കെപിഎല്‍: സാറ്റിന് വിജയത്തുടക്കം; ഗ്യാലറിയില്‍ പ്രതിഷേധജ്വാല

Posted By: Mohammed shafeeq ap

തിരൂര്‍: കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കഴിഞ്ഞ സീസണിലെ മൂന്നാം സ്ഥാനക്കാരായ സ്‌പോര്‍ട്‌സ് അക്കാദമി തിരൂരിന് (സാറ്റ്) വിജയത്തുടക്കം. തിരൂര്‍ രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് കെപിഎല്‍ സീസണില്‍ സാറ്റ് വിജയത്തോടെ തുടങ്ങിയത്.

ftbl1

ഇരട്ട ഗോള്‍ നേടിയ തഫ്‌സീറാണ് സാറ്റിന്റെ വിജയശില്‍പ്പി. കളിയുടെ 45, 90 മിനിറ്റുകളിലായിരുന്നു തഫ്‌സീര്‍ സാറ്റിനു വേണ്ടി വലകുലുക്കിയത്. ഗ്രൂപ്പ് എയില്‍ വിജയത്തോട സാറ്റ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. മൂന്ന് കളിയിലും തോറ്റ കൊച്ചിന്‍ പോര്‍ട്ട് പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ്. ഇരു ടീമിനും പുറമേ എഫ്‌സി തൃശൂര്‍, കേരള പോലിസ്, കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി റിസര്‍വ് ടീം എന്നിവരാണ് ഗ്രൂപ്പ് എയില്‍ മാറ്റുരയ്ക്കുന്നത്.

ftbl2

അതേസമയം, മല്‍സരം കാണാനെത്തിയ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനും രാജീവ് ഗാന്ധി സ്റ്റേഡിയം സാക്ഷിയായി. കാശ്മീരില്‍ അതിദാരുണമായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരി ആസിഫയ്ക്ക് പിന്തുണ അര്‍പ്പിച്ച് ആയിരക്കണക്കിന് ആളുകളാണ് ഗ്യാലറിയില്‍ ക്രൂരതയ്‌ക്കെതിരേ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. തിരൂരിലെ യുവ കൂട്ടായ്മയായ ഡൗണ്‍ ബ്രിഡ്ജാണ് ഇത്തരത്തിലുള്ളൊരു പ്രതിഷേധത്തിന് ചുക്കാന്‍ പിടിച്ചത്. കറുത്ത ടീ ഷര്‍ട്ടും ആസിഫയ്ക്ക് ഐക്യദാര്‍ഢ്യവും അറിയിച്ചു കൊണ്ടുള്ള ബാഡ്ജ് ധരിച്ചായിരുന്നു ഡൗണ്‍ ബ്രിഡ്ജ് പ്രതികരിച്ചത്. ഇത് കാണികളെല്ലാവരും ഏറ്റെടുത്തതോടെ രാജീവ് ഗാന്ധി സ്‌റ്റേഡിയം അക്ഷരാര്‍ഥത്തില്‍ പ്രതിഷേധ കടലായി മാറുകയും ചെയ്തു. ബാനറുകളും ഏന്തി മറ്റു ക്ലബ്ബുകളും ആസിഫയ്ക്ക് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി.

ftbl3

കളിയുടെ തുടക്കം മുതല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ സാറ്റ് അര്‍ഹിച്ച ജയമാണ് കൊച്ചിന്‍ പോര്‍ട്ടിനെതിരേ നേടിയത്. ഹോംഗ്രൗണ്ടില്‍ ഉനൈസ് നല്‍കിയ പാസ് ഗോളിയെ കബളിപ്പിച്ച് ചിപ്പ് ചെയ്ത് തഫ്‌സീര്‍ സാറ്റിന്റെ ആദ്യ ഗോള്‍ മനോഹരമാക്കുകയായിരുന്നു. കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ മന്‍സൂറിന്റെ പാസില്‍ തഫ്‌സീര്‍ തന്റെ രണ്ടാം ഗോളും ലക്ഷ്യത്തിലെത്തിച്ചു.

Read more about: football kerala india
Story first published: Monday, April 16, 2018, 8:13 [IST]
Other articles published on Apr 16, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