
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ കിരീടധാരണം ആഘോഷിക്കാന്‍ മലപ്പുറമൊരുങ്ങി. തിങ്കളാഴ്ച രാത്രി എട്ടു മണിക്കു നടക്കാനിരിക്കുന്ന ക്ലാസിക് ഫൈനലില്‍ മുന്‍ ചാംപ്യന്‍മാരായ ബംഗാളുമായാണ് കേരളത്തിന്റെ അങ്കം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ഏഴാം കിരീടമെന്ന മോഹവുമായാണ് ജിജോ ജോര്‍ജ് നയിക്കുന്ന കേരളത്തിന്റെ യുവനിരയിറങ്ങുന്നത്. കേരളത്തിനു ഇതു 15ാം സന്തോഷ് ട്രോഫി ഫൈനലാണ്. റുഭാഗത്ത് 32 തവണ കിരീടമുയര്‍ത്തി സന്തോഷ് ട്രോഫി കുത്തകയാക്കിയ ടീമാണ് ബംഗാള്‍. അവര്‍ക്കു ഇതു 46ാമത്തെ ഫൈനല്‍ കൂടിയാണ്.
ടൂര്‍ണമെന്റിന്റെ ചരിത്രമെടുക്കുകയാണെങ്കില്‍ ഇതു നാലാം തവണ മാത്രമാണ് കേരളവും ബംഗാളും കലാശക്കളിയില്‍ മുഖാമുഖം വരുന്നത്. 1989, 1994 വര്‍ഷങ്ങളിലെ ഫൈനലുകളില്‍ ബംഗാളിനായിരുന്നു വിജയം. അവസാനായി ഏറ്റുമുട്ടിയപ്പോള്‍ വിജയം കേരളത്തിനൊപ്പമായിരുന്നു. 2018ലായിരുന്നു ഇത്. 2018ലെ ഫൈനലില്‍ ബംഗാളിനെ അവരുടെ നാട്ടില്‍ വച്ച് പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്. നിലവിലെ കേരളാ കീപ്പര്‍ മിഥുനാണ് അന്ന് കേരളത്തിന്റെ ഹീറോയായത്.

ഇത്തവണ സെമി ഫൈനലില്‍ ഗോള്‍ മഴ പെയ്യിച്ചാണ് കേരളത്തിന്റെ ഫൈനല്‍ പ്രവേശനം. സെമിയില്‍ കര്‍ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് കേരളം മുക്കുകയായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ തോല്‍വി അറിയാതെയാണ് കേരളത്തിന്റെ മുന്നേറ്റം. ആക്രമണം തന്നെയാണ് കേരളത്തിന്റെ ഏറ്റവും വലിയ ആയുധം. ഏതു പ്രതിരോധ നിരയെയും കീറിമുറിക്കാന്‍ കഴിവുള്ള അറ്റാക്കിങ് നിരയാണ് കേരളത്തിനുള്ളത്. ക്യാപ്റ്റന്‍ ജിജോ ജോസഫും അര്‍ജുന്‍ ജയരാജും അണിനിരക്കുന്ന മധ്യനിര ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മധ്യനിരയാണ്. സൂപ്പര്‍ സബുകളായ ജെസിനും നൗഫലുമാണ് ടീമിന്റെ മറ്റൊരു ശക്തി. സെമിയില്‍ 30ാം മിനുട്ടില്‍ പകരക്കാരനായി എത്തി അഞ്ച് ഗോള്‍ നേടിയ ജെസിനെ ഫൈനലില്‍ വിഗ്നേഷിന് പകരം ആദ്യ ഇലവനില്‍ തന്നെ കേരളം ഇറക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ടീമില്‍ ഒരു വലിയ അഴിച്ചു പണിക്ക് സാധ്യത കാണുന്നില്ല. പ്രതീക്ഷക്കൊത്ത് പ്രതിരോധം ഉയരുന്നില്ല എന്നാണ് ടീമിന്റെ തലവേദന. ടീം ഇതുവരെ ആറ് ഗോളുകളാണ് വഴങ്ങിയത്.

അതേസമയം, സെമിയില്‍ ഇന്ത്യന്‍ ഫുട്ബോള്‍ പവര്‍ഹൗസ് മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് വെസ്റ്റ് ബംഗാള്‍ ഫൈനലിന് യോഗ്യത നേടിയത്. അറ്റാക്കിങ് തന്നെയാണ് ടീമിന്റെയും പ്രധാന ശക്തി. ഗ്രൂപ്പ് ഘട്ടത്തില്‍ കേരളത്തോട് രണ്ടാം മല്‍സരത്തില്‍ പരാജയപ്പെട്ടതിന് ശേഷം ബംഗാള്‍ മികച്ച പ്രകടനമാണ് ചാമ്പ്യന്‍ഷിപ്പില്‍ കാഴ്ചവച്ചത്. മധ്യനിരയില്‍ നിന്ന് ഇരുവിങ്ങുകള്‍ വഴി അറ്റാക്കിങ് നടത്തുകയെന്നതാണ് അവരുടെ ശൈലി. സ്ട്രൈക്കര്‍മാരായ ഫര്‍ദിന്‍ അലി മെല്ലായും ദിലിപ് ഓര്‍വാനും മികച്ച ഫോമിലാണ്.
ആക്രമിച്ച് കളിക്കുകയാണ് കേരളത്തിന്റെ ശൈലി അതില്‍ മാറ്റം ഉണ്ടാവില്ലെന്നു കേരളാ പരിശീലകന്‍ ബിനോ ജോര്‍ജ് വ്യക്തമാക്കി. കിരീടമാണ് ലക്ഷ്യം. അതുകൊണ്ട് ഫൈനല്‍ ഒരു ഡു ഓര്‍ ഡൈ മല്‍സരമായിരിക്കും. അര്‍ജുന്‍ ജയരാജ്, അജയ് അലക്സ്, ജെസിന്‍ എന്നിവര്‍ക്ക് ചെറിയ പരിക്കുണ്ട്. എന്നാല്‍ ഇത് പരാതി പറഞ്ഞുനില്‍ക്കേണ്ട സമയമല്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയ്ക്ക് എതിരെ വരുത്തിയ പിഴവുകള്‍ നികത്തി മുന്നോട്ട് പോവും. ആരാധകര്‍ക്കു വേണ്ടി കേരള ടീം മികച്ച പ്രകടനം തന്നെ കാഴ്ചവക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിനെതിരായ ഫൈനല്‍ കടുപ്പമേറിയ മത്സരമായിരിക്കുമെന്ന് ബംഗാള്‍ പരിശീലകന്‍ രഞ്ജന്‍ ഭട്ടാചാര്യ മാധ്യമങ്ങളോട് പറഞ്ഞു. മത്സരത്തില്‍ അര്‍ധാവസരങ്ങള്‍ മുതലാക്കുന്നവര്‍ക്ക് ഫൈനല്‍ ജയിക്കാനാകും. കേരളത്തിന്റെയും ബംഗാളിന്റെയും ശൈലി ഒരേ പോലെയാണ്. കേരളാ പരിശീലകന്‍ ബിനോ ജോര്‍ജ് അടുത്ത സുഹൃത്താണ്. പക്ഷെ ഫൈനലിലെ 90 മിനുട്ടില്‍ അദ്ദേഹം എന്റെ ശത്രുവാണെന്നും കോച്ച് പറഞ്ഞു. കേരളത്തിനെതിരെയുള്ള ആദ്യ മത്സരത്തില്‍ ബംഗാള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍ മത്സരത്തിന്റെ അവസാന മിനുട്ടുകളില്‍ ആരാധകരുടെ ആവേശം കാരണം ടീമിനെ ചില താരങ്ങള്‍ സമ്മര്‍ദ്ദത്തിലായി. മലപ്പുറത്തെ ആരാധകര്‍ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സെമിയില്‍ കേരളത്തിനെതിരെ കര്‍ണാടക മോശം പ്രകടനമാണ് കാഴ്ചവച്ചതെന്നും ബംഗാള്‍ പരിശീലകന്‍ കൂട്ടിചേര്‍ത്തു.