ഭുവനേശ്വര്‍: ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെ തോല്‍പ്പിച്ച് എഫ്സി ഗോവ സൂപ്പര്‍ കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ കടന്നു. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കായിരുന്നു ഗോവയുടെ വിജയം. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊറോമിനാസ് ടീമിനായി ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍.
മികച്ച ടീമിനെ അണിനിരത്തിയാണ് ഗോവ കരുത്തരായ ചെന്നൈയെ നേരിടാനിറങ്ങിയത്. സസ്പെന്ഷന് ലഭിച്ച എഡു ബെദിയയ്ക്കു പകരം ഹ്യൂഗോ ബോമസ് ടീമിലെത്തി. അലക്സാണ്ടര്‍ ജെസുരാജ്, ചാള്‍സ് എന്നിവര്‍ ചെന്നൈ സിറ്റി ടീമിലും ഉള്‍പ്പെട്ടു. ബെംഗളുരുവിനെ ക്വാര്‍ട്ടറില്‍ കീഴടക്കിയ ചെന്നൈക്ക് പക്ഷെ, ഗോവയ്ക്കെതിരെ തിളങ്ങാനായില്ല.
ഐപിഎല്‍: പ്ലേഓഫില്‍ ആരൊക്കെ? മുന്‍ ചാംപ്യന്മാര്ക്ക് ഇടംലഭിച്ചേക്കില്ല... ഇവര്‍ ഫേവറിറ്റുകള്‍
ആദ്യപകുതിയില്‍ ടീം തീര്‍ത്തും നിറംമങ്ങി. 26, 35 മിനിറ്റുകളിലായിരുന്നു കൊറോമിനാസിന്റെ ഗോളുകള്‍. വലതുവിങ്ങര് ജാക്കി ചന്ദിന്റെ മിന്നുന്ന പ്രകടനം ഗോവയ്ക്ക് നേട്ടമായി. ഒന്നാന്തരം പാസുകളാണ് ചാക്കി ചന്ദ് ബോക്സിലേക്ക് മറിച്ചുനല്‍കിയത്. തുടരെ ആക്രമണം നടത്തിയ ഗോവയ്ക്ക് അര്‍ഹിച്ച ഫലവും കിട്ടി. രണ്ടാം പകുതിയില്‍ ചെന്നൈ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും 69-ാം മിനിറ്റില്‍ മൂന്നാമത്തെ ഗോള്‍കൂടി വീണതോടെ ടീം തോല്‍വി സമ്മതിക്കുകയായിരുന്നു. ചെന്നൈയിന് എഫ്സി അത്ലറ്റിക്കോ കൊല്‍ക്കത്ത മത്സരവിജയകളെയാകും ഗോവ ഫൈനലില്‍ നേരിടുക.