ബംഗളൂരു: സാഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സെമിയില്‍ സീറ്റുറപ്പിച്ച് ഇന്ത്യ. നേപ്പാളിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമി ടിക്കറ്റ് ബുക്കുചെയ്തത്. ഗോളൊഴിഞ്ഞുനിന്ന ആദ്യ പകുതിക്ക് ശേഷം രണ്ട് ഗോളുകള്‍ വലിയിലെത്തിച്ചാണ് ഇന്ത്യ നേപ്പാളിനെ തകര്‍ത്തത്. ആദ്യ മത്സരത്തില്‍ പാകിസ്താനെ എതിരില്ലാത്ത നാല് ഗോളിനും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. 61ാം മിനുട്ടില്‍ സുനില്‍ ഛേത്രിയും 70ാം മിനുട്ടില്‍ മഹേഷ് സിങ്ങുമാണ് ഇന്ത്യക്കായി വലകുലുക്കിയത്.
4-2-3-1 ഫോര്‍മേഷനിലാണ് ഇരു ടീമും ഇറങ്ങിയത്. പാകിസ്താനെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് ലഭിച്ച ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന്റെ അഭാവത്തില്‍ സഹ പരിശീലകനായ മേഹേഷ് ഗാവ്‌ലിക്ക് കീഴിലാണ് ഇന്ത്യ ബൂട്ടണിഞ്ഞത്. പാകിസ്താനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്തിറങ്ങിയ ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ അയല്‍ക്കാരായ നേപ്പാളിന് സാധിച്ചു. ആദ്യ പകുതിയില്‍ കരുത്തുറ്റ ഇന്ത്യന്‍ നിരയെ ഗോള്‍രഹിത സമനിലയില്‍ തളക്കാന്‍ നേപ്പാളിനായി.
പാകിസ്താനെതിരേ ആദ്യ പകുതിയില്‍ത്തന്നെ രണ്ട് ഗോളിന് മുന്നിട്ടുനില്‍ക്കാന്‍ ഇന്ത്യക്കായിരുന്നു. കുവൈറ്റിനോട് ആദ്യ മത്സരം തോറ്റ നേപ്പാള്‍ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യക്കെതിരേ കാഴ്ചവെച്ചത്. സുനില്‍ ഛേത്രിയെ ആദ്യ പകുതിയില്‍ കൃത്യമായി മാര്‍ക്ക് ചെയ്യാന്‍ നേപ്പാളിന് സാധിച്ചു. ഇതോടെ ഇന്ത്യക്ക് തുടക്കത്തിലേ ലീഡ് നേടാന്‍ സാധിക്കാതെ പോയി. എന്നാല്‍ രണ്ടാം പകുതിയില്‍ ആക്രമണം കടുപ്പിച്ച ഇന്ത്യ 61ാം മിനുട്ടില്‍ ലീഡെടുത്തു.

മികച്ച മുന്നേറ്റത്തിനൊടുവില്‍ മഹേഷ് സിങ് സുനില്‍ ഛേത്രിക്ക് ബാക് ക്രോസ് നല്‍കിയപ്പോള്‍ ഇന്ത്യന്‍ നായകന് തെറ്റിയില്ല. ഇന്ത്യയെ 1-0ന് മുന്നിലെത്തിച്ചതോടൊപ്പം അന്താരാഷ്ട്ര ഫുട്‌ബോളിലെ 91ാം ഗോളും സുനില്‍ ഛേത്രി പേരിനൊപ്പം ചേര്‍ത്തു. പാകിസ്താനെതിരേ ഹാട്രിക്കുമായി ഛേത്രി തിളങ്ങിയിരുന്നു. ലീഡെടുത്തതോടെ അതിവേഗത്തില്‍ കളിച്ച ഇന്ത്യ 70ാം മിനുട്ടില്‍ രണ്ടാം ഗോളും വലയിലാക്കി. ഇത്തവണ മഹേഷ് സിങ്ങിന്റെ ഊഴമായിരുന്നു.
ഇന്ത്യയുടെ കൗണ്ടര്‍ അറ്റാക്കിലാണ് ഈ ഗോള്‍ പിറന്നത്. സഹല്‍ അബ്ദുല്‍ സമദ് ഛേത്രിക്ക് പാസ് നല്‍കിയപ്പോള്‍ ഛേത്രിയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി തിരിച്ചെത്തിയപ്പോള്‍ മഹേഷ് ഉന്നം പിഴക്കാതെ പന്ത് വലയിലെത്തിച്ചു. 76ാം മിനുട്ടില്‍ ചാങ്‌തെയ്ക്ക് ലഭിച്ച അവസരം മുതലാക്കാനായില്ല. 82ാം മിനുട്ടില്‍ സഹലിനെ പിന്‍വലിച്ച് റഹിം അലിക്ക് അവസരം ലഭിച്ചു. എന്നാല്‍ പിന്നീട് ഗോളുകള്‍ പിറക്കാതെ വന്നതോടെ 2-0ന്റെ ജയത്തോടെ ഇന്ത്യ സെമിയിലേക്ക് കുതിച്ചു.
നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യയായിരുന്നു കേമര്‍. ഇതിന് മുമ്പ് 23 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 16ലും ജയം ഇന്ത്യക്കായിരുന്നു. 2 മത്സരം നേപ്പാള്‍ ജയിച്ചപ്പോള്‍ 5 മത്സരം സമനിലയിലാണ് കലാശിച്ചത്. അവസാനമായി 2021ല്‍ നേരിട്ടപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഇന്ത്യ ജയിച്ചിരുന്നു. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ പാകിസ്താനെ കുവൈറ്റ് എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ പാകിസ്താന്റെ സെമി പ്രതീക്ഷ അവസാനിച്ചു.