ബ്രഗ്സ്: ഗെയിസ്കാ മെന്‍ഡിയേറ്റയെ സബ്സ്റിറ്റ്യൂട്ട് ചെയ്തതില്‍ സ്പെയിന്‍ കോച്ച് ജോസ് അന്റോണിയോ കമാച്ചോ ഇപ്പോള്‍ പരിതപിക്കുകയാവും. ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെതിരെ 90-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി റൗള്‍ ഗോണ്‍സാലസ് ക്രോസ് ബാറിനു മുകളിലൂടെ അടിച്ചു പറത്തിയപ്പോള്‍ കമാച്ചോ ഇങ്ങനെയല്ലാതെ ചിന്തിച്ചിരിക്കാന്‍ വഴിയില്ല.ഫ്രാന്‍സും സ്പെയിനും തമ്മിലുള്ള നാലാം ക്വാര്‍ട്ടര്‍ ഫൈനല്‍ ഒന്നാം പകുതിയില്‍ഫുട്ബോള്‍ പ്രവാചകരുടെയും പ്രേമികളുടെയും പ്രതീക്ഷക്കൊത്തുയര്‍ന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മറന്നു പോയ സ്പെയിനിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലോകചാമ്പ്യന്മാര്‍ യൂറോ 2000-ന്റെ സെമിയിലേക്ക് കുതിച്ചു.
ആദ്യപകുതിയുടെ 32-ാം മിനിറ്റില്‍ സിനദിന്‍ സിദാനെയും 44-ാം മിനിറ്റില്‍ യൂറി യോര്‍ക്കേഫും ഫ്രാന്‍സിനു വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ സ്പെയിനിന്റെ ഏക ഗോള്‍ 38-ാം മിനിറ്റില്‍ മെന്‍ഡിയേറ്റ ഒരു പെനാല്‍റ്റിയിലൂടെ കരസ്ഥമാക്കി.പാഴായ പെനാല്‍റ്റി
വിരസമായ രണ്ടാം പകുതിയുടെ അവസാന മിനിറ്റില്‍ ഫ്രഞ്ച് ഡിഫന്‍ഡര്‍ ലിലിയന്‍ തുറാം മുനിറ്റിസിനെ ഫൗള്‍ ചെയ്തതിനെത്തുടര്‍ന്നാണ് സ്പെയിനിന് പെനാല്‍റ്റി ലഭിച്ചത്. യൂഗോസ്ലാവിയക്കെതിരായ മത്സരത്തിലെന്നപോലെ അവസാനമിനിറ്റില്‍ സ്പെയിന്‍ സമനില കൈവരിക്കുമെന്ന് തോന്നിച്ച ഘട്ടം.
യൂഗോസ്ലാവിയക്കെതിരെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെതിരെ പെനാല്‍റ്റി ഗോളാക്കി മാറ്റിയ മെന്‍ഡിയേറ്റയെ കോച്ച് നേരത്തെതന്നെ തിരിച്ചു വിളിച്ചിരുന്നു. അതിനാല്‍ പെനാല്‍റ്റി എടുക്കാനെത്തിയത് റൗണ്‍ ഗോണ്‍സാലസ്. സന്ദിഗ്ദ ഘട്ടത്തിലെ പിരിമുറുക്കത്തില്‍ നിന്ന് രക്ഷപ്പെടാനാകാഞ്ഞ ഈ 10-ാം നമ്പറുകാരന്റെ ഷോട്ട് പോയത് പുറത്തേക്കും.
ത്രസിപ്പിച്ച ആദ്യപകുതി
ആദ്യപകുതിയില്‍ തുല്യശക്തികളുടെ പോരാട്ടമാണ് കണ്ടത്. ഇരുപകുതികളിലും പന്ത് മാറിമാറിക്കയറിയപ്പോള്‍ മത്സരം ചൂടു പിടിച്ചു. ആദ്യം ലീഡ് നേടിയത് ഫ്രാന്‍സാണ്. 32-ാം മിനിറ്റില്‍ പന്തുമായി സ്പെയിന്‍ ഗോള്‍മുഖത്തേക്ക് കുതിച്ച അഗസ്റിന്‍ അരന്‍സാബാളിനെ യോര്‍ക്കേഫ് ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് ലഭിച്ച ഫ്രീക്കിക്ക് സിനദിന്‍ സിദാനെ സ്പെയിന്‍ ഗോള്‍വലയുടെ വലത്തേ മൂലയിലേക്ക് അടിച്ചു കയറ്റി (1-0).
എന്നാല്‍ യൂഗോസ്ലാവിയക്കെതിരെ മൂന്നു പ്രാവശ്യം പിന്നിട്ടു നിന്ന ശേഷം തിരിച്ചടിച്ച സ്പെയിന്‍ ഇവിടെയും അതാവര്‍ത്തിച്ചു. വെറും ആറു മിനിറ്റുകള്‍ക്കുള്ളില്‍. ഫ്രാന്‍സിന്റെ പെനാല്‍റ്റി ബോക്സിലേക്ക് കുതിച്ച മുനിറ്റിസിനെ തുറാം ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റിയില്‍ നിന്നായിരുന്നു മടക്കഗോള്‍. പെനാല്‍റ്റി വീരന്‍ മെന്‍ഡിയേറ്റ പിഴവേതും കൂടാതെ ഫ്രഞ്ച് വല കുലുക്കി (1-1).
എന്നാല്‍ മത്സരത്തിലെ മനോഹരമായ ഗോള്‍ പിറന്നത് ഒന്നാം പകുതിയുടെ അവസാന മിനിറ്റിലാണ്. പാട്രിക്ക് വിയേരയില്‍ നിന്ന് ലഭിച്ച പാസ് മനോഹരമായ ഒരു വലങ്കാനടിയിലൂടെ സ്പെയിന്‍ വലയിലെത്തിച്ചത് യോര്‍ക്കാഫായിരുന്നു (2-1).
ബ്രസ്സല്‍സില്‍ ജൂണ്‍ 28 ബുധനാഴ്ച നടക്കുന്ന ആദ്യസെമിഫൈനലില്‍ ഫ്രാന്‍സ് പോര്‍ച്ചുഗലുമായി ഏറ്റുമുട്ടും.