Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ജീവിച്ചിരിക്കുന്നതിനെ കുറിച്ച് മാത്രമായിരുന്നു എന്റെ ചിന്ത'; അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും മൈതാനത്തേക്ക്

'' ഞാന്‍ ചിന്തിച്ചു കൊണ്ടിരുന്നത് അത്രയും ജീവനോടെയിരിക്കുന്നതിനെ കുറിച്ചായിരുന്നു. അടുത്ത ദിവസത്തിലേക്ക് അതിജീവിക്കുന്നതിനെ കുറിച്ചായിരുന്നു. ഇപ്പോഴെന്താണ് സംഭവിക്കുന്നത്, എന്താണ് സംഭവിക്കാന്‍ പോകുന്നത്? അടുത്ത രാവിലെ വരെ എങ്ങനെ ജീവനോടെയിരിക്കാം? എന്നായിരുന്നു എന്റെ ചിന്തകളത്രയും'' തന്റെ കുട്ടിക്കാലത്തെ ഓര്‍ത്തെടുക്കുകയാണ് നദിയ നദീം.ഇന്ന് ഡെന്മാര്‍ക്കിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് നദിയ നദീം എന്ന 33 കാരി. യൂറോപിലെ വനിതാ ഫുട്‌ബോളിന്റെ ചരിത്രത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ഈ പേര് ഒരിക്കലും മാറ്റി വെക്കാനാകില്ല.

ഡെന്മാര്‍ക്കിനായി നൂറോളം മത്സരങ്ങള്‍ കളിച്ച, 38 ഗോളുകള്‍ നേടിയ ഫോര്‍വേഡ് താരമാണ് നദിയ. പിഎസ്ജിയുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഫ്രഞ്ച് ലീഗ് കിരീടം നേടിക്കൊടുത്ത ഉപനായിക, ഫിനിഷിംഗ് മികവിന് പേരുകേട്ട സ്‌ട്രൈക്കര്‍. ക്ലബ് ഫുട്‌ബോളില്‍ 200 ഓളം ഗോളുകള്‍. അങ്ങനെ നേട്ടങ്ങള്‍ ഒരുപാടുണ്ട് നദിയയുടെ കരിയറില്‍. 33-ാം വയസിലും നദിയ തന്റെ കുതിപ്പ് തുടരുകയാണ്. പണ്ട് അഫ്ഗാനിസ്ഥാനില്‍ നിന്നും ജീവനും കൈയ്യില്‍ പിടിച്ച് ഓടിയ അതേ വേഗതയോടെ. ഓരോ മത്സരവും നദിയയ്ക്ക് ജീവന്മരണ പോരാട്ടങ്ങളായിരുന്നു.

ഡെന്മാര്‍ക്ക്

1988 ജനുവരി 2ന് അഫ്ഗാനിസ്ഥാനിലെ ഹേറത്തിലായിരുന്നു നദിയയുടെ ജനനം. നദിയയ്ക്ക് 11 വയസുള്ളപ്പോഴായിരുന്നു അവളുടെ പിതാവിനെ താലിബാന്‍ വധിക്കുന്നത്. അഫ്ഗാന്‍ സൈന്യത്തിലെ ജനറലായിരുന്നു അദ്ദേഹം. നദിയയേയും നാല് സഹോദരിമാരേയും ചേര്‍ത്തു പിടിച്ച് അമ്മ പാക്കിസ്ഥാനത്തിലേക്ക് രക്ഷപ്പെട്ടോടി. കള്ള പാസ്‌പോര്‍ട്ടും കൊണ്ടാണ് പാക്കിസ്ഥാനിലെത്തുന്നത്. അവിടെ നിന്നും യൂറോപ്പിലേക്ക്.

ലണ്ടനിലേക്ക് വരാനായിരുന്നു പദ്ധതി. അവിടെ കുറച്ച് ബന്ധുക്കളുണ്ടായിരുന്നു. വ്യാജ പാസ്‌പോര്‍ട്ടില്‍ പാക്കിസ്ഥാനില്‍ നിന്നും ഇറ്റലിയിലെത്തി. അവിടെ നിന്നും കുടുംബം ഒരു ട്രക്കില്‍ ലണ്ടനിലേക്ക് യാത്ര തുടങ്ങി. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ട്രക്ക് ലക്ഷ്യ സ്ഥാനത്ത് എത്തി. നദിയയേയും കുടുംബത്തേയും ഇറക്കിയ ശേഷം ട്രക്ക് പാഞ്ഞു പോയി. പുറത്തിറങ്ങിയപ്പോള്‍ പന്തി കേട് തോന്നിയ അവര്‍ ഇതെവിടെയാണെന്ന് ഒരു വഴിയാത്രക്കാരനോട് ചോദിച്ചു. അപ്പോഴാണ് ആ സത്യം അവര്‍ മനസിലാക്കുന്നത്. അവര്‍ എത്തിപ്പെട്ടിരിക്കുന്നത് ലണ്ടനിനല്ല, ഡെന്മാര്‍ക്കിലാണ്. ഡെന്മാര്‍ക്ക് നദിയയുടെ വീടാവുകയായിരുന്നു.

