ന്യൂഡല്‍ഹി: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, ക്ലിന്റ് ഡെംസി, വെയിന്‍ റൂണി, സുനില്‍ ഛേത്രി! ദേ അറ്റത്ത് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്റെ പേര്. ലോകഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സൂപ്പര്‍ താരത്തിനെന്ത് കാര്യം എന്ന് ചിന്തിക്കുന്നുണ്ടാകും.
മ്യാന്‍മറില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ചരിത്രപ്രധാന വിജയം കൈവരിച്ച ദിവസം സുനില്‍ ഛേത്രി ലോകഫുട്‌ബോളില്‍ മറ്റൊരു തലത്തിലേക്കുയര്‍ന്നുവെന്നറിയുക. എ എഫ് സി കപ്പ് ക്വാളിഫൈയറില്‍ മ്യാന്‍മറിനെതിരെ ഛേത്രി അവസാന മിനുട്ടില്‍ നേടിയ ഗോള്‍ രാജ്യാന്തര കരിയറില്‍ അമ്പത്തിമൂന്നാമത്തേതായിരുന്നു. അതോടെ ഇംഗ്ലണ്ടിന്റെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം വെയിന്‍ റൂണിക്കൊപ്പമെത്തി ഛേത്രിയുടെ ഗോളടി റെക്കോര്‍ഡ്.

ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമാണ് ഛേത്രി. സജീവമായി രാജ്യാന്തര ഫുട്‌ബോളില്‍ തുടരുന്നവരില്‍ ഛേത്രിക്ക് മുന്നിലുള്ളത് ക്ലിന്റ് ഡെംസിയും ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മാത്രം.യു എസ് എ ക്ക് വേണ്ടി 56 ഗോളുകള്‍ നേടിയ ക്ലിന്റ് ഡെംസിയെ മറികടക്കാന്‍ ഛേത്രിക്ക് കൂടുതല്‍ മത്സരം വേണ്ടി വരില്ല. അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസിയുടെ എക്കൗണ്ടില്‍ 58 ഗോളുകളാണുള്ളത്. അഞ്ച് ഗോളുകളുടെ അകലം മാത്രമാണ് ഛേത്രിക്ക് ലോകഫുട്‌ബോളിനെ കാല്‍ക്കീഴിലാക്കി കുതിക്കുന്ന ഇതിഹാസ താരത്തിലേക്കുള്ളത്.
എന്നാല്‍, പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഏറെ മുന്നിലാണ്. 71 ഗോളുകളാണ് റൊണാള്‍ഡോ ഇതിനകം നേടിയിട്ടുള്ളത്. ക്രിസ്റ്റ്യാനോയിലേക്ക് അത്ര എളുപ്പമല്ല ഛേത്രിക്ക്. ലോകഫുട്‌ബോളിലെ സൂപ്പര്‍ താര നിരക്കൊപ്പം സുനില്‍ ഛേത്രിയുടെ പേര് കാണുന്നത് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് കുറച്ചൊന്നുമല്ല സന്തോഷം പകരുന്നത്. മെസിയുടെ ഗോള്‍ റെക്കോര്‍ഡ് ഛേത്രി മറികടക്കുന്ന ദിവസം ഒന്നാലോചിച്ചു നോക്കൂ ! മെസിയെയും മറികടന്ന് ഛേത്രി എന്ന വെണ്ടക്ക നിരത്താം..!!