
ജര്‍മ്മന്‍ കരുത്തിന് മുന്നില്‍ പ്രതികരിക്കാന്‍ പോലുമാകാതെ അര്‍ജന്റീന ടീം മടങ്ങി.മറഡോണയുടെ വിശ്വാസങ്ങളെല്ലാം തെറ്റിയ മത്സരത്തില്‍ അര്‍ജന്റീനയുടെ സ്വപ്‌നങ്ങള്‍ എരിഞ്ഞമര്‍ന്നു.
നൂറാം രാജ്യാന്തര മത്സരത്തിനിറങ്ങിയ മിറാസ്ലോവ് ക്ലോസിന്റെ ഇരട്ട ഗോളുകളും തോമസ് മുള്ളര്‍, ആര്‍ണി ഫെഡ്രിച്ച് എന്നിവരുടെ മിന്നുന്ന ഫിനിഷിംഗുകളുമാണ് ജര്‍മനിയെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിച്ചത്.
ആക്രമിച്ച് പ്രതിരോധിക്കുകയെന്ന മറഡോണയുടെ ലാറ്റിനമേരിക്കന്‍ തന്ത്രം അടിതെറ്റിപ്പോയ മത്സരത്തില്‍ ജര്‍മനി ഗോളടിച്ചു കൂട്ടുന്നത് കണ്ടുനില്‍ക്കാനേ മെസ്സിയ്ക്കും കൂട്ടര്‍ക്കും കഴിഞ്ഞുള്ളു. ഉരുക്കു കോട്ടപോലെ നിന്ന ജര്‍മന്‍ പ്രതിരോധം ഒരു തവണ ഒന്ന് ഉലയ്ക്കാന്‍ പോലും അവര്‍ക്കായില്ല.
മൂന്നാം മിനിറ്റില്‍ ബാസ്റ്റിന്‍ ഷൈ്വന്‍സ്റ്റിഗറുടെ ഫ്രീകിക്കിന് തോമസ് മുള്ളര്‍ തലവച്ച നിമിഷം മുതല്‍ 89ാം മിനിറ്റില്‍ മിറാസ്ലോവ് ക്ലോസ് അവസാന ആണിയടിക്കുംവരെ അര്‍ജന്റീനയ്ക്ക് അനങ്ങാന്‍ കഴിഞ്ഞില്ല.
ആദ്യ പകുതിയില്‍ കാര്‍ലോസ് ടെവസിന്റെ പാസില്‍ നിന്ന് ഗോണ്‍സാലോ ഹിഗ്വെയ്ന്‍ ജര്‍മന്‍ വലചലിപ്പിച്ചതാണ് അവരുടെ ഏകനേട്ടം. എന്നാല്‍ ആ പന്ത് റഫറിയുടെ ഓഫ്‌സൈഡ് കൊടിയില്‍ കുരുങ്ങിപ്പോകുകയും ചെയ്തു.
ജര്‍മ്മന്‍ പത സ്വന്തം വല ചലിപ്പിച്ചപ്പോള്‍ ഉണര്‍ന്നെങ്കിലും അര്‍ജന്റീന പ്രതിരോധം മറന്നദിവസമായിരുന്നു ശനിയാഴ്ച ആക്രമണത്തില്‍ പിഴച്ചുപോയി. സ്റ്റാര്‍ സ്‌െ്രെടക്കര്‍ ലയണല്‍ മെസി ഭേദപ്പെട്ട ഫോമിലായിരുന്നെങ്കിലും പെനാല്‍റ്റി ഏരിയയുടെ ഏഴയലത്ത് ജര്‍മന്‍ താരങ്ങള്‍ അടുപ്പിച്ചില്ല.
ഒരു ഗോള്‍ ലീഡില്‍ പിരിഞ്ഞ ഇടവേളയ്ക്കു ശേഷം 67ാം മിനിറ്റില്‍ ക്ലോസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. ഗോള്‍ മുഖത്തിന് ആറുവാര അകലെ നിന്ന ക്ലോസ് തൊടുത്ത ഷോട്ട് റൊമേറോയെ മറികടന്നു വലിയില്‍ പതിച്ചതോടെ അര്‍ജന്റീനയുടെ വിധിയെഴുതപ്പെട്ടിരുന്നു.
രണ്ടു ഗോള്‍ ലീഡ് നേടിയതോടെ ജര്‍മന്‍ ആക്രമണങ്ങളുടെ വീര്യം കൂടി. ജര്‍മനിയുടെ യുവതാരങ്ങളുടെ വേഗത്തിനൊപ്പം അര്‍ജന്റീന പ്രതിരോധത്തിന് ഓടിനില്‍ക്കാന്‍ കഴിയാതെ പോയപ്പോള്‍ ഏതുനിമിഷവും ഗോള്‍ വീഴാമെന്ന നിലയിലായിരുന്നു മത്സരം. 74ാം മിനിറ്റില്‍ മൂന്നാം ഗോളും വന്നു.
പന്തുമായി അര്‍ജന്റൈന്‍ ഡിഫന്‍ഡര്‍മാരെ വട്ടംകറക്കിയ ഷ്വന്‍സ്റ്റിഗര്‍ പിന്നിലേക്ക് തള്ളിക്കൊടുത്ത പന്ത് ഫ്രഡിച്ച് ഗോളാക്കിമാറ്റുകയായിരുന്നു. കളി തീരാന്‍ ഒരു മിനിട്ടുമാത്രം ശേഷിക്കെ ആയിരുന്നു ജര്‍മ്മനിയുടെ നാലാം ഗോള്‍ പിറന്നത്. മൈതാനത്തിന്റെ ഇടതു പാര്‍ശ്വത്തിലൂടെ പന്തുമായി പറന്ന മെസ്യൂട്ട് ഓസില്‍ നല്‍കിയ ക്ലോസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലകുലുക്കുമ്പോള്‍ അര്‍ജന്റീനയുടെ പതനം പൂര്‍ണമായിക്കഴിഞ്ഞിരുന്നു.
ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കെതിരായ ആറു മല്‍സരങ്ങളില്‍ ജര്‍മനിയുടെ നാലാം ജയമാണിത്. കഴിഞ്ഞ തവണ ജര്‍മനിയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോഴും ജയം ജര്‍മനിക്കായിരുന്നു. അന്നു ഷൂട്ടൌട്ട് വരെ അര്‍ജന്റീന പിടിച്ചുനിന്നിരുന്നു.