ബ്രഗ്സ്: തിയറി ഹെന്‍റിയുടെയും യൂറി യോര്‍ക്കേഫിന്റെയും തോളിലേറി ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് യൂറോ 2000-ന്റെ ക്വാര്‍ട്ടറിലേക്ക്. വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് ഡി മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴ്പ്പെടുത്തിയാണ് ഫ്രാന്‍സ് ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ രണ്ടാം വിജയം നേടിയത്.
കളി തുടങ്ങി ഏഴാം മിനിറ്റില്‍തന്നെ ഫ്രാന്‍സ് മുന്നിലെത്തി. ചെക്ക് ഡിഫന്‍ഡര്‍ പീറ്റര്‍ ഗബ്രിയേല്‍ നല്‍കിയ പാസ് നേരെ തിയറി ഹെന്‍റിയുടെ കാലുകളിലേക്കാണ് ചെന്നത്. ചെക്ക് ഗോള്‍വലയം ഭേദിക്കാന്‍ പിന്നീട് ഹെന്‍റിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല (1-0).
പിന്നീടും ഫ്രാന്‍സ് തന്നെയാണ് മുന്നേറിക്കളിച്ചതെങ്കിലും 35-ാം മിനിറ്റില്‍ ചെക്കുകാര്‍ സമനിലഗോള്‍ കണ്ടെത്തി. പവല്‍ നെഡ്വേഡും വ്ലാദിമിര്‍ സ്മൈസറും ചേര്‍ന്ന് നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴിമരുന്നിട്ടത്. പന്തുമായി മുന്നേറിയ നെഡ്വേഡിനെ ഫ്രഞ്ച് ഡിഫന്‍ഡര്‍ ദിഡിയര്‍ ഡെഷ്കാംപ് പെനാല്‍റ്റിബോക്സില്‍വെച്ച് വീഴ്ത്തിയതിനെത്തുടര്‍ന്ന് റഫറി പെനാല്‍റ്റി വിധിച്ചു. പെനാല്‍റ്റികിക്കെടുത്ത കരെല്‍ പൊബോസ്കി പിഴവേതും കൂടാതെ ഫ്രഞ്ച് വല കുലുക്കി (1-1).
എന്നാല്‍ ചെക്കുകാരുടെ ആഹ്ലാദം രണ്ടാം പകുതിയുടെ 15-ാം മിനിറ്റുവരെയേ നീണ്ടുള്ളൂ. തോമസ് റെപ്കയില്‍ നിന്ന് ലഭിച്ച പാസുമായി മുന്നേറിയ ഹെന്‍റി ചെക്ക് ഗോള്‍മുഖത്തേക്ക് ഒരു ക്രോസ് തൊടുത്തുവിട്ടു. പെനാല്‍റ്റിബോക്സില്‍ നിലയുറപ്പിച്ചിരുന്ന യോര്‍ക്കേഫ് ശക്തമായ ഒരു ഷോട്ടിലൂടെ പന്ത് വലക്കകത്താക്കി (2-1).
ഇതോടെ യൂറോ 2000-ല്‍ നിന്ന് പുറത്താകുന്ന ആദ്യടീമായി ചെക്ക് റിപ്പബ്ലിക്ക്. നേരത്തെ നെതര്‍ലന്റ്സിനെതിരായ തങ്ങളുടെ ആദ്യമത്സരത്തില്‍ വിവാദമായ ഒരു പെനാല്‍റ്റി ഗോളിന് അവര്‍ തോറ്റിരുന്നു. യൂറോ 96-ലെ റണ്ണറപ്പായിരുന്നു ചെക്ക് റിപ്പബ്ലിക്ക്.