For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സന്തോഷ് ട്രോഫി: കമോണ്‍ കേരളാ.. കാല്‍പന്തിന്‍ നാട്ടുകാര്‍ക്കു വേണം പെരുന്നാള്‍ സമ്മാനം

രാത്രി എട്ടു മണിക്കാണ് ഫൈനല്‍

By Sameer Pilakkal
1

മഞ്ചേരി: പന്തുരുണ്ട് തുടങ്ങിയ കാലം മുതല്‍ക്ക് ഇന്നേ വരെ കണ്ട് പിടിക്കാന്‍ കഴിയാത്ത നിഗൂഢത നിറഞ്ഞ രഹസ്യമായ ഒരു മിത്ത്. പന്തും മലപ്പുറവും തമ്മിലുള്ള ബന്ധമാണ് രഹസ്യമായ ആ മിത്ത്. കാലങ്ങളായി മലപ്പുറവും മലപ്പുറത്തുകാരും ആ മിത്തിന് ചുറ്റും കറങ്ങുന്നു, ഒരു പന്ത് പോലെ. മലപ്പുറത്തുക്കാര്‍ ദൈവ വിശ്വാസികളെന്ന പോലെ നല്ല ഒന്നാന്തരം ഫുട്ബാള്‍ വിശ്വാസികളാണ്. ദൈവത്തിനെന്ന പോലെ പ്രാര്‍ത്ഥനയും നേര്‍ച്ചയും കാണിക്കയും അവരാ പന്തിനും സമര്‍പ്പിക്കുന്നു. ദൈവത്തിന് വേണ്ടി അവര്‍ തമ്മില്‍ തല്ലില്ലെങ്കിലും ഫുട്‌ബോളിന് വേണ്ടിയിട്ടവര്‍ തമ്മില്‍ തല്ലുന്നു, വീണ്ടുമൊന്നിക്കുന്നു. കാല്‍പന്തിനെ ശ്വാസം പോലെ കൊണ്ട് നടക്കുന്നവര്‍. അവരുടെ നിത്യജീവിതത്തിന്റെ എല്ലാ ഇടങ്ങളിലും ഫുട്‌ബോളുണ്ട്.സന്തോഷങ്ങളിലും ദുഃഖങ്ങളിലും ആനന്ദങ്ങളിലും നിരാശകളിലും...

എഴുപത്തി അഞ്ചു വര്‍ഷങ്ങളുടെ പഴക്കമുള്ള സന്തോഷ് ട്രോഫി ആദ്യമായി മലപ്പുറത്തെത്തുമ്പോള്‍ വിരലിലെണ്ണിയാലൊതുങ്ങാത്ത ദേശീയ താരങ്ങളെയും സന്തോഷ് ട്രോഫി താരങ്ങളെയും സമ്മാനിച്ച, ഫുട്‌ബോളെന്നാല്‍ ജീവന്‍ തന്നെയായി കാണുന്ന നാട്ടില്‍ ടൂര്‍ണമെന്റ് വരാന്‍ എന്തേ ഇത്ര കാത്തിരിക്കേണ്ടി വന്നു എന്നൊരു വലിയ ചോദ്യമുണ്ട് ? എന്നാലതില്‍ മലപ്പുറത്തിനോ മലപ്പുറത്തുക്കാര്‍ക്കോ പരാതികളോ പരിഭവങ്ങളോ ഇല്ല.

2

അത് കൊണ്ട് തന്നെ തെല്ലും പരിഭവമോ പരാതിയോ ഇല്ലാതെ അവര്‍ ഈ നോമ്പ് കാലത്തും മഗ്രിബിന് മുമ്പായി കൂട്ടമായി ഗാലറിയിലെത്തുന്നു. എട്ടു മണിക്കുള്ള കളിക്ക് സീറ്റുറപ്പിക്കാന്‍ ആറ് മണിക്കെത്തുന്നു. ശേഷം ക്ഷമയോടെ കാത്തിരിക്കുന്നു. ക്ഷമ അവരുടെ വിശ്വാസത്തിന്റെ കൂടി ഭാഗമാണ്. കടുത്ത വേനലിലെ 15 മണിക്കൂര്‍ അന്ന പാനീയങ്ങളൊഴിവാക്കിയുള്ള നോമ്പ് അവരാ ഗാലറിയില്‍ വെച്ചു തുറക്കുന്നു. വരുമ്പോള്‍ കൈയില്‍ കരുതിയ പലഹാരങ്ങളും പഴവര്‍ഗങ്ങും പരസ്പരം വീതിക്കുന്നു. അവിടെ വെച്ച് തന്നെ അംഗശുദ്ധി വരുത്തി നിസ്‌ക്കരിക്കുന്നു.

