
ഒന്നാം പകുതിയില്‍ റൊബീന്യോയുടെ ഗോളിന് മുന്നിട്ടു നിന്ന ബ്രസീലിനെ രണ്ടാം പകുതിയില്‍ 15 മിനിറ്റിനിടെ രണ്ടു ഗോളടിച്ചാണ് ഓറഞ്ച് പട വിജയം നുകര്‍ന്നത്. നിര്‍ഭാഗ്യത്തിന്റെ സ്പര്‍ശമുള്ള ഫിലിപ്പ് മെലോയുടെ സെല്‍ഫ് ഗോളിലൂടെ സമനില പിടിച്ച ഹോളണ്ട് സ്‌നൈഡറുടെ സുന്ദരന്‍ ഹെഡിലൂടെയാണ് സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്.
ഒമ്പതാം മിനിറ്റില്‍ ഡച്ച് പ്രതിരോധം തുളച്ച് റോബീേേന്യായുടെ തകര്‍പ്പന്‍ ഗോളില്‍ മുന്നിലെത്തിയതോടെ ബ്രസീലിന്റെ വിജയം എല്ലാവരും ഉറപ്പിച്ചിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ വര്‍ദ്ധിതവീര്യത്തോടെ ഹോളണ്ട് കളിച്ചപ്പോള്‍ ബ്രസീല്‍ ടീം ഗോളിന്റെ ആലസ്യത്തിലാണ്ടു കിടക്കുകയായിരുന്നു. 52ാം മിനിറ്റില്‍ ഹോളണ്ടിന്റെ സമനില ഗോളാണ് കാനറിപക്ഷികളെ ഉണര്‍ത്തിയത്. മധ്യനിരതാരം വെസ്‌ലി സ്‌നൈഡര്‍ അകലെ നിന്നു തൊടുത്ത ക്രോസ് നേരിടാന്‍ മെലോ ഉയര്‍ന്നുചാടിയതാണ് ഗോളിന് വഴിയൊരുക്കിയത്. പന്ത് മെലോയുടെ തലയിലുരഞ്ഞ്, ഗോളിക്ക് പിടികൊടുക്കാതെ വലയുടെ താഴത്തെ മൂലയിലേക്കിറങ്ങി.
അധികം താമസിയാതെ രണ്ടാം ഗോളും നേടി ഹോളണ്ട് കളിയില്‍ മേധാവിത്വം സ്ഥാപിച്ചു. 67-ാം മിനിറ്റിലാണ് ഡച്ചുകാരുടെ വിജയ ഗോള്‍ പിറന്നത്. ആര്യന്‍ റോബന്‍ എടുത്ത കോര്‍ണര്‍ ഡിര്‍ക് കുയ്റ്റ് ബോക്‌സിലേക്കു തിരിച്ചപ്പോള്‍ സ്‌നൈഡര്‍ ഹെഡറിലൂടെ പന്ത് ലക്ഷ്യസ്ഥാനത്തെത്തിച്ചു.
ഗ്രൂപ്പ് ഫിക്സ്ചര്‍
സെല്‍ഫ് ഗോളിനു പിന്നാലെ ഫിലിപ് മെലോയ്ക്ക് ചുവപ്പ് കാര്‍ഡും കിട്ടി. തോല്‍വിയെന്ന യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ പകച്ചപ്പോള്‍ കളിക്കളത്തില്‍ പൊതുവേ മാന്യന്‍മാരായ ബ്രസീലിയന്‍ താരങ്ങളും പരുക്കന്‍ കളിയിലേക്ക് നീങ്ങി. റോബനെ ഫൗള്‍ ചെയ്യുകയും വീണശേഷം ചവിട്ടുകയും ചെയ്തതിനായിരുന്നു മെലോയ്ക്ക് ചുവപ്പുകാര്‍ഡ്.
കളിയുടെ അവസാനനിമിഷങ്ങളില്‍ പത്ത് പേരുമായി ബ്രസീല്‍ ആഞ്ഞുപിടിച്ചെങ്കിലും ഡച്ച് പ്രതിരോധം പിളര്‍ക്കാന്‍ അവര്‍ക്കായില്ല. അങ്ങനെ കോടിക്കണക്കിന് വരുന്ന ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് പത്തൊമ്പതാം ലോകകപ്പിലെ സാംബാ താളം നിലച്ചു.