
അര്‍ജന്റീന ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സിക്ക് ഇന്ന് 31ാം ജന്മദിനം. 1987 ജൂണ്‍ 24ന് അര്‍ജന്റീനയിലെ റൊസാരിയോയിലാണ് ലയണല്‍ ആന്ദ്രെസ് മെസ്സി എന്ന ഇതിഹാസ താരത്തിന്റെ പിറവി. അഞ്ച് തവണ ഫിഫ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നേടി റെക്കോഡിട്ട ആദ്യ താരമാണ്് സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയുടെ ഈ ഇതിഹാസ താരം. താരത്തിന്റെ 31ാം ജന്മദിനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.

മെസ്സിക്കിത് കയ്‌പ്പേറിയ പിറന്നാള്‍
സോഷ്യല്‍ മീഡിയയില്‍ തരംഗമാവുമ്പോഴും മെസ്സിയെ സംബന്ധിച്ചിടത്തോളം ഇത് കയ്‌പ്പേറിയ പിറന്നാളാണ്. റഷ്യന്‍ ലോകകപ്പിലെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ അര്‍ജന്റീനയും മെസ്സിയും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ബാഴ്‌സലോണയെ പല നേട്ടങ്ങളിലേക്കും ആനയിച്ചിട്ടുള്ള മെസ്സിയുടെ കീഴില്‍ വന്‍ പ്രതീക്ഷയുമായി റഷ്യന്‍ ലോകകപ്പിനെത്തിയ അര്‍ജന്റീനയ്ക്ക് ആദ്യ രണ്ട് മല്‍സരങ്ങളില്‍ അപ്രതീക്ഷിത തിരിച്ചടിയേല്‍ക്കുകയായിരുന്നു.
കുഞന്‍മാരായ ഐസ്‌ലാന്‍ഡിനോട് സമനില വഴങ്ങിയതിനു പിന്നാലെ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളിന്റെ ഞെട്ടിക്കുന്ന തോല്‍വിയുമായി ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താവലിന്റെ വക്കിലാണ് മെസ്സിയും സംഘവും. ഐസ് ലാന്‍ഡിനെതിരേ നിര്‍ണായക സമയത്ത് പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് താരത്തിന്റെ ആരാധകരെ നിരാശയിലാഴ്ത്തിയപ്പോള്‍ വിമര്‍ശകര്‍ അത് ആഘോഷമാക്കി മാറ്റുകയായിരുന്നു.
നൈജീരിയക്കെതിരായ നിര്‍ണായക മല്‍സരത്തില്‍ ജയിക്കുന്നതോടൊപ്പം ഭാഗ്യവും തുണച്ചാല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് ഇനി ടൂര്‍ണമെന്റില്‍ പ്രീക്വാര്‍ട്ടര്‍ സാധ്യതയുള്ളൂ. അതിനാല്‍ തന്നെ സമ്മര്‍ദ്ദത്തിലാണ് മെസ്സിയും അര്‍ജന്റീനയും.

ഉയര്‍ത്തെഴുന്നേല്‍ക്കുമോ മെസ്സിയും അര്‍ജന്റീനയും?
ബാഴ്‌സലോണയ്ക്കു വേണ്ടി നിരവധി കിരീടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇതിഹാസ താരമാണ് മെസ്സി. എന്നാല്‍, നിലവില്‍ ലോക ഫുട്‌ബോളിലെ താരരാജാവായിട്ടും ഡീഗോ മറഡോണയുടെ പിന്‍മുറക്കാരന് രാജ്യത്തിനു വേണ്ടി ഒരു ലോക കിരീടം പോലും നേടിക്കൊടുക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന താരം കൂടിയാണ് മെസ്സി. കഴിഞ്ഞ ലോകകപ്പില്‍ ചുണ്ടിനും കപ്പിനുമിടയില്‍ കിരീടം കൈവിട്ടത് മെസ്സിയെയും അര്‍ജന്റീനയെയും ഏറെ അസ്വസ്തനാക്കിയിരുന്നു. കഴിഞ്ഞ ലോകകപ്പിനു പിന്നാലെ അപ്രതീക്ഷിതമായി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച മെസ്സി പിന്നീട് ആരാധകരുടെ മുറവിളിയില്‍ വീണ്ടും ദേശീയ കുപ്പായം അണിയുകയായിരുന്നു.
ഇത്തവണ ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ വന്‍ തിരിച്ചടിയാണ് അര്‍ജന്റീനയ്ക്ക് നേരിടേണ്ടിവന്നിരിക്കുന്നത്. എങ്കിലും നിര്‍ണായക മല്‍സരത്തില്‍ ജയിച്ച് ഭാഗ്യത്തിന്റെ തണലില്‍ അര്‍ജന്റീന പ്രീക്വാര്‍ട്ടര്‍ കടക്കുകയും അദ്ഭുതങ്ങള്‍ കാണിക്കുമെന്നും വിശ്വാസിക്കുകയാണ് താരത്തിന്റെ ഉറച്ച ആരാധകര്‍. ലോകകപ്പ് യോഗ്യത റൗണ്ടില്‍ മെസ്സിയുടെ മാസ്മരിക പ്രകടനമായിരുന്നു റഷ്യയിലേക്ക് അര്‍ജന്റീനയ്ക്ക് ടിക്കറ്റ് നേടിക്കൊടുത്തത്. അത്തരത്തിലൊരു പ്രകടനം ഗോളടിവീരന്‍ കൂടിയായ മെസ്സിയില്‍ നിന്ന് ഇനിയുമുണ്ടാവുമെന്നാണ് ആരാധകര്‍ സ്വപ്‌നം കാണുന്നത്.
അര്‍ജന്റീനയിലെ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിലൂടെ പന്ത് തട്ടി ഫുട്‌ബോള്‍ ലോകത്തേക്ക് പിച്ചവെച്ച മെസ്സി പിന്നീട് ബാഴ്‌സയുടെയും അര്‍ജന്റീനയുടെയും ഇതിഹാസ താരമായി മാറുകയായിരുന്നു. 2005ലെ അണ്ടര്‍ 20 ലോകകപ്പില്‍ യുവ ലോകകിരീടം അര്‍ജന്റീനയ്ക്ക് സമ്മാനിച്ച മെസ്സി 2008ല്‍ ഒളിംപിക്‌സില്‍ രാജ്യത്തിനു വേണ്ടി സ്വര്‍ണ മെഡലും നേടിക്കൊടുത്തു. എന്നാല്‍, സീനിയര്‍ ലോകകപ്പിലും, കോപ്പ അമേരിക്കയിലും ഒരിക്കല്‍ പോലും തന്റെ കീഴില്‍ കിരീടം നേടാന്‍ കഴിയാത്തത് മെസ്സിയെന്ന ഇതിഹാസ താരത്തിന്റെ വലിയ നഷ്ടങ്ങളായാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.