കൂടുതല്‍ ലീഗ് ഗോള്‍ (ടോപ് 5 ലീഗുകളില്‍)
കൂടുതല്‍ ലീഗ് ഗോളുകളുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മുന്നില്‍. 440 ഗോളാണ് അദ്ദേഹം നേടിയത്. രണ്ടാം സ്ഥാനത്തുള്ള മെസ്സി രണ്ട് ഗോളിന് മാത്രം പിന്നിലാണ്. ഈ റെക്കോഡിന് ഭീഷണി ഉയര്‍ത്താന്‍ നിലവില്‍ മറ്റ് താരങ്ങളില്ല. ഈ സീസണ് അവസാനിക്കുന്നതോടെ നിലവിലെ ഫോം പ്രകാരം മെസ്സി റൊണാള്‍ഡോയെ മറികടന്നേക്കും.
ഒരു സീസണില്‍ കൂടുതല്‍ ഗോള്‍
ഒരു സീസണില്‍ കൂടുതല്‍ ഗോളെന്ന റെക്കോഡില്‍ മെസ്സിയാണ് തലപ്പത്ത്. 2011-12 സീസണില്‍ 73 ഗോളാണ് മെസ്സി നേടിയത്. റൊണാള്‍ഡോ 2014-15 സീസണില്‍ 61 ഗോളാണ് നേടിയത്. കഴിഞ്ഞ സീസണില്‍ മുഹമ്മദ് സലാഹ്, ഔബ്മെയാങ്ങ്, സാദിയോ മാനെ എന്നിവരെല്ലാം മെസ്സിയുടെ റെക്കോഡ് മറികടക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും മറികടക്കാനായില്ല.
ഒരു സീസണില്‍ കൂടുതല്‍ ലീഗ് ഗോള്‍
ഈ റെക്കോഡിലും മെസ്സിയാണ് മുന്നില്‍.2011-12 സീസണില്‍ ലാ ലിഗയില്‍ 50 ഗോളാണ് മെസ്സി അടിച്ചുകൂട്ടിയത്. രണ്ടാം സ്ഥാനത്തുള്ള റൊണാള്‍ഡോ 2014-15 സീസണില്‍ 48 ഗോളും നേടി. മൂന്ന തവണ മെസ്സി 40 ഗോളിന് മുകളില്‍ ഗോള്‍ നേടിയപ്പോള്‍ രണ്ട് തവണ റൊണാള്‍ഡോയും 40 ഗോളിന് മുകളില്‍ നേടി.
തുടര്‍ച്ചയായി സീസണില്‍ 50ന് മുകളില്‍ ഗോള്‍
ഈ റെക്കോഡില്‍ റൊണാള്‍ഡോയാണ് കേമന്‍.തുടര്‍ച്ചയായ ആറ് സീസണില്‍ റൊണാള്‍ഡോ 50ന് മുകളില്‍ ഗോള്‍ നേടിയിട്ടുണ്ട്. മെസ്സി ആറ് സീസണില്‍ 50ന് മുകളില്‍ ഗോള്‍ നേടിയിട്ടുണ്ടെങ്കിലും തുടര്‍ച്ചയായി മൂന്ന് സീസണിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇവരെക്കൂടാതെ മറ്റ് നാല് താരങ്ങള്‍ മാത്രമാണ് 50ലധികം ഗോളോടെ സീസണ് അവസാനിപ്പിച്ചിട്ടുള്ളത്.
ഒരു കലണ്ടര്‍ ഇയറില്‍ കൂടുതല്‍ ഗോള്‍
ഈ റെക്കോഡില്‍ മുന്നില്‍ മെസ്സിയാണ്. 2011ല്‍ ക്ലബ്ബിനും ദേശീയ ടീമിനും വേണ്ടി 91 ഗോളാണ് മെസ്സി അടിച്ചെടുത്തത്. 2012ല്‍ റൊണാള്‍ഡോ നേടിയ 69 ഗോളാണ് രണ്ടാമത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ അന്താരാഷ്ട്ര ഗോളെന്ന റെക്കോഡ് റോണോയുടെ പേരിലാണ്. 32 ഗോളാണ് റൊണാള്‍ഡോയുടെ റെക്കോഡ്. മെസ്സിയുടെ നേട്ടം 25 ഗോളാണ്.
കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് ഗോള്‍
ചാമ്പ്യന്‍സ് ലീഗ് റൊണാള്‍ഡോയുടെ തട്ടകമാണ്. 128 ഗോളും 39 അസിസ്റ്റുമായി റൊണാള്‍ഡോ മെസ്സിയേക്കാള്‍ മുന്നിലാണ്. മെസ്സി നേടിയത് 114 ഗോളാണ്. നോക്കൗട്ട് മത്സരങ്ങളില്‍ റൊണാള്‍ഡോ നേടിയത് 65 ഗോളാണ്.
കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് ഹാട്രിക്ക്
ഈ റെക്കോഡില്‍ മെസ്സിയും റൊണാള്‍ഡോയും തുല്യരാണ്. എട്ട് ഹാട്രിക്ക് വീതം ഇരുവരും നേടി. റയല്‍ മാഡ്രിഡിനും യുവന്റസിനുമൊപ്പമാണ് റൊണാള്‍ഡോയുടെ നേട്ടം. ചാമ്പ്യന്‍സ് ലീഗിന്റെ ഒരു സീസണിലെ കൂടുതല്‍ ഗോള്‍ എന്ന നേ്ട്ടം റൊണാള്‍ഡോയ്ക്കാണ്. 2-13-14 സീസണില്‍ 17 ഗോളാണ് അദ്ദേഹം നേടിയത്. 2011-12 സീസണില്‍ നേടിയ 14 ഗോളാണ് മെസ്സിയുടെ മികച്ച പ്രകടനം.
കൂടുതല്‍ ബാലന്‍ദ്യോര്‍
ആറ് തവണയാണ് മെസ്സി ബാലന്‍ദ്യോര്‍ പുരസ്കാരം നേടിയത്. അഞ്ച് തവണ റൊണാള്‍ഡോയും നേടി. ഈ സീസണില്‍ ലീഗുകളെല്ലാം പാതി വഴിയില്‍ തടസപ്പെട്ട സാഹചര്യത്തില്‍ ബാലന്‍ദ്യോര്‍ പുരസ്കാരം ഉണ്ടാകുമോയെന്ന് വ്യക്തമല്ല.