
23ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ റൊമുലോയിലൂടെ ബ്രസീലാണ് ലീഡ് നേടിയത്. നെയ്മറുടെ ഫ്രീകിക്കില്‍ നിന്നും ഷോര്‍ട്ട് റേഞ്ച് ഷോട്ടിലൂടെയായിരുന്നു ഗോള്‍. 31ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ആദ്യ ഗോള്‍. വേഗതയും സാങ്കേതികമായ തികവും ഒത്തിണങ്ങിയ മെസ്സിയുടെ മുന്നേറ്റത്തിന് തടയിടാന്‍ വിഖ്യാതമായ മഞ്ഞപ്പട നന്നേ വിയര്‍പ്പൊഴുക്കി. സാന്‍ഡ്രോയില്‍ നിന്നും പന്ത് തട്ടിയെടുത്ത ഗോണ്‍സാലോ ഹിഗ്വെയ്‌നാണ് ആദ്യ ഗോളിന് തുടക്കം കുറിച്ചത്. മിഡ്ഫീല്‍ഡിനടുത്തു നിന്നു ലഭിച്ച പന്തുമായി മുന്നേറിയ മെസ്സി പ്രതിരോധനിരയിലെ ബ്രൂണോ യുവിനിയെയും യുവാനെയും മറികടന്ന് പതിനഞ്ച് മീറ്റര്‍ അകലെ വെച്ച് പോസ്റ്റിലേക്ക് ഷോട്ടുതിര്‍ക്കുകയായിരുന്നു. റാഫേലിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സ്‌കോര്‍: 1-0.
മൂന്നു മിനിറ്റിനുള്ളില്‍ തന്നെ മെസ്സി രണ്ടാമതും വലകുലുക്കി. എയ്ഞ്ചല്‍ ഡി മാരിയക്കൊപ്പം മുന്നേറിയ മെസ്സി ഇത്തവണ ഗോള്‍കീപ്പറെയും വട്ടംചുറ്റി വെറും പത്തുമീറ്റര്‍ അകലെ നിന്നും പന്ത് പോസ്റ്റിലേക്ക് പായിച്ചു. ന്യൂ ജഴ്‌സി സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ 81994 പേരെയും ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച സൂപ്പര്‍ ഗോളായിരുന്നു അത്. 56ാം മിനിറ്റില്‍ ഓസ്‌കാറും 72ാം മിനിറ്റില്‍ ഹള്‍ക്കും ബ്രസീലിനുവേണ്ടി ഗോളുകള്‍ തിരിച്ചടിച്ചു. സബ്‌സ്റ്റിറ്റിയൂട്ടായി കളത്തിലെത്തിയ സെര്‍ജിയോ അഗ്വേറോയെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നും ഫ്രെഡെറികോ ഫെര്‍ണാണ്ടസ് അര്‍ജന്റീനയ്ക്കുവേണ്ടി സമനില ഗോള്‍ നേടി.
ഫുട്‌ബോള്‍ ലോകം എന്നും സ്മരിക്കുന്ന മെസ്സിയുടെ ഹാട്രിക് ഗോളും വിജയഗോളും പിറന്നത് 85ാം മിനിറ്റിലായിരുന്നു. മൈതാനത്തിന്റെ ഏകദേശം മധ്യഭാഗത്തുനിന്നും പന്ത് സ്വീകരിച്ച മെസ്സി മാഴ്‌സെലോയെ ഡ്രിബിള്‍ ചെയ്തു ഗോള്‍ മുഖം ലക്ഷ്യമാക്കി മുന്നേറാന്‍ തുടങ്ങി. മഞ്ഞപ്പടയുടെ പ്രതിരോധഭടന്മാര്‍ പിടിച്ചുനിര്‍ത്താനായി പല അടവുകളും പയറ്റി. ഒടുവില്‍ യുവാന്റെ മുന്നിലെത്തി. പന്ത് ഒന്നു മുന്നോട്ടു തട്ടി 23 മീറ്റര്‍ അകലെ നിന്നും മെസ്സി തൊടുത്ത നെടുനീളന്‍ ബനാന കിക്ക് ക്രോസ് ബാറിനു തൊട്ടുതാഴെ കൂടെ പോസ്റ്റിലേക്ക് ഊര്‍ന്നിറങ്ങുകയായിരുന്നു. സ്‌കോര്‍: 4-3.
കഴിഞ്ഞ വര്‍ഷം ഇതേ സ്‌റ്റേഡിയത്തില്‍ അമേരിക്കയുമായി അര്‍ജന്റീന സൗഹൃദമല്‍സരം കളിച്ചിരുന്നെങ്കിലും 1-1നു സമനിലയിലാവുകയായിരുന്നു.