3

ശേഷം പ്രാര്‍ത്ഥനയോടെ ക്ഷമയോടെ കളി കാണാനിരിക്കുന്നു. മുമ്പൊന്നുമില്ലാത്ത വിധം സ്ത്രീകളും കുട്ടികളും ഒറ്റക്കും കുടുംബസമേതമായും എത്തുന്നു. മലപ്പുറവും മലപ്പുറത്ത്ക്കാരും പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് രണ്ട് കാര്യങ്ങളിലാണ്. ഒന്ന് അവരുടെ വിശ്വാസങ്ങളില്‍, മറ്റൊന്ന് ഫുട്‌ബോളിലും. അത് കൊണ്ട് തന്നെ അമ്പലവും പള്ളിയും ചര്‍ച്ചും പോലെ പയ്യനാട്ടെ മൈതാനവും കോട്ടപ്പടിയിലേ കവാത്ത് പറമ്പിലെ മിനുക്കിത്തേച്ച പുതിയ ഗ്രൗണ്ടും എന്തിനേറെ കൊയ്‌തൊഴിഞ്ഞ പാടങ്ങളും കെട്ടിയുണ്ടാക്കിയ കവുങ്ങ് തോപ്പുകളും അവര്‍ക്ക് പുണ്യസ്ഥലം പോലെയാണ്. ഒരേ സമയം സന്തോഷം തേടാനും വിഷമങ്ങളെ കുറയ്ക്കാനും പാപങ്ങള്‍ പൊറുക്കാനുമുള്ള ഇടങ്ങളാണ്.

മലപ്പുറം അസീസും ഇരുമ്പന്‍ മൊയ്തീന്‍ കുട്ടിയും കക്കാടന്‍ മയമുവും യു ഷറഫലിയും ആസിഫ് സഹീറും അനസും ആഷിക്കുമൊക്കെ മലപ്പുറത്തിന്റെ തസ്ബീഹ് മാലയിലെ തിളക്കമുള്ള മുത്തുകളാണ്. ആ മാലയിലെ മുത്തുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം ദീര്‍ഘമാണ്. മലപ്പുറത്തിന്റെ ഫുട്ബാള്‍ ചരിത്രത്തെ പോലെ തന്നെ അതും നീണ്ടു പോവുന്നു. ഏതായാലും മലപ്പുറത്ത് പന്ത് തട്ടിയവരാരും നാലാള്‍ അറിയാത്തവരായിട്ടില്ല.

