മഡ്ഗാവ്: ലോകകപ്പ് ഫുട്‌ബോള്‍ കിരീടം അഞ്ച് തവണ നേടിയ ബ്രസീലും ഇന്നേ വരെ ലോകകപ്പ് കളിച്ചിട്ടില്ലാത്ത ഇന്ത്യയും നേര്‍ക്കുനേര്‍ വന്നാല്‍ എന്ത് സംഭവിക്കും ? ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച അണ്ടര്‍ 17 ഫുട്‌ബോളില്‍ ആ നേര്‍ക്കാഴ്ച സംഭവിച്ചു. ബ്രസീല്‍ 3-1ന് ഇന്ത്യയെ കീഴടക്കി. ആദ്യപകുതിയില്‍ 2-1ന് മഞ്ഞപ്പട മുന്നിട്ട് നിന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീം മികച്ച പോരാട്ടവീര്യമാണ് കാഴ്ചവെച്ചത്. തുടരെ മൂന്നാം മത്സരത്തിലും തോറ്റ ഇന്ത്യക്ക് ഫൈനല്‍ ബെര്‍ത് നേടാനായില്ല.
ബ്രസീല്‍ നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. എങ്കിലും ടൂര്‍ണമെന്റിലുടനീളം പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ജര്‍മന്‍ കോച്ച് നികോളായ് ആഡമിന്റെ ശിഷ്യന്‍മാര്‍ കാഴ്ചവെച്ചത്. രണ്ടാം മിനുട്ടില്‍ ലീഡെടുത്ത ബ്രസീലിനെ പത്തൊമ്പതാം മിനുട്ടില്‍ ഇന്ത്യ സമനില പിടിച്ചത് കളിക്ക് ആവേശം പകര്‍ന്നു. ബ്രെന്നര്‍ സില്‍വയായിരുന്നു മഞ്ഞപ്പടക്ക് ലീഡ് ഗോള്‍ സമ്മാനിച്ചത്.

കോമല്‍ താഥലാണ് ആതിഥേയര്‍ക്കായി സമനില ഗോളടിച്ചത്. ഇതോടെ, ഇന്ത്യ കൂടുതല്‍ ആക്രമിച്ചു കളിക്കുവാന്‍ തുടങ്ങി. എന്നാല്‍ മുപ്പതാം മിനുട്ടില്‍ മാര്‍കോസ് സാന്റോസിന്റെ ഗോളില്‍ ബ്രസീല്‍ വീണ്ടും മുന്നില്‍ കയറി. എണ്‍പത്തിരണ്ടാം മിനുട്ടില്‍ വിനിഷ്യസ് ഒലിവേരയുടെ ഗോള്‍ ബ്രസീലിയന്‍ ജയം ആധികാരിമാക്കി. എന്നാല്‍, ഗോള്‍ മാര്‍ജിന്‍ സൂചിപ്പിക്കും വിധമല്ലായിരുന്നു മത്സരം.