ചങ്കല്ല... ചങ്കിടിപ്പാണ്... മൊറോക്കോയും സൗദിയും ഇറാനും മാസാണ്. തോറ്റെങ്കിലും പോരാളികളാണ് ഈ ടീമുകള്‍!
റഷ്യന്‍ ലോകകപ്പില്‍ ചെറു ടീമുകള്‍ തരംഗമാവുകയാണ്. സൂപ്പര്‍ താരങ്ങളടങ്ങിയ ടീമുകളെ സമനിലയില്‍ തളച്ചോ അതല്ലെങ്കില്‍ അവരോട് പൊരുതി തോറ്റോ ആണ് അവര്‍ ശ്രദ്ധേയരാകുന്നത്. കഴിഞ്ഞ ദിവസം മൊറോക്കോയും സൗദി അറേബ്യയും ഇറാനും നടത്തിയ പോരാട്ടങ്ങള്‍ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ക്രിസ്റ്റ്യാനോയെയും സുവാരസിനെയും വരെ ഞെട്ടിച്ച പ്രകടനമായിരുന്നു ഈ ടീമുകളുടേത്.
ചരിത്രത്തില്‍ ഇതുവരെ നടന്ന ലോകകപ്പുകളിലെല്ലാം വമ്പന്‍ ടീമുകള്‍ തന്നെയാണ് കിരീടം നേടിയിട്ടുള്ളത്. ബ്രസീലും ജര്‍മനിയും ഇറ്റലിയും അര്‍ജന്റീനയും ഫ്രാന്‍സും എല്ലാം പട്ടികയില്‍ വരും. പക്ഷേ ഇതൊക്കെ വമ്പന്‍മാരുടെ മാത്രം കാര്യമാണ്. കപ്പ് നേടാത്ത എന്നാല്‍ അദ്ഭുതം നടത്താന്‍ ശേഷിയുള്ള ചെറുടീമുകളാണ് ധാരാളമുള്ളത്. കഴിഞ്ഞ യൂറോ കപ്പിലെ അദ്ഭുത ടീമായിരുന്ന ഐസ്‌ലന്റ് മുതല്‍ സെനഗല്‍ വരെ ഈ നിരയില്‍ ഉണ്ട്. റഷ്യന്‍ ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മൂന്ന് വമ്പന്‍ മത്സരങ്ങള്‍ ഇക്കാര്യങ്ങള്‍ അടിവരയിടുന്നതാണ്.
പോര്‍ച്ചുഗല്‍, ഉറുഗ്വായ്, സ്‌പെയിന്‍ എന്നീ ലോകോത്തര ടീമുകള്‍ കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ ജയിച്ചെങ്കിലും ഒന്നും ആധികാരികമായിരുന്നില്ല. എതിരാളികളായ മൊറോക്കോ, സൗദി അറേബ്യ, ഇറാന്‍ എന്നീ ടീമുകള്‍ ഇവരെ വിറപ്പിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. സൂപ്പര്‍ താരങ്ങളെ കാണിച്ച് വിറപ്പിക്കാമെന്ന വ്യാമോഹം ഇനി നടക്കില്ലെന്ന് ധീരമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇവര്‍. റഷ്യന്‍ ലോകകപ്പ് മറ്റുള്ള ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമാകുന്നതും ഈ ടീമുകളുടെ അദ്ഭുത പ്രകടനം കൊണ്ടാണ്.

മൊറോക്കോ ചങ്കല്ല ചങ്കിടിപ്പാണ്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന സൂപ്പര്‍ ഹീറോയുടെ കരുത്തിലാണ് മൊറോക്കോയ്‌ക്കെതിരെ പോര്‍ച്ചുഗല്‍ കളത്തിലിറങ്ങിയത്. നാലാം മിനുട്ടിലെ ഗോള്‍ കൊണ്ട് ജയവുമായി രക്ഷപ്പെടുകയായിരുന്നു പോര്‍ച്ചുഗല്‍. മത്സരത്തില്‍ പോര്‍ച്ചുഗലിനേക്കാള്‍ ഒരുപടി മുകളില്‍ കളിച്ചത് മൊറോക്കോ ആയിരുന്നു. ഹെര്‍വെ റെനാര്‍ഡ് എന്ന തന്ത്രശാലിയായ പരിശീലനത്തില്‍ കളത്തിലിറങ്ങിയ മൊറോക്കോ പോര്‍ച്ചുഗലിന്റെ പ്രതിരോധത്തെ പലതവണയാണ് പൊളിച്ചത്. ആദ്യ പകുതിയില്‍ പെനാല്‍ട്ടിക്ക് വേണ്ടിയുള്ള രണ്ട് വാദങ്ങള്‍ റഫറി തള്ളിയിരുന്നില്ലെങ്കില്‍ പോര്‍ച്ചുഗലിന് തല കുനിച്ച് മത്സരത്തില്‍ നിന്ന് മടങ്ങേണ്ടി വരുമായിരുന്നു. മെദി ബെനാറ്റിയ, ഹാകിം സിയെച്ച്, യൂനുസ് ബെല്‍ഹാന്‍ഡ എന്നിവരുടെ മിന്നല്‍ ഷോട്ടുകളും മുനീര്‍ എന്ന വണ്ടര്‍ ഗോളിയുടെ പ്രകടനവും മാത്രം മതി മൊറോക്കോയുടെ വിലയറിയാന്‍. ആദ്യ മത്സരത്തില്‍ ഇറാനോടും ഏകപകീയമായ ഒരുഗോളിന് തോറ്റ മൊറോക്കോ ഏകദേശം പുറത്തായി കഴിഞ്ഞു. എന്നാല്‍ പോര്‍ച്ചുഗലിനെതിരെ അവര്‍ ഒരു ജയം അര്‍ഹിച്ചിരുന്നു.

സുവാരസിനെ വരെ വിറപ്പിച്ച സൗദി
ആതിഥേയരായ റഷ്യയോട് ഈ ലോകകപ്പിലെ ഏറ്റവും തോല്‍വി വഴങ്ങിയാണ് സൗദി അറേബ്യ രണ്ടാം മത്സരത്തിനിറങ്ങിയത്. ലൂയി സുവാരസിന്റെ ഉറുഗ്വെയെ നേരിടുമ്പോള്‍ അതിലും വലിയൊരു തോല്‍വി എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സൗദിയുടെ ആക്രമണവും പ്രതിരോധവും കലര്‍ത്തിയുള്ള രീതി ഉറുഗ്വെയെ ഞെട്ടിച്ചു കളഞ്ഞു. സുവാരസ് നേടിയ ഏക ഗോളാണ് ഉറുഗ്വെയെ മത്സരത്തിലെ ജേതാക്കളാക്കിയത്. പക്ഷേ സൗദി സമനില അര്‍ഹിച്ചിരുന്നു. ബോള്‍ പൊസഷനില്‍ 53 ശതമാനവും പന്ത് കൈവശം വച്ചത് സൗദിയാണ്. ഹതന്‍ ബാബിര്‍, ഫഹദ് അല്‍ മുവല്ലാദ് എന്നിവര്‍ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. പലപ്പോഴും കാഴ്ച്ചക്കാരുടെ റോളിലായിരുന്നു ഉറുഗ്വെ. ഫിനിഷിങ് പോരായ്മയും ഗോളി മുഹമ്മദ് അല്‍ ഒവൈസിന്റെ പിഴവും മാത്രമാണ് സൗദിയെ പിന്നോടടിച്ചത്. മധ്യനിരയിലും മുന്നേറ്റത്തിലും പ്രതിരോധത്തിലും അവര്‍ പുലര്‍ത്തിയ നിലവാരം ശരിക്കും ലോകോത്തര ടീമുകളുടേതിന് തുല്യമായിരുന്നു.

വണ്ടര്‍ഫുള്‍ ഇറാന്‍.....
സ്‌പെയിനെന്ന പോരാളികളുടെ സംഘത്തെ വെള്ളം കുടിപ്പിച്ച പ്രകടനമായിരുന്നു ഇറാന്‍ നടത്തിയത്. ഡീഗോ കോസ്റ്റയുടെ ഗോളില്‍ അവര്‍ രക്ഷപ്പെട്ടെങ്കിലും ഒരുപാട് സൂക്ഷിക്കേണ്ടിയിരിക്കുന്നു എന്ന പാഠമാണ് അവര്‍ക്ക് ലഭിച്ചത്. മത്സരത്തില്‍ വെറും 22 ശതമാനം മാത്രമാണ് പന്തം കൈവശം വെക്കാന്‍ സാധിച്ചത്. ആദ്യ പകുതിയില്‍ മുന്‍ ലോകചാംപ്യന്‍മാര്‍ക്ക് ഒരു ഗോള്‍ പോലും ഇറാനെതിരെ അടിക്കാന്‍ സാധിച്ചില്ല. അത്രയ്ക്ക് ശക്തമായിരുന്നു അവരുടെ പ്രതിരോധം. കാര്‍ലോസ് ക്വയറസ് എന്ന തന്ത്രശാലിയായ കോച്ചിന്റെ പിന്തുണയും അവര്‍ക്കുണ്ടായിരുന്നു. രണ്ടാം പകുതിയില്‍ ഗോള്‍ വഴങ്ങിയപ്പോള്‍ പോലും ഇറാന്‍ കുലുങ്ങിയില്ല. കോസ്റ്റ് ഗോള്‍ നേടിയ ശേഷം കൂടുതല്‍ ആക്രമണത്തിനാണ് അവര്‍ ശ്രമിച്ചത്. ഒരിക്കല്‍ അവര്‍ വല കുലുക്കിയെങ്കിലും വീഡിയോ പരിശോധനയില്‍ ഓഫ് സൈഡ് ആണെന്ന് വിധിച്ചതോടെയാണ് സമനിലയെന്ന അവരുടെ പ്രതീക്ഷ പാറിപ്പോയത്. മെഹദി താരെമി, റീസായെന്‍ എന്നിവരുടെ സൂപ്പര്‍ പ്രകടനമായിരുന്നു സ്‌പെയിനിനെ വിറപ്പിക്കാന്‍ അവരെ സഹായിച്ചത്. ഒരു പക്ഷേ ഭാഗ്യം സ്‌പെയിനിന് ഒപ്പമായിരുന്നു എന്ന് വേണം കരുതാന്‍.

ചെറുമീനുകളുടെ ലോകകപ്പ്
ഇതുവരെ ഉണ്ടായ മത്സരങ്ങളില്‍ വമ്പന്‍ ടീമുകളൊക്കെ നിരാശപ്പെടുത്തി എന്ന് പറയുന്നതാണ് ശരി. എന്നാല്‍ ചെറിയ ടീമുകള്‍ പലരും ജയിക്കുകയും അതല്ലെങ്കില്‍ സമനിലയോ തോല്‍വിയോ വഴങ്ങിയ രീതി പോലും അഭിനന്ദനമര്‍ഹിക്കുന്നതാണ്. ആതിഥേയരായ റഷ്യ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് എട്ടുഗോളുകള്‍ നേടി കഴിഞ്ഞു. ഐസ്‌ലന്‍ഡ് വമ്പന്‍മാരായ അര്‍ജന്റീനയെ താഴിട്ട് പൂട്ടി. ആസ്‌ത്രേലിയ ഫ്രാന്‍സിനെ വിറപ്പിച്ചാണ് കീഴടങ്ങിയത്. മെക്‌സിക്കോ ലോകചാംപ്യന്‍മാരായ ജര്‍മനിയെ വീഴ്ത്തി. ബ്രസീലിനെ സ്വിറ്റ്‌സര്‍ലന്റ് കരുക്കിയപ്പോള്‍ കൊളംബിയയെ ജപ്പാന്‍ അട്ടിമറിച്ചു. സെഗലും കരുത്തുകാട്ടി കഴിഞ്ഞു. ഇതില്‍ സൗദിയും മൊറോക്കോയും പുറത്തായെങ്കിലും ചെറുമീനുകളുടെ കുതിപ്പ് അവസാനിച്ചിട്ടില്ല എന്നാണ് ഇത് തെളിയിക്കുന്നത്. അതുകൊണ്ട് വമ്പന്‍ ടീമുകള്‍ ഒന്ന് കരുതിയിരിക്കുന്നത് നന്നായിരിക്കും. സൂപ്പര്‍ താരങ്ങളുടെ കരുത്തുണ്ടെന്ന് മാത്രം പറഞ്ഞത് കൊണ്ടായില്ല ഈ ടീമുകള്‍ക്കെതിരെ നന്നായി കളിച്ചാല്‍ മാത്രമേ ജയിക്കൂ എന്ന് സാരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications