ഷില്ലോങ്: ഇതിഹാസ സ്‌ട്രൈക്കറും മുന്‍ ക്യാപ്റ്റനുമായ സുനില്‍ ഛേത്രി വിരമിക്കല്‍ പിന്‍വലിച്ച ശേഷം ഗോളുമായി മടങ്ങിയെത്തിയ പോരാട്ടത്തില്‍ ഇന്ത്യക്കു ജയം. അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ മാലദ്വീപിനെയാണ് ഇന്ത്യ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു തകര്‍ത്തുവിട്ടത്. ആദ്യ പകുതിയില്‍ 1-0നു ലീഡ് ചെയ്ത ഇന്ത്യ രണ്ടാംപകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി നേടി എതിരാളികളെ തീര്‍ക്കുകയായിരുന്നു.
34ാം മിനിറ്റില്‍ രാഹുല്‍ ഭേക്കെ, 66ാം മിനറ്റില്‍ ലിസ്റ്റണ്‍ കൊളാസോ, 76ാം മിനിറ്റില്‍ ഛേത്രി എന്നിവരുടെ ഗോളുകളാണ് ഇന്ത്യക്കു ആധികാരിക ജയം സമ്മാനിച്ചത്. ആദ്യ രണ്ടു ഗോളുകളും കോര്‍ണര്‍ കിക്കുകളില്‍ നിന്നായിരുന്നു. മൂന്നാമത്തേത് ഛേത്രിയുടെ കിടിലനൊരു ഹെഡ്ഡര്‍ ഗോളുമായിരുന്നു.
34ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കിനൊടുവില്‍ ലഭിച്ച ബോള്‍ വെടിയുണ്ട കണക്കെയുള്ള ഹെഡ്ഡറിലൂടെ വലയിലെത്തിച്ചാണ് ഭേക്കെ ടീമിന്റെ അക്കൗണ്ട് തുറന്നത്. രണ്ടാംപകുതിയിലും ആധിപത്യം തുടര്‍ന്ന ഇന്ത്യ 66ാം മിനിറ്റില്‍ കൊളാസോയിലൂടെ ഹെഡ്ഡര്‍ ഗോളില്‍ വിജയമുറപ്പിക്കുകയായിരുന്നു. കോര്‍ണറിനൊടുവില്‍ ലഭിച്ച ബോള്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കൊളാസോ അനായാസം വലയിലേക്കു വഴി തിരിച്ചുവിട്ടു.

ഛേത്രിയെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ കോച്ച് മനോലോ മാര്‍ക്വസ് പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചത്. മടങ്ങിവരവില്‍ ഗോള്‍ കുറിക്കുന്നതിനൊപ്പം ഇന്ത്യന്‍ മുന്‍നിരയില്‍ വളരെ ചടുലമായ അഗ്രസീവ് ഫുട്‌ബോളാണ് അദ്ദേഹം കാഴ്ചവച്ചത്. രണ്ടാം പകുതിയില്‍ ഛേത്രിക്കു ടീമിനായി ഗോള്‍ കുറിക്കാന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോള്‍ലൈന്‍ സേവ് അദ്ദേഹത്തിനു നേട്ടം നിഷേധിക്കുകയായിരുന്നു.
പക്ഷെ 76ാം മിനിറ്റല്‍ ഛേത്രി അര്‍ഹിച്ച ഗോള്‍ പിടിച്ചുവാങ്ങുക തന്നെ ചെയ്തു. ബോക്‌സിനുള്ളില്‍ വച്ച് ഇടതു ഭാഗത്തു നിന്നും ലിസ്റ്റണ്‍ നല്‍കിയ ബോള്‍ ഛേത്രി തല കൊണ്ട് ഫ്‌ളിക്ക് ചെയ്ത് വലയിലേക്കു വഴി തിരിച്ചുവിട്ടപ്പോള്‍ മാലദ്വീപ് ഗോള്‍കീപ്പര്‍ക്കും താരങ്ങള്‍ക്കും അമ്പരന്നു നില്‍ക്കാനേ കഴിഞ്ഞുള്ളൂ.
ഇന്ത്യന്‍ ആധിത്യം
രാജ്യം കണ്ട എക്കാലത്തെയും വലിയ ഗോളടിവീരനായ സുനില്‍ ഛേത്രിയുടെ മടങ്ങിവരവില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കളിച്ച ഇന്ത്യന്‍ ടീം ആദ്യ വിസില്‍ മുതല്‍ തന്നെ എതിരാളികള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ഏതു നിമിഷവും ഗോള്‍ നേടുമെന്ന പ്രതീതിയുണ്ടാക്കാന്‍ ഇന്ത്യന്‍ ടീമിനായിരുന്നു.