 നാളെ നല്ലൊരു ദിവസമാകും

അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുമ്പോള്‍ ഓരോ ദിവസം എങ്ങനെ അതിജീവിക്കാം എന്നതിനെ കുറിച്ച് മാത്രമായിരുന്നു ചിന്ത എന്നാണ് നദിയ പറയുന്നത്. നാളെ നല്ലൊരു ദിവസമാകുമെന്ന പ്രതീക്ഷയില്‍ ഇന്നത്തെ ദിവസം ജീവിച്ച് തീര്‍ക്കുകയായിരുന്നു. ആ കാലത്താണ് നദിയ ഫുട്‌ബോളിനെ പരിചയപ്പെടുന്നത്. ക്യാമ്പിന് അടുത്ത് കുട്ടികളുടെ ഗ്രൗണ്ടുണ്ടായിരുന്നു. കാണാന്‍ നല്ല ചന്തം, എനിക്കും കളിക്കണം എന്ന തോന്നലാണ് നദിയയെ ഗ്രൗണ്ടിലേക്ക് എത്തിക്കുന്നത്. അന്ന് മുതല്‍ നദിയ ഫുട്‌ബോളിനെ പ്രണയിക്കുകയായിരുന്നു. ആ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആണ് നദിയയെ യൂറോപ്പിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാക്കി മാറ്റിയത്.

കുട്ടിക്കാലം

അഭയാര്‍ത്ഥി ക്യാമ്പിലെ ജീവിതത്തെ കുറിച്ച് പറയുമ്പോള്‍ നദിയ പക്ഷെ വേദനയോടെ മാത്രമല്ല സംസാരിക്കുന്നത്. തന്റെ ജീവിതത്തില്‍ ചിരിക്കാന്‍ തുടങ്ങിയ കാലമെന്നാണ് നദിയ പറയുന്നത്. അഫ്ഗാനിസ്ഥാനിലെ തന്റെ കുട്ടിക്കാലം എന്നും ഭീതി നിറഞ്ഞതായിരുന്നുവെന്നും ഡെന്മാര്‍ക്കില്‍ എത്തിയതോടെയാണ് കുട്ടിക്കാലം എന്തെന്ന് താന്‍ അറിയുന്നതെന്നാണ് നദിയ ഓര്‍ക്കുന്നത്. ഇന്ന് യുഎന്നിന്റെ അംബാസിഡറായും മറ്റും ലോകമെമ്പാടുമായി അനവധി അഭയാര്‍ത്ഥി ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് നദിയ പ്രവര്‍ത്തിക്കുന്നുണ്ട്. ക്യാമ്പുകളിലെ കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കുകയാണ് തന്റെ ലക്ഷ്യമെന്നാണ് നദിയ പറയുന്നത്.

മെഡിക്കല്‍ വിദ്യാര്‍ത്ഥി

അഭയാര്‍ത്ഥി ക്യാമ്പില്‍ പന്ത് തട്ടി തുടങ്ങിയ നദിയ പതിയെ ക്ലബ് ഫുട്‌ബോളില്‍ ശ്രദ്ധ നേടുന്നതോടെയാണ് ഡാനിഷ് നാഷണല്‍ ടീമിലേക്ക് എത്തുന്നത്. 2009 ലായിരുന്നു ആദ്യമായി ഡെന്മാര്‍ക്കിനായി കളിക്കുന്നത്. അന്നു തൊട്ട് ഡെന്മാര്‍ക്കിന്റെ ചരിത്രത്തിലെ സുപ്രധാനമായ പല വിജയങ്ങള്‍ക്കും നദിയ കാരണമായി. 2017 ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ഗോളടക്കം. ഫുട്‌ബോളില്‍ നേട്ടങ്ങള്‍ കൊയ്ത് മുന്നേറുമ്പോഴും തന്റെ ഭൂതകാലത്തെ അനുഭവങ്ങള്‍ മറന്നിരുന്നില്ല നദിയ. മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് നദിയ ഇന്ന്. ബൂട്ട് അഴിച്ചു വച്ചു കഴിഞ്ഞാല്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കണമെന്നാണ് നദിയ പറയുന്നത്.

സംഭവബഹുലമായ ജീവിതം തന്റെ ആത്മകഥയില്‍ നദിയ വിവരിക്കുന്നുണ്ട്. എങ്കിലും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയൊരു ട്വീറ്റാണ് നദിയയുടെ കഥ ഇന്ന് ലോകമെമ്പാടും ചര്‍ച്ചയാക്കി മാറ്റിയിരിക്കുന്നത്. '' 11-ാം വയസില്‍ പിതാവിനെ താലിബാന്‍ വധിച്ചു. ഡെന്‍മാര്‍ക്കിലേക്ക് രക്ഷപ്പെട്ടു. 200 ഗോളുകള്‍. ഡാനിഷ് ദേശീയ ടീമിനായി 98 മത്സരങ്ങള്‍. സര്‍ജന്‍ ആകാന്‍ പഠിക്കുന്നു. 11 ഭാഷകള്‍ സംസാരിക്കും. ഫോബ്‌സിന്റെ കരുത്തുറ്റ വനിതകളുടെ പട്ടികയില്‍ ഇടം. നിങ്ങളുടെ പെണ്‍മക്കള്‍ക്കൊരു റോള്‍ മോഡലിനെ കാണിച്ചു കൊടുക്കണമെന്നുണ്ടെങ്കില്‍ അവരെ നദിയ നദീമിനെ കാണിക്കുക''. എന്നായിരുന്നു ആ ട്വീറ്റ്.

Story first published: Friday, June 25, 2021, 23:23 [IST]
Other articles published on Jun 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+