ഡൊണെക്‌സ്: യൂറോ 2012ലെ ഗ്രൂപ്പ്ഡി മത്സരത്തില്‍ ഇംഗ്ലണ്ടും മുന്‍ ചാംപ്യന്മാരായ ഫ്രാന്‍സും നേര്‍ക്കുനേരെത്തുന്നു. രാത്രി 9.30ന് ഡൊണെസ്‌കിലെ ഡോണ്‍ബസ് അരീനയില്‍ ആരംഭിക്കുന്ന മത്സരം നിയോ പ്രൈം ചാനല്‍ തദ്‌സമയം സംപ്രേഷണം ചെയ്യും. കിവിലെ ഒളിംപിസ്‌കി നാഷനല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ആതിഥേയരായ ഉക്രെയ്‌നും സ്വീഡനും ഏറ്റുമുട്ടും.

പരിക്കാണ് ഇംഗ്ലണ്ടിനെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം. മികച്ച ഫോമിലുള്ള ഫ്രാന്‍സിനെ പിടിച്ചുകെട്ടണമെങ്കില്‍ ഇംഗ്ലണ്ട് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. കാലിനു പരിക്കേറ്റ യാന്‍ എംവില്ല ഒഴികെ ബാക്കിയുള്ള ഫ്രാന്‍സ് താരങ്ങളെല്ലാം തന്നെ മികച്ച ഫോമിലാണെന്നതും ഇംഗ്ലണ്ടിനു വെല്ലുവിളിയാണ്.
പരിചയ സമ്പത്തിനും യുവനിരയ്ക്കും തുല്യപ്രാധാന്യം നല്‍കിയാണ് മുന്‍ ചാംപ്യന്മാര്‍ കളത്തിലിറങ്ങുന്നത്. സ്‌ട്രൈക്കര്‍ കരീം ബെന്‍സെമയായിരിക്കും ഫ്രാന്‍സ് ആക്രമണത്തിന്റെ കുന്തമുന. യോഗ്യതാ റൗണ്ടില്‍ ചുവപ്പ് കാര്‍ഡ് കണ്ട വെയ്ന്‍ റൂണിയുടെ അഭാവമാണ് ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതല്‍ ടെന്‍ഷനടിപ്പിക്കുന്നത്. രണ്ടു മത്സരങ്ങള്‍ക്കു ശേഷം മാത്രമേ റൂണിക്ക് കളിക്കാനാകൂ.
1984, 2000 വര്‍ഷങ്ങളില്‍ ഫ്രാന്‍സ് യൂറോ കപ്പില്‍ ജേതാക്കളായിട്ടണ്ട്. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ കളിച്ച രണ്ടു താരങ്ങള്‍ ഫ്രാന്‍സിനുവേണ്ടി കളത്തിലിറങ്ങുന്നുണ്ട്. യൂറോ കപ്പില്‍ ഇംഗ്ലണ്ട് മൂന്നു തവണ മാത്രമേ ഗ്രൂപ്പ് തലം കടന്നിട്ടുള്ളൂ. 2004ലെ യൂറോ കപ്പിന്റെ ഗ്രൂപ്പുഘട്ടത്തില്‍ ഫ്രാന്‍സ് 2-1ന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു. ഫ്രാന്‍സിനെതിരേ 16 ജയം, എട്ടു തോല്‍വി, എട്ടു സമനില എന്നിങ്ങനെയാണ് ഇതുവരെയുള്ള ഇംഗ്ലണ്ടിന്റെ പ്രകടനം.
സ്വന്തം ഗ്രൗണ്ടില്‍ മത്സരം നടക്കുന്നുവെന്നതാണ് ഉക്രെയ്‌നെ സംബന്ധിച്ചിടത്തോളം അനുകൂലമായ ഘടകം. ആന്ദ്രെ ഷെവ്‌ചെങ്കോ എന്ന സ്‌ട്രൈക്കറിലാണ് ആതിഥേയരുടെ പ്രതീക്ഷ. സ്വീഡനുമായി താരതമ്യം ചെയ്യുമ്പോള്‍ ഉക്രെയ്ന്‍ നിര തീര്‍ത്തും നിറംമങ്ങിയതാണ്.
മുന്‍ സെമിഫൈനലിസ്റ്റുകളായ സ്വീഡന്‍ നിരയില്‍ എസി മിലാന്‍ താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചും ജൊഹാന്‍ എല്‍മാന്‍ഡറുമുണ്ട്.