4

എഴുപത്തഞ്ചാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് കിരീടത്തിന് ഒരുപടി മാത്രം നില്‍ക്കുമ്പോള്‍ കേരളത്തിന്റെ ടീമിലുണ്ട് ഒരു സെവന്‍സോളം മലപ്പുറം താരങ്ങള്‍. ജെസിനും നൗഫലും ഷഫീഫും ഷിഗിലും സല്‍മാനും അര്‍ജുന്‍ ജയരാജുമൊക്കെ കളത്തില്‍ നിറഞ്ഞു കളിക്കുമ്പോള്‍ കുമ്മായ വരക്കപ്പുറത്തെ ഗാലറിയില്‍ ആവേശ ആരവങ്ങളുമായി ഇരുപതിനായിരത്തിലേറെ കാണികളുമുണ്ടാവും.
കര്‍ണാടകക്കെതിരെയുള്ള സെമി ഫൈനലില്‍ ജെസിന്‍ തകര്‍ത്താടിയ ആ രാത്രിയില്‍ പയ്യനാട് സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയിരുന്നത് ഇരുപത്തി അയ്യായിരത്തോളം പേരാണ്. ഇത് ഏകദേശം പയ്യനാട്ടെ സ്റ്റേഡിയം കപ്പാസിറ്റിയോളം വരും. അപ്പോഴും നൂറു കണക്കിനാളുകള്‍ ടിക്കറ്റ് കിട്ടാതെ പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു. സാധാരണ സന്തോഷ് ട്രോഫിയിലെ പ്രാഥമിക കളി കാണാന്‍ ഓള്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷന്റെ ഒഫിഷ്യല്‍ ഫേസ്ബുക് പേജില്‍ ആയിരത്തോളം പേര്‍ മാത്രമെത്തുന്നിടത്ത് കേരളത്തിന്റെ കഴിഞ്ഞ മത്സരം കാണാന്‍ ലൈവില്‍ ഉണ്ടായിരുന്നത് മുപ്പതിനായിരത്തോളം പേരാണ്.

ഇന്നു രാത്രി കലാശ പോരാട്ടത്തിന് വിസില്‍ മുഴങ്ങുമ്പോള്‍ മലപ്പുറവും കേരളവും മലയാളി ഫുട്ബാള്‍ ആരാധക കൂട്ടങ്ങളും തികഞ്ഞ പ്രതീക്ഷയിലും പ്രാര്‍ഥനയിലുമാണ്. സന്തോഷ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ (മുപ്പത്തി രണ്ട് ) തവണ കിരീടം ചൂടിയ ബാംഗാളാണ് ഫൈനലില്‍ കേരളത്തിന് എതിരാളികള്‍. പ്രതിരോധത്തിലും മുന്നേറ്റത്തിലും കടലാസിലും ഒരു പോലെ ശക്തര്‍. 2018ല്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കേരളം തങ്ങളെ തോല്‍പ്പിച്ച് കൊല്‍ക്കത്തയില്‍ കിരീടം ചൂടിയതിന് തിരിച്ച് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കേരളത്തെ തോല്‍പ്പിച്ച് മധുര പ്രതികാരത്തിനുള്ള സുവര്‍ണാവസരമാണ് ബംഗാളിനു കൈവന്നിരിക്കുന്നത്. പക്ഷെ കേരളത്തിന് ജയിച്ചേ പറ്റൂ.

5

ഗാലറിയിലെ കാണികള്‍ സമ്മര്‍ദ്ധത്തിലാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത് സമ്മര്‍ദ്ദമല്ല,സമ്മാനമാണെന്ന് ക്യാപ്റ്റന്‍ ജിജോ ജോസഫ് ആവര്‍ത്തിച്ച് പറഞ്ഞത് ആ ഉത്തമ ബോധ്യത്തിലാണ്. കാണികള്‍ നല്‍കുന്ന ആ വലിയ സമ്മാനത്തിന് പകരമൊരു സമ്മാനം. അതാണ് കോച്ച് ബിനോയുടെയും ക്യാപ്പ്റ്റന്‍ ജിജോയുടെയും പിള്ളേരുടേയും മനസ്സില്‍. കടുത്ത വേനല്‍കാലത്തെ നീണ്ട 30 ദിവസത്തെ വ്രതമിവിടെ അവസാനിക്കുകയാണ്. ശരീരവും മനസ്സും ദൈവത്തില്‍ അര്‍പ്പിച്ചതിനുള്ള സമ്മാനമായി ചെറിയ പെരുന്നാള്‍ വരികയാണ്. ശരീരവും മനസ്സും വ്രതത്തോടൊപ്പം ഫുട്‌ബോളിലും അര്‍പ്പിച്ചതിന് ഒരു സമ്മാനം. അതായിരിക്കും മലയാളികള്‍ക്ക്, മലപ്പുറത്തിന് കേരളത്തിന്റെ ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി കിരീടം.

Story first published: Monday, May 2, 2022, 13:12 [IST]
Other articles published on May 2, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+