അര്‍ജന്‍റീനയ്ക്ക് ഡിമരിയയെ വേണ്ട!! റൊമേറോ തിരിച്ചെത്തും, അപ്പോള്‍ മെസ്സി? സൂചനകള്‍ ഇങ്ങനെ...
ബ്യൂണസ് ഐറിസ്: ലാറ്റിന്‍ വമ്പന്‍മാരായ അര്‍ജന്റീനയ്ക്കു ഇതു മാറ്റത്തിന്റെ സമയമാണ്. പുതിയ കോച്ച് ലയണല്‍ സ്‌കലോനിക്കു കീഴില്‍ അര്‍ജന്റീന ടീം പുതിയൊരു തുടക്കമാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം നടന്ന രണ്ടു സൗഹൃദ മല്‍സരങ്ങളിലും യുവതാരങ്ങള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
എന്നാല്‍ അടുത്ത മാസം സൗദി അറേബ്യയില്‍ നടക്കാനിരിക്കുന്ന രണ്ടു സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള ടീമിലേക്കു ചില സീനിയര്‍ താരങ്ങളെ സ്‌കലോനി തിരിച്ചുവിളിച്ചേക്കുമെന്നാണ് സൂചനകള്‍.

റൊമേറോ മടങ്ങിയെത്തും
പരിക്കുമൂലം റഷ്യന്‍ ലോകകപ്പ് നഷ്ടമായ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോയെ കോച്ച് തിരികെ വിളിക്കുമെന്നാണ് സൂചന. കഴിഞ്ഞ രണ്ടു സൗഹൃദ മല്‍സരങ്ങളിലും അദ്ദേഹം ടീമിലുണ്ടായിരുന്നില്ല.
റൊമേറോയെക്കൂടാതെ ബൊക്കാ ജൂനിയേഴ്‌സിന്റെ എസ്‌തെബാന്‍ അന്‍ഡ്രാഡ, റിവര്‍പ്ലേറ്റിന്റെ ഫ്രാങ്കോ അര്‍മാനി എന്നിവരായിരിക്കും ഗോള്‍കീപ്പര്‍മാര്‍. ഇതോടെ ഗ്വാട്ടിമാലയ്‌ക്കെതിരേ അരങ്ങേറിയ റയല്‍ സോസിഡാഡ് ഗോളി ജെറോനിമോ റ്യുലിക്കു സ്ഥാനം നഷ്ടമായേക്കും

അന്‍ഡ്രാഡയുടെ പരിക്ക്
കോപ്പ ലിബെര്‍ട്ടഡോറസ് ചാംപ്യന്‍ഷിപ്പില്‍ ക്രുസേരിയോക്കെതിരായ മല്‍സരത്തില്‍ ബൊക്കാ ജൂനിയേഴ്‌സിന്റെ ഗോള്‍വല കാകക്കുന്നതിനിടെ അന്‍ഡ്രാഡയ്ക്കു പരിക്കുപറ്റിയിരുന്നു. പരിക്ക് എത്രത്തോളം ഗുരുതരമാണെന്നു വ്യക്തമല്ല.
പരിക്കുമൂലം അന്‍ഡ്രാഡയ്ക്കു വിശ്രമം വേണ്ടി വരികയാണെങ്കില്‍ റ്യുലിക്കു ദേശീയ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കും.

ഒട്ടാമെന്‍ഡി, മെര്‍ക്കാഡോ...
ലോകകപ്പില്‍ അര്‍ജന്റൈന്‍ ടീമിലുണ്ടായിരുന്ന നിക്കോളാസ് ഒട്ടാമെന്‍ഡി, ഗബ്രിയേല്‍ മെര്‍ക്കാഡോ എന്നിവരാണ് അടുത്ത മാസത്തെ സൗഹൃദ മല്‍സരങ്ങള്‍ക്കു തിരിച്ചുവിളിക്കപ്പെടാന്‍ സാധ്യതയുള്ള മറ്റു ചില താരങ്ങള്‍.
കഴിഞ്ഞ രണ്ടു സൗഹൃദ മല്‍സരങ്ങളിലും ഇരുവരും ടീമിലുണ്ടായിരുന്നില്ല. ഗ്വാട്ടിമാല, കൊളംബിയ എന്നിവര്‍ക്കെതിരായ മല്‍സരങ്ങൡ മെര്‍ക്കാഡോയെ ഉള്‍പ്പെടുത്താന്‍ കോച്ച് തീരുമാനിച്ചിരുന്നു. എന്നാല്‍ പരിക്ക് താരത്തിനു വില്ലനാവുകയായിരുന്നു. എഡ്വാര്‍ഡോ സാല്‍വിയോയാണ് പരിക്കു മൂലം പുറത്തിരുന്ന മറ്റൊരു താരം.

എയ്ഞ്ചല്‍ ഡി മരിയ?
സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയയെ അര്‍ജന്റൈന്‍ ടീമിലേക്കു തിരിച്ചുവിളിക്കുമോയെന്ന കാര്യം സംശയത്തിലാണ്. ലോകകപ്പിനു ശേഷം അദ്ദേഹം ടീമിനു പുറത്താണ്. കഴിഞ്ഞ രണ്ടു സൗഹൃദങ്ങളിലും പരീക്ഷിക്കപ്പെട്ട യുവതാരങ്ങളായ ഗോണ്‍സാലോ മാര്‍ട്ടിനസ്, ഫ്രാങ്കോ സെര്‍വി, എക്‌സെക്വില്‍ പലാഷ്യോസ് എന്നിവര്‍ മികച്ച പ്രകടനം നടത്തിയിരുന്നു. അതുകൊണ്ടു തന്നെ ഡിമരിയയെ ടീമിലേക്കു തിരിച്ചുവിളിക്കാനുള്ളള സാധ്യതയും കുറവാണ്.

മെസ്സിയുടെ തിരിച്ചുവരവ്
ഇറാഖിനെതിരേയും ചിരവൈരികളായ ബ്രസീലിനെതിരേയുമാണ് അര്‍ജന്റീന സൗഹൃദ മല്‍സരങ്ങള്‍ കളിക്കുന്നത്. മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി ബ്രസീലിനെതിരേ കളിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ലോകകപ്പിനു ശേഷം ടീമില്‍ നിന്നും മാറിനില്‍ക്കുന്ന മെസ്സി തന്റെ ഭാവിയെക്കുറിച്ച് മൗനം തുടരുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications