ബൊഗോട്ട: ഫിഫ അണ്ടര്‍ 20 ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ ശനിയാഴ്ച ആരംഭിക്കും. ആറുതവണ ചാംപ്യന്‍മാരായ അര്‍ജന്റീന പോര്‍ച്ചുഗലുമായും കൊളംബിയ മെക്‌സിക്കോയുമായും ബ്രസീല്‍ സ്‌പെയിനുമായും ഫ്രാന്‍സ് നൈജീരിയയുമായും അവസാന നാലു സ്ഥാനത്തിനു വേണ്ടി പോരാട്ടത്തിനിറങ്ങും.
പ്രിക്വാര്‍ട്ടറില്‍ ഫ്രാന്‍സ് ഇക്വഡോറിനെ 1-0നു തോല്‍പ്പിച്ചപ്പോള്‍ നൈജീരിയ ഇംഗ്ലണ്ടിനെ 1-0നു കീഴടക്കി. ഗ്വാട്ടിമലയെ ഏകപക്ഷീയമായ ഒരു ഗോളിനു മുട്ടുകുത്തിച്ചാണ് പോര്‍ച്ചുഗലിന്റെ വരവ്. ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാത്ത അര്‍ജന്റീന 2-1ന് ഈജിപ്തിനെയാണ് തറപറ്റിച്ചത്.
അവസാന പതിനാറില്‍ സൗദി അറേബ്യയായിരുന്നു ബ്രസീലിന്റെ എതിരാളി. എതിരില്ലാത്ത മൂന്നു ഗോളുകളാണ് മഞ്ഞപ്പട പോസ്റ്റില്‍ അടിച്ചുകയറ്റിയത്. വീറും വാശിയും നിറഞ്ഞ, പെനല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് സ്‌പെയിനിനിന് ഏഷ്യയില്‍ നിന്നുള്ള കൊറിയയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത്.