റോട്ടര്‍ഡാം: മുന്‍ ചാമ്പ്യന്മാര്‍ ജര്‍മനി പോര്‍ച്ചുഗലിനോട് 3-0 ന് പരാജയപ്പെട്ട് യൂറോ 2000 ല്‍ നിന്ന് പുറത്തായി. ഡീ കൂപ്പ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സേര്‍ജി കണ്‍സീകാവോയുടെ ഹാട്രീക്ക് പ്രകടനത്തിന് മുന്നില്‍ ജര്‍മനി നിഷ്പ്രഭമായി.
ജര്‍മനി യൂറോ 2000 ലില്‍ നിന്ന് പുറത്തായെന്ന് ഉറപ്പോയതോടെ ജര്‍മന്‍ ആരാധകര്‍ പോലും മികച്ച ഫോമിലായിരുന്ന പോര്‍ച്ചുഗലിനെ പിന്തുണയ്ക്കുന്നത് കാണാമായിരുന്നു. ക്രിസ്റ്റ്യന്‍ സീഗി, മാര്‍ക്കസ് ബാബല്‍, ജെന്‍സ് ജെറെമീസ് എന്നീ കളിക്കാരെ പരിക്ക് മൂലം മാറ്റിനിര്‍ത്തേണ്ടി വന്നത് ജര്‍മനിക്ക് ക്ഷീണമായി.
എന്നാല്‍ ഗ്രൂപ്പ് ജേതാക്കളായ പോര്‍ച്ചുഗല്‍ മിക്ക മുന്‍നിര കളിക്കാര്‍ക്കും വിശ്രമം കൊടുത്ത് പകരക്കാരെ കൊണ്ടാണ് കളിക്കാനിറങ്ങിയത്. 35 ാം മിനിട്ടില്‍ റൂയി ജോര്‍ജിയുടെ ക്രോസ് സേര്‍ജി കണ്‍സീകാവോ ഹെഡ് ചെയ്ത് ജര്‍മന്‍ ഗോള്‍ വലയിലാക്കി (1-0). ഇടവേളയ്ക്ക് തൊട്ട് മുന്‍പ് ജര്‍മനിക്ക് വേണ്ടി 150 ാം തവണ കുപ്പായമിടുന്ന ലോതര്‍ മത്തയാസിന്റെ നല്ലൊരു ശ്രമം എസ്പിന്‍ഹ പരാജയപ്പെടുത്തി.
കളി പുരോഗമിച്ചതോടെ ജര്‍മന്‍ പ്രതീക്ഷകള്‍ തകര്‍ന്നു. 54 ാം മിനിട്ടില്‍ സേര്‍ജി കണ്‍സീകാവോയുടെ ഷോട്ട് ഒളിവര്‍ കാന്റേയും ജര്‍മന്‍ ക്യാപ്റ്റന്റേയും ഇടയിലൂടെ ഗോള്‍ വല കണ്ടു (2-0).
ഇതോടെ പോര്‍ച്ചുഗലിന്റെ രണ്ടാം നിര ടീം ആവേശകരമായ കളി പുറത്തെടുത്തു. ജര്‍മന്‍ ആരാധകരും പോര്‍ച്ചുഗലിനെ പ്രോതസാഹിപ്പിച്ചു. കളി തീരാന്‍ 19 മിനിട്ട് ശേഷിക്കേ സേര്‍ജി കണ്‍സീകാവോ തന്റെ ഹാട്ട്രിക്ക് പൂര്‍ത്തിയാക്കി.