El Clasico: ജയമാവര്‍ത്തിക്കുമോ റയല്‍ ? മിന്നിക്കുക ബാഴ്‌സയോ, ഇതാ പ്രവചനം
മാഡ്രിഡ്: ലോക ഫുട്‌ബോളില്‍ വീണ്ടുമൊരു എല്‍ ക്ലാസിക്കോ പോരാട്ടം വരാനിരിക്കുകയാണ്. ഞായറാഴ്ചയാണ് സ്പാനിഷ് ഫുട്‌ബോളിലെ അതികായന്‍മാരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള ത്രില്ലര്‍ നടക്കാനിരിക്കുന്നത്. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍നാബുവില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് കാല്‍പ്പന്തുകളിയിലെ ഈ സൂപ്പര്‍ പോരാട്ടം നടക്കാനിരിക്കുന്നത്.
റയലിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്താനായാല്‍ അതു ബാഴ്‌സയ്ക്കു ഇരട്ടിമധുരമാവും. എന്നാല്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ ബാഴ്‌സയെ തകര്‍ത്തെറിയാനായിരിക്കും റയലിന്റെ പ്ലാന്‍. 10 റൗണ്ട് മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ലാ ലിഗ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത് ബാഴ്‌സയാണ്. 27 പോയിന്റാണ് അവരുടെ സമ്പാദ്യം. മൂന്നു പോയിന്റ് മാത്രം പിന്നിലായി റയല്‍ തൊട്ടുതാഴെയുണ്ട്, അടുത്ത മല്‍സരം ജയിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ ബാഴ്‌സ്‌ക്കൊപ്പം റയലുമെത്തും. ഇത്തവണത്തെ എല്‍ ക്ലാസിക്കോയുടെ പ്രവചനം അറിയാം.

മിന്നുന്ന ഫോമില്‍
പുതിയ കോച്ച് ഹാന്‍സി ഫ്‌ളിക്കിനു കീഴില്‍ മിന്നുന്ന ഫോമിലാണ് ബാഴ്‌സലോണ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. യുവേഫ ചാംപ്യന്‍സ് ലീഗില്‍ ദിവസങ്ങള്‍ക്കു മുമ്പ് ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ 4-1നു തകര്‍ത്തുവിടാന്‍ ബാഴ്‌സയ്ക്കായിരുന്നു. ഇതിന്റെ ആവേശത്തിലാവും അവര്‍ റയല്‍ മാഡ്രിഡിന്റെ മൈതാനത്തു എത്തുക.
അതേസമയം, റയലും ചാംപ്യന്‍സ് ലീഗിലെ മിന്നും ജയത്തിന്റെ ആത്മവിശ്വാസത്തിലാണ്. മറ്റൊരു ജര്‍മന്‍ ടീമായ ബൊറൂസ്യ ഡോട്മുണ്ടിനെ 5-2നു റയല്‍ തരിപ്പണമാക്കിയിരുന്നു.
കണക്കുകളില്‍ ആര്
റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മലുള്ള എല്‍ ക്ലാസിക്കോയിലെ കണക്കുകളെടുത്താല്‍ റയലിനു മികച്ച റെക്കോര്‍ഡാണുള്ളത്. ഇതുവരെ നടന്നി്ട്ടുള്ള 257 എല്‍ ക്ലാസിക്കോ പോരാട്ടങ്ങളില്‍ 105ലും ജയം റയലിനായിരുന്നു. ബാഴ്‌സയാവട്ടെ 100 മല്‍സര്ങ്ങളുമാണ് ജയിച്ചുകയറിയത്.
ലാ ലിഗയില്‍ ബാഴ്‌സലോണയ്‌ക്കെതിരേയുള്ള അവസാനത്തെ നാലു മല്‍സരങ്ങളിലും ജയം റയലിനായിരുന്നു. ഇത്തവണയും ജയമാവര്‍ത്തിക്കാനായാല്‍ 59 വര്‍ഷങ്ങള്‍ക്കു ശേഷം ബാഴ്‌സയ്‌ക്കെതിരേ തുടരെ അഞ്ചു ജയങ്ങളെന്ന റെക്കോര്‍ഡ് റയലിനെ തേടിയെത്തും. അതു മാത്രമല്ല വിവിധ ടൂര്‍ണമെന്റുകൡലായി റയലിനെതിരേ കളിച്ച 14 മല്‍സരങ്ങളില്‍ 10ലും ബാഴ്‌സ തോല്‍ക്കുകയും ചെയ്തിട്ടുണ്ട്.

പ്രവചനം ഇങ്ങനെ
ഞായറാഴ്ചത്തെ എല്‍ ക്ലാസിക്കോയുടെ പ്രവചനത്തിലേക്കു വരികയാണെങ്കില്‍ പോരാട്ടം തീപാറുമെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടു തന്നെ പ്രവചനം ഏറെ കടുപ്പവുമാണ്. മാച്ച് വിന്നര്‍മാരായ സൂപ്പര്‍ താരങ്ങളെ രണ്ടു ടീമുകളിലും നമുക്കു കാണാന്‍ സാധിക്കും.
റയല്‍ മാഡ്രിഡിനൊപ്പം ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ, ബ്രസീലിയന്‍ സ്റ്റാര്‍ വിനീഷ്യസ് ജൂനിയര്‍ എന്നിവരുണ്ടെങ്കില്‍ ബാഴ്‌സലോണയ്‌ക്കൊപ്പം റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ലാമിന്‍ യമാല്‍, റഫീഞ്ഞ എന്നീ മിന്നും താരങ്ങളെയും നമുക്കു കാണാം.
ഹാന്‍സി ഫ്‌ളിക്കെന്ന കോച്ച് ബാഴ്‌സയെ പഴയ പ്രതാപത്തിലേക്കു തിരികെ കണ്ടു വന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ തന്ത്രങ്ങളെ റയല്‍ ഭയക്കുക തന്നെ വേണം. റയല്‍ വളരെയധികം സ്ഥിരത പുലര്‍ത്തുന്ന ടീമാണെങ്കിലും ഇത്തവണത്തെ എല്‍ ക്ലാസിക്കോയില്‍ നേരിയ മുന്‍തൂക്കമുള്ളത് ബാഴ്‌സയ്ക്കാണ്. ഞായറാഴ്ച നടക്കാനിരിക്കുന്ന ത്രില്ലിങ് മാച്ചില്‍ ബാഴ്‌സ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു റയലിനെ വീഴ്ത്തുമെന്നാണ് പ്രവചനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications