റിയോ ഡി ജനീറോ: 2013ലെ കോണ്‍ഫെഡറേഷന്‍ കപ്പ് മല്‍സരങ്ങള്‍ ബ്രസീലില്‍ നടക്കുമെന്ന് ഫിഫ അറിയിച്ചു. 2014ലെ ലോകകപ്പിന് തൊട്ടുമുമ്പെത്തുന്നതിനാല്‍ കോണ്‍ഫെഡറേഷന്‍ കപ്പിന് മിക്ക രാജ്യങ്ങളും വലിയ പ്രാധാന്യം നല്‍കുമെന്ന കാര്യം തീര്‍ച്ചയാണ്.
ബെലോ ഹോരിസോന്റെ, ഫോര്‍ട്ടാലെസാ, റെസിഫെ, റിയോ ഡി ജനീറോ, സാല്‍വഡോര്‍ നഗരങ്ങളിലായാണ് മല്‍സരങ്ങള്‍ നടക്കുക. 2014 ലോകകപ്പിന്റെ ഉദ്ഘാടന വേദി സാവോപോളയിലുള്ള കൊരിന്തിയന്‍സിന്റെ സ്‌റ്റേഡിയമാവുമെന്നും ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഷ്യയില്‍ നിന്ന് ജപ്പാന്‍ യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. കോണ്‍കാകാഫില്‍ നിന്നും യോഗ്യത നേടിയ ടീം മെക്‌സിക്കോയാണ്.
കോപ അമേരിക്ക ചാംപ്യന്‍മാരെന്ന നിലയില്‍ ഉറുഗ്വേയ്ക്കും സ്ഥാനം കിട്ടും. ലോകചാംപ്യന്മാരായ സ്‌പെയിനും ആതിഥേയരായ ബ്രസീലും സ്വാഭാവികമായും ഇടം കണ്ടെത്തും. ആഫ്രിക്ക, യൂറോപ്പ് വന്‍കരകളെ പ്രതിനിധീകരിക്കുന്നവരെ കണ്ടെത്താനിരിക്കുന്നതേയുള്ളൂ.
2009ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന മല്‍സരത്തില്‍ ബ്രസീല്‍ ചാംപ്യന്മാരായി. അമേരിക്കയായിരുന്നു റണ്ണറപ്പ്.
2005ല്‍ ജര്‍മനിയിലും കിരീടം മഞ്ഞപ്പടയ്ക്കായിരുന്നു. അന്ന് ചിരവൈരികളായ അര്‍ജന്റീനയാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഇതിനു തൊട്ടുമുമ്പുള്ള എഡിഷനുകളില്‍ ഫ്രാന്‍സായിരുന്നു ഒന്നാം സ്ഥാനത്ത്.