
മഞ്ചേരി: 75ാമത് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ടില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസും മണിപ്പൂരും തമ്മിലുള്ള മത്സരത്തില്‍ മണിപ്പൂരിന് വിജയം. ഏകപക്ഷീയ മൂന്ന് ഗോളിനാണ് മണിപ്പൂര്‍ സര്‍വീസസിനെ തോല്പിച്ചത്. മത്സരത്തിന്റെ അഞ്ചാം മിനുട്ടില്‍ തന്നെ പതിനൊന്നാം നമ്പര്‍ താരം ജെനിഷ് സിംഗ് മണിപ്പൂരിനെ മുമ്പിലെത്തിച്ചു. മത്സരത്തിലുടനീളം ഇരു ടീമുകളും ആക്രമിച്ചു കളിച്ചു.
ഗോള്‍ വീട്ടാന്‍ സര്‍വീസസും ലീഡുയര്‍ത്താന്‍ മണിപ്പൂരും നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു. ആദ്യ പകുതിയില്‍ സര്‍വീസസിന്റെ അരഡസനോളം ഗോള്‍ ശ്രമങ്ങള്‍ മണിപ്പൂരിന്റെ ഗോള്‍ കീപ്പര്‍ ടെനി സിംഗും പ്രതിരോധ താരങ്ങളായ അരുണ്‍കുമാര്‍ സിംഗും റോമന്‍ സിംഗും ചേര്‍ന്ന് ചെറുത്തു നിന്നു. ഒറ്റപ്പെട്ട അവസരങ്ങള്‍ വീണ്ടുമുണ്ടായെങ്കിലും മണിപ്പൂര്‍ മുന്നേറ്റത്തിന് ലീഡ് ഉയര്‍ത്താനായില്ല. ആദ്യ പകുതിയിലെന്ന പോലെ രണ്ടാം പകുതിയിലും ഗോള്‍മുഖങ്ങള്‍ നിരന്തരം പരീക്ഷിക്കപ്പെട്ടു.

നാല്പത്തി ഒമ്പതാം മിനുട്ടില്‍ മണിപ്പൂരിന്റെ രണ്ടാം ഗോള്‍ വന്നു. ഇങ്‌ലൗല്‍ സിങ്സിത് വലത് വിങ്ങില്‍ നിന്നെടുത്ത കോര്‍ണര്‍ കിക്ക് ലുന്‍മിലെന്‍ ഹാവോകിപ്പ് തന്റെ സൂപ്പര്‍ ഹെഡിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. എഴുപതാം മിനുട്ടില്‍ ലുന്‍മിലെന്‍ ഗോള്‍ പോസ്റ്റിന് നേരെ വീണ്ടും ഹെഡര്‍ ഉതിര്‍ത്തെങ്കിലും ഗോളായില്ല.
സ്‌കോര്‍ബോര്‍ഡ് തുറക്കാന്‍ വേണ്ടി സര്‍വീസസ് ആഞ്ഞുശ്രമിച്ചെങ്കിലും മണിപ്പൂരിന്റെ കൃത്യമായ പ്രതിരോധം ഗോള്‍ വല കുലുങ്ങാതെ കാത്തു. എഴുപത്തി നാലാം മിനുട്ടില്‍ സര്‍വീസ് ടീം ഡിഫണ്ടര്‍മാര്‍ തമ്മിലുള്ള ആശയ കുഴപ്പത്തിനിടയില്‍ സര്‍വീസസ് ഡിഫണ്ടര്‍ സുനില്‍ ബിയുടെ സെല്ഫ് ഗോള്‍ കൂടിയായതൊടെ ചാമ്പ്യന്‍മാരുടെ പതനം പൂര്‍ണമായി.
