റിയോ ഡി ജനീറോ(ബ്രസീല്‍): കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ചരിത്ര ഫൈനലില്‍ 2013 ജൂലൈയ് 1 ന് പുലര്‍ച്ചെ ബ്രസീല്‍ സ്‌പെയിനിനെ നേരിടും. മാറക്കാനയിലെ സ്റ്റേഡിയത്തില്‍ മുന്‍ ലോക ചാമ്പ്യന്‍മാര്‍ ഏറ്റുമുട്ടുമ്പോള്‍ ലോക ഫുട്‌ബോളിന്റെ ഏക ശ്രദ്ധാകേന്ദ്രം റിയോ ഡി ജനീറോ മാത്രമാകും.
സെമിഫൈനലുകളില്‍ ശരിക്കും വിയര്‍ത്ത് തന്നെയാണ് ഇരു ടീമുകളും ഫൈനല്‍ മഹാമഹത്തിനെത്തിയിരിക്കുന്നത്. ബ്രസീല്‍ സെമിയില്‍ ഉറുഗ്വയേയും സ്‌പെയിന്‍ ഇറ്റലിയേയും ആണ് തോല്‍പിച്ചത്.

അഞ്ച് തവണ ലോക കീരം നേടിയ ബ്രസീലിന് സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനാവില്ല. മൂന്ന് വട്ടം കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ വിജയമുത്തമിട്ട മഞ്ഞപ്പടക്ക് ഇത്തവണത്തെ വിജയം അഭിമാനപ്രശ്‌നം കൂടിയാണ്. ഫുട്‌ബോളിനായി പണം ധൂര്‍ത്തടിക്കുന്നുവെന്നാരോപിച്ച് നടക്കുന്ന ജനകീയ സമരത്തിന് മറപടികൊടുക്കണമെങ്കില്‍ സ്‌പെയിന്റെ കാളക്കൂറ്റന്‍മാരെ മുട്ടുകുത്തിച്ചേ പറ്റൂ. കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഹാട്രിക് വിജയമെന്ന റെക്കാര്‍ഡും അപ്പോള്‍ ബ്രസീലിന് സ്വന്തമാകും. കൂടാതെ അടുത്ത വര്‍ഷം സ്വന്തം നാട്ടില്‍വച്ച് നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള വലിയ ഊര്‍ജ്ജവും ആകും കോണ്‍ഫെഡറേഷന്‍സ് കപ്പിലെ വിജയം.
നെയ്മറും ജൂലിയസ് സീസറും അടക്കമുള്ള ബ്രസീലിന്റെ പടയാളികള്‍ക്ക് ഇത്തവണ മറ്റൊരു വെല്ലുവിളി കൂടിയുണ്ട്. എക്കാലത്തേയും ഫുട്‌ബോള്‍ ഇതിഹാസതാരമായ പ്ലെയുടെ വിമര്‍ശനത്തിന് കൂടി മറുപടി കൊടുക്കണം. ഇത്തവണത്തെ മഞ്ഞപ്പട അത്ര പോര എന്നാണ് പെലെ അഭിപ്രായപ്പെട്ടത്.
ആത്മവിശ്വാസത്തിന് അല്‍പം പോലും കുറവില്ലാതെയാണ് സ്‌പെയിന്‍ മാറക്കാനയില്‍ ബൂട്ടണിയുക. ഒരു സീസണില്‍ ലോക കിരീടവും യൂറോ കിരീടവുംസ്വന്തമാക്കിയ വിജയ പാരമ്പര്യം മാത്രം മതി ഏത് വമ്പനേയും തറപറ്റിക്കാന്‍. സെമിയില്‍ ഇറ്റലിയോട് വിയര്‍ത്ത് നേടിയ വിജയം അന്വര്‍ത്ഥമാക്കണമെങ്കില്‍ മാറക്കാനയില്‍ മഞ്ഞപ്പടയെ തൂത്തെറിയുകയേ വഴിയുള്ളു.
കോണ്‍ഫെഡറേഷന്‍സ് കപ്പ് ഇതുവരേയും ബാലികേറാമലയായിരുന്നു സ്‌പെയിനിന്. കഴിഞ്ഞ തവണ നേടിയ മൂന്നാം സ്ഥാനം മാത്രമാണ് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ സ്‌പെയിനിന്റെ സ്ഥാനം. ഇതിനൊരു മാറ്റം കുറിക്കുകയെന്നതും സ്‌പെയിനിന്റെ ലക്ഷ്യമാണ്.