മൊണാക്കോ: തുടര്‍ച്ചയായ തോല്‍വിയെ തുടര്‍ന്ന് ഫ്രഞ്ച് ഇതിഹാസ താരം തിയറി ഹെന്റിയെ മൊണോക്കോ ഫുട്ബോള്‍ ക്ലബിന്റെ പരിശീലക സ്ഥാനത്തുനിന്നു പുറത്താക്കി. ബെല്‍ജിയം ദേശീയ ടീമിന്റെ അസിസ്റ്റന്റ് കോച്ച് ആയിരുന്ന ഹെന്റി ഇതാദ്യമായാണ് ഒരു ടീമിന്റെ മുഖ്യപരിശീലകനായത്. എന്നാല്‍, ക്ലബ്ബിന് വിജയത്തിലേക്ക് നയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി.
ഫ്രഞ്ച് ലീഗില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ടീം ഇക്കുറി തരംതാഴ്ത്തല്‍ ഭീഷണിയിലാണ്. കഴിഞ്ഞ ഒക്ടോബറിലാണ് ഹെന്റി ടീമിന്റെ പരിശീലകനാകുന്നത്. എന്നാല്‍ സ്ട്രാസ്ബര്‍ഗിനോട് 5-0 എന്ന നിലയിലും രണ്ടാം ഡിവിഷന് ടീം മെറ്റ്സിനോട് 3-1 എന്ന നിലയിലും തോറ്റതോടെ ടീം മാനേജ്മെന്റ് ഹെന്റിയെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് പാസിക്കാണ് താത്കാലിക ചുമതല.
ടീം ഇന്ത്യ ആവേശത്തില്‍... കിവികളുടെ ചിറകരിയാന്‍ പാണ്ഡ്യയുമെത്തും, രാഹുല്‍ ഇനി ഇന്ത്യ എയ്ക്കൊപ്പം
ഫ്രഞ്ച് ലീഗില്‍ ഇപ്പോള്‍ 19-ാം സ്ഥാനത്താണ് മൊണോക്കോ. 2017ല്‍ ഫ്രഞ്ച് ലീഗ് ചാമ്പ്യന്‍ഷിപ്പ് നേടിയ ടീമിനാണ് ഈ ദുരവസ്ഥ. ടീമിനെ ചാമ്പ്യന്മാരാക്കിയ കോച്ച് ലിയനാഡോ യാര്ദിമിക്ക് പകരക്കാരനായാണ് ഹെന്റി എത്തുന്നത്. പിന്നീട് 20 മത്സരങ്ങളില്‍ 4 കളികളില്‍ മാത്രമാണ് ടീമിന് ജയം നേടാനായത്. പരിശീലകന്റെ പരിചയസമ്പത്തില്ലായ്മയാണ് മുന്‍ ഫ്രഞ്ച് സ്ട്രൈക്കര്‍ക്ക് വിനയായതെന്നാണ് വിലയിരുത്തല്‍. ഹെന്റിയുടെ പുറത്താകല്‍ ടീമിനെ കൂടുതല്‍ തോല്‍വിയിലേക്ക് തള്ളിവിടുമോ എന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്.