രണ്ടാം മിനിറ്റില്‍ തന്നെ ഇന്ത്യ അക്കൗണ്ട് തുറക്കേണ്ടതായിരുന്നു. ലിസ്റ്റണും ഛേത്രിയും ചേര്‍ന്നു നടത്തിയ അതിവേഗ മുന്നേറ്റം. ഇടതുവിങില്‍ നിന്നും നിന്നും ഛേത്രി ബോക്സിനു കുറുകെ ബോള്‍ ക്രോസ് ചെയ്‌തെങ്കിലും മാലദ്വീപ് ഡിഫന്‍ഡര്‍ ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചു. പക്ഷെ ഇതു സ്വന്തം ബോക്‌സിലേക്കാണ് പോയത്. ഗോള്‍ കീപ്പര്‍ ഇടതു വശത്തേക്കു ഡൈവ് ചെയ്ത് ഇതു ബ്ലോക്ക് ചെയ്യുകയായിരുന്നു.
തുടര്‍ന്നും ലീഡിനായി ഇന്ത്യന്‍ ടീം കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു. ഇരുവിങുകളിലൂടെയും ടീം ആക്രമണങ്ങളുടെ വേലിയേറ്റം തീര്‍ത്തപ്പോള്‍ അവയെ പ്രതിരോധിക്കുക മാത്രമേ മാലദ്വീപിനു ചെയ്യാനുണ്ടായിരുന്നുള്ളൂ.
ഒടുവില്‍ 34ാം മിനിറ്റില്‍ മാലദ്വീപിന്റെ പ്രതിരോധപ്പൂട്ട് പൊട്ടിച്ച് ഇന്ത്യ അക്കൗണ്ട് തുറക്കുകയും ചെയ്തു. വലതു മൂലയില്‍ നിന്നും ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസ് നല്‍കിയ കോര്‍ണര്‍ കിക്ക് മനോഹരമായ ഹെഡ്ഡറിലൂടെയാണ് ഭേക്കെ ലക്ഷ്യത്തിലെത്തിച്ചത്.
രണ്ടാംപകുതിയിലും ഇന്ത്യ
ആദ്യപകുതിയില്‍ നിര്‍ത്തിയ ഇടത്തു നിന്നാണ് രണ്ടാംപകുതിയില്‍ ഇന്ത്യ തുടങ്ങിയത്. മാലദ്വീപിനു കളിയിലേക്കു തിരികെ വരാനുള്ള ഒരവസരവും ഇന്ത്യ നല്‍കിയില്ല. 47ാം മിനിറ്റിലാണ് ഛേത്രിക്കു ഗോള്‍ നിഷേധിക്കപ്പെടുന്നത്.
വലതു മൂലയില്‍ നിന്നുള്ള ക്രോസിനൊടുവില്‍ ഛേത്രിയുടെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ ഉറപ്പായും ഗോളാവുമെന്ന് കരുതപ്പെട്ടത്. എന്നാല്‍ മാലദ്വീപ് താരം ഹംസ ഗോള്‍ലൈനില്‍ വച്ച് അതു ക്ലിയര്‍ ചെയ്യുകയായിരുന്നു. 95ാം ഗോള്‍ നിഷേധിക്കപ്പെട്ടപ്പോള്‍ ഒരു ചിരിയോടെയാണ് ഛേത്രി പ്രതികരിച്ചത്.

66ാം മിനിറ്റില്‍ ഇന്ത്യ ലീഡുയര്‍ത്തി. ഇടതു മൂലയില്‍ നിന്നുള്ള മഹേഷിന്റെ കോര്‍ണര്‍ കൊളാസോയുടെ തലയ്ക്കു പാകമായിരുന്നു. ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അദ്ദേഹം അല്‍പ്പമൊന്നു പിറകിലേക്കാഞ്ഞ ശേഷം ഹെഡ്ഡറിലൂടെ അതു വലയ്ക്കുള്ളിലാക്കി. ദേശീയ ടീമിനായി കൊളാസോയുടെ കന്നി ഗോളായിരുന്നു ഇത്.
അതിനു ശേഷമായിരുന്നു രണ്ടാംവരവിലുള്ള ചേത്രിയുടെ ആദ്യ ഗോള്‍. വലതു മൂലയിലൂടെ പറന്നെത്തിയ മഹേഷ് ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് ആരും കണക്ട് ചെയ്തില്ല. തുടര്‍ന്നാണ് ഇതു കൊളാസോയുടെ കാലിലേക്കു വന്നത്. അദ്ദേഹം അതു ബോക്‌സിനു കുറുകെ ചെത്തിയിട്ടപ്പോള്‍ ഛേത്രി മനോഹമായ ഫ്‌ളിക്കിങ് ഹെഡ്ഡറിലൂടെ വല കുലുക്കുകയും ചെയ്തു.