്‍മേഷനില്‍ നേരിട്ട ടോട്ടനം 29ാം മിനുട്ടിലാണ് സ്‌കോര്‍ ബോര്‍ഡ് തുറന്നത്. പെനാല്‍റ്റി ഹാരി കെയ്ന്‍ വലയിലാക്കുകയായിരുന്നു. 43ാം മിനുട്ടില്‍ സന്‍ ഹ്യൂങ് മിന്‍ ലീഡുയര്‍ത്തി. ഹാരി കെയ്‌നിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. സന്നിന്റെ ടോട്ടനത്തിനൊപ്പമുള്ള 100ാം ഗോളായിരുന്നു ഇത്. 50ാം മിനുട്ടില്‍ ടോബി അല്‍ഡര്‍വീല്‍ഡാണ് ടോട്ടനത്തിന്റെ സ്‌കോര്‍ബോര്‍ഡ് പൂര്‍ത്തിയാക്കിയത്. ഇഞ്ചുറി ടൈമില്‍ മാറ്റ് ദോഹര്‍ട്ടിക്ക് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നു. 29 പോയിന്റുള്ള ടോട്ടനം നിലവില്‍ മൂന്നാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തില്‍ വോള്‍വ്‌സിനെ ബ്രൈറ്റന്‍ 3-3 സമനിലയില്‍ തളച്ചു. ആരോന്‍ കൊന്നോലി (13),നീല്‍ മൗപേ (46),ലെവിസ് ഡങ്ക് (70) എന്നിവര്‍ ബ്രൈറ്റനായി വലകുലുക്കിയപ്പോള്‍ റൊമെയ്ന്‍ സെയ്‌സ് (19),ഡാന്‍ ബേന്‍ (34),റൂബന്‍ നിവസ് (44) എന്നിവരാണ് വോള്‍വ്‌സിനുവേണ്ടി വലകുലുക്കിയത്. 54 ശതമാനം പന്തടക്കത്തിലും 11നെതിരേ 13 ഗോള്‍ശ്രമവുമായി ആക്രമണത്തിലും ബ്രൈറ്റനാണ് മുന്നിട്ട് നിന്നത്. വോള്‍വ്‌സ് 13ാം സ്ഥാനത്തും ബ്രൈറ്റന്‍ 17ാം സ്ഥാനത്തുമാണ്.

ലാലിഗയില്‍ സെല്‍റ്റാ വിഗോയെ വീഴ്ത്തി റയല്‍ മാഡ്രിഡ് തലപ്പത്തെത്തി. 4-1-3-2 ഫോര്‍മേഷനെ 4-3-3 ഫോര്‍മേഷനില്‍ നേരിട്ട റയല്‍ ആറാം മിനുട്ടില്‍ അക്കൗണ്ട് തുറന്നു. മാര്‍ക്കോ അസെന്‍സിയോയുടെ അസിസ്റ്റില്‍ ലൂക്കാസാണ് വലകുലുക്കിയത്. 53ാം മിനുട്ടില്‍ മാര്‍ക്കോ അസെന്‍സിയോയാണ് രണ്ടാം ഗോള്‍ നേടിയത്. 59 ശതമാനം പന്തടക്കത്തില്‍ സെല്‍റ്റോ വിഗോ മുന്നിട്ട് നിന്നപ്പോള്‍ 6നെതിരേ 9 ഗോള്‍ശ്രമവുമായി റയല്‍ മാഡ്രിഡ് ആക്രമണത്തില്‍ മികവുകാട്ടി. 36 പോയിന്റുള്ള റയല്‍ മാഡ്രിഡിന് 17 മത്സരത്തില്‍ നിന്ന് 36 പോയിന്റാണുള്ളത്. 14 മത്സരത്തില്‍ നിന്ന് 35 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. 15 മത്സരത്തില്‍ നിന്ന് 25 പോയിന്റുള്ള ബാഴ്‌സലോണ ആറാം സ്ഥാനത്താണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications