പാതിവഴിയില്‍ ബ്ലാസ്റ്റേഴ്‌സിന് കാലിടറുന്നു... ടീമിനോട് ഗുഡ്‌ബൈ പറഞ്ഞ് സിഫ്‌നിയോസ്!! അടുത്തതാര്?
കൊച്ചി: പരിക്കുകളും സ്ഥിരതയില്ലാത്ത ഫോമും കാരണം ഐഎസ്എല്ലില്‍ തപ്പിത്തടയുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് അപ്രതീക്ഷിത തിരിച്ചടി. ഡച്ച് യുവ സ്‌ട്രൈക്കര്‍ മാര്‍ക്ക് സിഫ്‌നിയോസ് സീസണിന്റെ നിര്‍ണായകഘട്ടത്തില്‍ വച്ച് ബ്ലാസ്റ്റേഴ്‌സിനോട് ഗുഡ്‌ബൈ പറഞ്ഞു പോയി. ഇത്തവണത്തെ ഐഎസ്എല്ലില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ വിദേശതാരം കൂടിയായിരുന്നു അദ്ദേഹം.
ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കന്നി ഗോള്‍ നേടിയ താരമാണ് സിഫ്‌നിയോസ്. അദ്ദേഹം ടീം വിടാനുള്ള യഥാര്‍ഥ കാരണം എന്താണെന്നു വ്യക്തമല്ല. റെനെ മ്യുളെന്‍സ്റ്റീന് പകരം ഡേവിഡ് ജെയിംസ് പരിശീലസ്ഥാനത്തെത്തിയതോടെ സിഫ്‌നിയോസിനു പലപ്പോഴും പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം. ഇതാവാം താരം ടീം വിടാനുള്ള കാരണമെന്നാണ് സൂചന.

മുന്നേറ്റനിരയെ ബാധിക്കും
സിഫ്‌നിയോസ് ടീം വിട്ടത് ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റനിരയെ കാര്യമായി തന്നെ ബാധിക്കുമെന്നുറപ്പാണ്. നാലു ഗോളുകളുമായി സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിനോടൊപ്പം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ടോപ്‌സ്‌കോറര്‍ കൂടിയാണ് സിഫ്‌നിയോസ്.
പരസ്പരധാരണ പ്രകരമാണ് സിഫ്‌നിയോസ് വീം വിട്ടതെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. ടീമിനായി സിഫ്‌നിയോസ് നല്‍കിയ സംഭാവനകളില്‍ നന്ദിയുണ്ട്. അദ്ദേഹത്തിന്റെ ഭാവി ശോഭനമായിരിക്കട്ടെയെന്നും ആശംസിക്കുന്നതായി ബ്ലാസ്‌റ്റേഴ്‌സ് വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.

സിഫ്‌നിയോസിനെ ആകര്‍ഷിച്ചത്
ബ്ലാസ്റ്റേഴിലേക്ക് സിഫ്‌നിയോസിനെ ആകര്‍ഷിച്ചത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ അസിസ്റ്റന്റ് കോച്ചായ റെനെ മ്യുളെന്‍സ്റ്റീനിന്റെ സാന്നിധ്യമായിരുന്നു. എന്നാല്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് മ്യുളെന്‍സ്റ്റീനിനെ പുറത്താക്കിയതോടെ സിഫ്‌നിയോസ് ആശങ്കയിലായിരുന്നുവെന്നാണ് സൂചന.
മ്യുളെന്‍സ്റ്റീനിനു പകരം ജെയിംസ് പരിശീലകസ്ഥാനത്തെത്തിയതോടെ ചില മല്‍സരങ്ങളില്‍ സിഫ്‌നിയോസ് പ്ലെയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ല. അവസരം കുറഞ്ഞതാവാം താരത്തെ ഇപ്പോള്‍ ടീം വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് അഭ്യൂഹം.
ആരാധകര്‍ക്കു നന്ദി പറഞ്ഞ് സിഫ്‌നിയോസ്
കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കു ട്വിറ്ററിലൂടെ സിഫ്‌നിയോസ് നന്ദി അറിയിച്ചു. ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള ദിനങ്ങള്‍. ആരാധകരുടെ പിന്തുണയും ആര്‍പ്പുവിളികളുമെല്ലാം മനസ്സില്‍ മായാതെ നിലനില്‍ക്കുക തന്നെ ചെയ്യും. ബ്ലാസ്റ്റേഴ്‌സ് ടീമിനും സഹതാരങ്ങള്‍ക്കും നല്ലൊരു ഭാവി ആശംസിക്കുന്നതായും സിഫ്‌നിയോസ് ട്വിറ്ററില്‍ കുറിച്ചു.

ബെര്‍ബയുടെ ഭാവി ?
പരിക്കേറ്റു വിശ്രമിക്കുന്ന മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ദിമിതര്‍ ബെര്‍ബറ്റോവിനെ ബ്ലാസ്‌റ്റേഴ്‌സ് ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പകരം ഈ മാസത്തെ ട്രാന്‍സ്ഫര്‍ സീസണില്‍ മറ്റൊരു വിദേശ താരത്തെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കമെന്നും സൂചനയുണ്ടായിരുന്നു.
ബെര്‍ബയുടെ ഭാവി സംബന്ധിച്ച് അനിശ്ചതത്വം നിലനില്‍ക്കവെയാണ് തികച്ചും അപ്രതീക്ഷിതമായി സിഫ്‌നിയോസ് ടീം വിട്ടത്. ഇതോടെ ബെര്‍ബയെ സീസണ്‍ അവസാനിക്കുന്നതു വരെയെങ്കിലും ടീമില്‍ നിലനിര്‍ത്തുകയാവും ഇനി ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications