ബാംബോലിം(ഗോവ): ബ്രിക്‌സ് അണ്ടര്‍ 17 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ ഇന്ത്യ രണ്ടാമത്തെ കളിയിലും തോറ്റു. ആദ്യ കളിയില്‍ റഷ്യയോട് 1-0ന് തോറ്റ ഇന്ത്യ വെള്ളിയാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ ഇതേ മാര്‍ജിനില്‍ ദക്ഷിണാഫ്രിക്കയോടും പരാജയമറിഞ്ഞു. ഇരുപത്തിരണ്ടാംമിനുട്ടില്‍ ഡമോലെലോ റാസിലാനിയാണ് വിജയഗോള്‍ നേടിയത്. പതിനൊന്നിന് ചൈനക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പതിമൂന്നിന് ബ്രസീലിനെ നേരിടും. റൗണ്ട് റോബിന്‍ ലീഗടിസ്ഥാനത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനല്‍ കളിക്കും. മൂന്നും നാലുംസ്ഥാനക്കാര്‍ മൂന്നാം സ്ഥാന പ്ലേ ഓഫില്‍ ഏറ്റുമുട്ടും.
രണ്ട് കളിയും ജയിച്ച് റഷ്യ ഗ്രൂപ്പില്‍ മുന്നിട്ട് നില്‍ക്കുന്നു. ചൈനയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റഷ്യ ജൈത്രയാത്ര തുടര്‍ന്നത്. ചൈനയാകട്ടെ ആദ്യകളിയില്‍ ബ്രസീലിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. സമനില ഗോളിനായി അവസാന പത്ത് മിനുട്ടില്‍ ഇന്ത്യ തുടരെ ഗോള്‍മുഖം വിറപ്പിച്ചു. രണ്ടും കല്പിച്ചുള്ള അറ്റാക്കിംഗിനിടെ ഇന്ത്യന്‍ വലയില്‍ രണ്ടാം ഗോള്‍ വീഴേണ്ടതായിരുന്നു.നികാനിസോ ഷിംഗ ബോക്‌സിന് പുറത്ത് വെച്ച് ലഭിച്ചപന്തുമായി ഇന്ത്യന്‍ ബോക്‌സിലേക്ക് സ്പ്രിന്റ് ചെയ്തു. ഷിംഗയുടെ ഇടങ്കാലനടി ഗോളി ധീരജ് സിംഗ് മനോഹരമായ ഡൈവിംഗിലൂടെ തട്ടിമാറ്റുകയായിരുന്നു.