മാഡ്രിഡ്/ ലണ്ടന്‍: സ്പെയിനില്‍ നടക്കുന്ന കിങ്സ് കപ്പ് ഫുട്ബോളില്‍ സെവിയ്യക്ക് ഫൈനല്‍ ടിക്കറ്റ്. ഇരുപാദങ്ങൡലുമായി നടന്ന സെമിയില്‍ ലാ ലിഗയിലെ തന്നെ ടീമായ ലെഗന്സിനെയാണ് സെവിയ്യ മറികടന്നത്. എഫ്എ കപ്പില്‍ ടോട്ടനം ഹോട്സ്പര്‍ ജയത്തോടെ അഞ്ചാം റൗണ്ടിലേക്കു മുന്നേറി. ലെഗന്‍സിനെ ഇരുപാദങ്ങളിലായി സെവിയ്യ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തകര്‍ത്തുവിടുകയായിരുന്നു. രണ്ടാംപാദ സെമിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു സെവിയ്യയുടെ വിജയം. ബാഴ്സലോണ- വലന്‍സിയ സെമിയിലെ വിജയികളാണ് ഫൈനലില്‍ സെവിയ്യയുടെ എതിരാളികള്‍.
സ്പാനിഷ് ലീഗിലെ തൊട്ടുമുമ്പത്തെ കളിയില്‍ ഐബറിനോടേറ്റ വന്‍ തോല്‍വിക്കു ശേഷമിറങ്ങിയ സെവിയ്യ ലെഗന്‍സിനെതിരേ അതിന്റെ ക്ഷീണമെല്ലാം തീര്‍ക്കുന്ന പ്രകടനമാണ് നടത്തിയത്. 15ാം മിനിറ്റില്‍ ജോക്വിം കൊറേയയിലൂടെയാണ് സെവിയ്യ അക്കൗണ്ട് തുറന്നത്. ഫൈനല്‍ വിസിലിന് ഒരു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഫ്രാങ്കോ വാസ്ക്വസ് സെവിയ്യയുടെ ഗോള്‍പട്ടിക തികച്ചു.
അതേസമയം, നാലാം റൗണ്ട് റീപ്ലേയില്‍ മൂന്നാം ഡിവിഷന് ടീം ന്യൂപോര്‍ട്ട് കൗണ്ടിയെയാണ് ടോട്ടനം എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തത്. നേരത്തേ നടന്ന ആദ്യപാദം 1-1നു സമനിലയില്‍ പിരിഞ്ഞതോടെയാണ് മല്‍സരം വീണ്ടും നടത്തേണ്ടിവന്നത്. രണ്ടാംപാദത്തില്‍ സെല്‍ഫ് ഗോളാണ് ടോട്ടനത്തെ മുന്നിലെത്തിച്ചത്. 26ാം മിനിറ്റില്‍ ഡാന്‍ ബട്ലറുടെ ഗോളില്‍ സ്പര്‍സ് ലീഡ് നേടുകയായിരുന്നു. എട്ടു മിനിറ്റിനുള്ളില്‍ എറിക് ലമേല രണ്ടാം ഗോളും നേടിയതോടെ ടോട്ടനം വിജയമുറപ്പിച്ചു.