സനിമയില്‍ അഭിനയിക്കാന്‍ മാത്രമല്ല, ബിസിനസിലും ക്രിക്കറ്റിലുമെല്ലാം തനിയ്ക്ക് താല്‍പര്യമുണ്ടെന്ന് ബോളിവുഡ് ബാദ്ഷ ഷാരൂഖ് ഖാന്‍ നേരത്തേ തന്നെ തെളിയിച്ചതാണ്. ബോളിവുഡില്‍ സൂപ്പര്‍താരമായി ഉയരുന്നതിനൊപ്പം തന്നെ സ്വന്തമായി ഒരു നിര്‍മ്മാണ കമ്പനി ഷാരൂഖ് തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഐപിഎല്‍ വന്നപ്പോള്‍ ക്രിക്കറ്റ് നല്‍കുന്ന ബിസിനസ് സാധ്യതകളിലും അരക്കൈ നോക്കാനായി ഷാരൂഖ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്.
ഇപ്പോഴിതാ ഫുട്‌ബോള്‍ രംഗത്തും കിങ് ഖാന്‍ സ്വന്തം മുദ്ര പതിപ്പിക്കാന്‍ പോവുകയാണ്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുതിയതായി രൂപം നല്‍കിയിരിക്കുന്ന ഐഎംജി റിലയന്‍സ് ലീഗില്‍ ഷാരൂഖും കണ്ണുവച്ചിരിക്കുകയാണ്. കൊല്‍ക്കത്തയുടെ ഫുട്‌ബോള്‍ ടീമിന്റെ സ്വന്തമാക്കാനാണ് ഷാരൂഖ് ശ്രമിക്കുന്നത്.
ഷാരൂഖ് തന്നെയാണ് ഒരു അഭിമുഖത്തില്‍ താന്‍ ഫുട്‌ബോള്‍ ടീമിനെ സ്വന്തമാക്കാന്‍ തീരുമാനിച്ചകാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഡെംപോ ടീമിനെ വാങ്ങാന്‍ തനിയ്ക്കു പദ്ധതിയുണ്ടായിരുന്നുവെന്ന് പറഞ്ഞ ഷാരൂഖ് ഇപ്പോള്‍ പുതിയതായി തുടങ്ങുന്ന ലീഗിലെ ഒരു ടീമിനെ സ്വന്തമാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഐപിഎലിന്റെ കഴിഞ്ഞതിന് മുമ്പത്തെ സീസണില്‍ സ്റ്റേഡിയത്തില്‍വച്ച് സെക്യൂരിറ്റി ഗാര്‍ഡുകളോട് അപമര്യാദയായി പെരുമാറിയെന്നതിന്റെ പേരില്‍ ഷാരൂഖ് പുലിവാല് പിടിച്ചിരുന്നു. സ്റ്റേഡിയത്തില്‍ ഇരുന്ന് പുകവലിച്ചതിന്റെ പേരിലും താരം വിവാദത്തിലായി. ഇനി ഫുട്‌ബോള്‍ ടീം കൂടി സ്വന്തമാക്കുന്നതോടെ ഷാരൂഖ് എന്തൊക്കെയാണ് കാട്ടിക്കൂട്ടാന്‍ പോകുന്നതെന്ന് കണ്ടുതന്നെ അറിയണം.