
മൂന്നു ഗോളുകളുമായി ടൂര്‍ണമെന്റിന്റെ ടോപ്‌സ്‌കോറര്‍ പദവിയിലുള്ള ക്രിസ്റ്റ്യാനോയാണ് ടീമിന്റെ അവസാന രണ്ടു മല്‍സരങ്ങളിലും ഗോള്‍ നേടിയത്. ഹോളണ്ടിനെതിരായ ഗ്രൂപ്പ് മല്‍സരത്തില്‍ ടീമിന്റെ രണ്ടു ഗോളുകളും ക്രിസ്റ്റിയാനോയുടെ വകയായിരുന്നു. ക്വാര്‍ട്ടറില്‍ ചെക്കിനെതിരേ ടീമിന്റെ വിജയഗോള്‍ നേടിയ സ്‌ട്രൈക്കര്‍ കരുത്തു തെളിയിച്ചു.
ഗ്രൂപ്പ് സിയില്‍ കരുത്തരായ ഇറ്റലിയുമായി 1-1ന്റെ സമനിലയോടെയാണ് സ്‌പെയിന്‍ അരങ്ങേറിയത്. രണ്ടാമത്തെ കളിയില്‍ അയര്‍ലന്‍ഡിനെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് തകര്‍ത്തത്.. അവസാന മത്സരത്തില്‍ ക്രൊയേഷ്യയുമായി ഇഞ്ചോടിഞ്ച് പൊരുതിയ ശേഷം സ്‌പെയിന്‍ 1-0ന്റെ ജയത്തോടെ ഗ്രൂപ്പ് ജേതാക്കളായി. ക്വാര്‍ട്ടര്‍ ഫൈനലിലാണ് സ്‌പെയിന്‍ ടൂര്‍ണമെന്റില്‍ തങ്ങളുടെ ഏറ്റവും മികച്ച കളി കെട്ടഴിച്ചത്. കിരീട ഫേവറിറ്റുകളും മുന്‍ ജേതാക്കളുമായ ഫ്രാന്‍സിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു തകര്‍ത്ത് സ്‌പെയിന്‍ ആധികാരികമായിത്തന്നെ സെമിയില്‍ കടന്നു.
ക്രിസ്റ്റിയാനോയെ തളയ്ക്കുകയാവും സ്‌പെയിനിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. നായകനെ പിടിച്ചുകെട്ടാനായാല്‍ പോര്‍ച്ചുഗലിന്റെ ശക്തി കുറയുമെന്ന കാര്യം ഉറപ്പാണ്.. പരിക്കിനെത്തുടര്‍ന്ന് സ്‌ട്രൈക്കര്‍ ഹെല്‍ഡര്‍ പോസ്റ്റിഗയുടെ സേവനം ഇന്നു പോര്‍ച്ചുഗലിനു ലഭിക്കില്ല. പകരക്കാരനായി ഹ്യുഗോ അല്‍മെയ്ഡ, നെല്‍സന്‍ ഒലിവെയ്‌റ എന്നിവരിലൊരാളെ പരീക്ഷിക്കാനാണ് സാധ്യത.
2010ലെ സൗഹൃദമല്‍സരത്തില്‍ അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ പോര്‍ച്ചുഗല്‍ 4-0ന് സ്‌പെയിനിനെ തകര്‍ത്തിരുന്നു. ഇരുടീമും ഇതുവരെ 34 കളികളില്‍ മാറ്റുരച്ചപ്പോള്‍ 16ലും ജയം സ്‌പെയിനിനായിരുന്നു. ആറു മല്‍സരങ്ങളില്‍ പോര്‍ച്ചുഗല്‍ ജയം നേടി. 12 കളികള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. ഇത്തവണത്തെ യൂറോയിലെ ഏറ്റവും മികച്ച പ്രതിരോധനിര സ്‌പെയിനിന്റേതാണ്. നാലു കളികളില്‍ ഒരു ഗോള്‍ മാത്രമേ ചാംപ്യന്മാര്‍ വഴങ്ങിയിട്ടുള്ളൂ.