ടുറിന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ യുവെന്റസ്, നാപോളി, ഉദിനിസെ, ചീവോ ടീമുകള്‍ക്ക് മികച്ച വിജയം. ലീഗില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന യുവെന്റസ് പതിനാറാം റൗണ്ടില്‍ ടൊറിനോടെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തുരത്തി. ടൊറിനോയുടെ തട്ടകത്തില്‍ വെച്ചായിരുന്നു ഇത്. യുവെന്റസിനായി അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയിന്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ മൂന്നാം ഗോള്‍ ഇഞ്ചുറി ടൈമില്‍ യാനിച് നേടി.
കഴിഞ്ഞ വര്‍ഷം യുവെന്റസിലെത്തിയ ഹിഗ്വെയിന്റെ ഒമ്പതാം സീരി എ ലീഗ് ഗോളായിരുന്നു ടൊറിനോക്കെതിരായ രണ്ടാം ഗോള്‍.

തുടര്‍ച്ചയായ ആറാം ലീഗ് കിരീടം ലക്ഷ്യമിടുന്ന യുവെന്റസിന് ഇറ്റലിയില്‍ എതിരില്ല. പതിനാറ് മത്സരങ്ങളില്‍ നിന്ന് 39 പോയിന്റുമായി യുവെ ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള എ എസ് റോമയും എ സി മിലാനും ഏഴ് പോയിന്റ് പിറകിലാണ്.
കാഗ്‌ലിയാരിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് നാണം കെടുത്തിയാണ് നാപോളി കരുത്തറിയിച്ചത്. പതിനാറ് മത്സരങ്ങളില്‍ മുപ്പത്തൊന്ന് പോയിന്റുള്ള നാപോളി നാലാം സ്ഥാനത്താണ്.
ഗോള്‍ നില
ടൊറിനോ 1-3 യുവെന്റസ്
കാഗ്‌ലിയാരി 0-5 നാപോളി
അറ്റ്‌ലാന്റ 1-3 ഉദിനിസെ
ബൊളോഗ്ന 0-0 എംപോളി
പാലെര്‍മോ 0-2 ചീവോ