വാഷിങ്ടണ്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും സ്പാനിഷ് ജേതാക്കളായ ബാഴ്‌സലോണയും ശനിയാഴ്ച നേര്‍ക്കുനേര്‍. രാത്രി ഏഴു മണിക്ക് അമേരിക്കയിലെ ഫെഡെക്‌സ് സ്റ്റേഡിയമാണ് യൂറോപ്യന്‍ ചാംപ്യന്‍സ് ലീഗിന്റെ റീപ്ലേക്ക് വേദിയാവുന്നത്. യൂറോപ്യന്‍ ലീഗില്‍ ബാഴ്‌സലോണ 3-1ന് മാഞ്ചസ്റ്ററിനെ കീഴടക്കിയിരുന്നു.
അമേരിക്ക പര്യടനത്തിനിടെ പങ്കെടുത്ത നാലു മല്‍സരങ്ങളിലും മാഞ്ചസ്റ്റര്‍ വിജയിച്ചിരുന്നു. ചാംപ്യന്‍സ് ലീഗിലെ തോല്‍വിക്കു പകരം ചോദിക്കാനുള്ള സുവര്‍ണാവസരമായാണ് അലെക്‌സ് ഫെര്‍ഗൂസന്റെ ശിഷ്യന്മാര്‍ ഈ മല്‍സരത്തെ കാണുന്നത്. അതേ സമയം ഒരിക്കല്‍ കൂടി മാഞ്ചസ്റ്ററിനെ മുട്ടുകുത്തിച്ച് യൂറോപ്പിന്റെ രാജാക്കന്മാര്‍ ഞങ്ങള്‍ തന്നെയാണെന്ന് പ്രഖ്യാപിയ്ക്കാനാണ് ബാഴ്‌സയുടെ ശ്രമം.
മാഞ്ചസ്റ്റര്‍ നിരയില്‍ പരിക്കേറ്റ ജാവിയര്‍ ഹെര്‍ണാണ്ടസ് കളത്തിലിറങ്ങാന്‍ സാധ്യതയില്ല. ബാഴ്‌സയില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി, ബ്രസീലിയന്‍ താരം ഡാനിയേല്‍ ആല്‍വസ്, ചിലി സ്‌ട്രൈക്കര്‍ അലക്‌സിസ് സാഞ്ചസ്, ജാവിയര്‍ മസ്‌കെരാനോ എന്നിവരുടെ അഭാവം പ്രകടമാവും.