Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

SAFF CUP: രക്ഷകനായി ഗുര്‍പ്രീത്, ഷൂട്ടൗട്ടില്‍ ലെബനോനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ബംഗളൂരു: സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫൈനല്‍ ടിക്കറ്റെടുത്ത് ഇന്ത്യ. ആവേശ സെമിയില്‍ കരുത്തരായ ലെബനോനെ ഷൂട്ടൗട്ടില്‍ 4-2ന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ സീറ്റുറപ്പിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഗോള്‍രഹിത സമനിലയായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്.

ഷൂട്ടൗട്ടില്‍ ആദ്യ അവസരം ഇന്ത്യയുടേതായിരുന്നു. കിക്കെടുത്ത സുനില്‍ ഛേത്രി പന്ത് വലയിലാക്കി. ലെബനോനായി കിക്കെടുത്ത ഹസന്‍ മതൗക്കിന്റെ ഷോട്ട് ഇന്ത്യന്‍ ഗോളി ഗുര്‍പ്രീത് തടുത്തു. ഇന്ത്യക്കായി രണ്ടാം കിക്കെടുത്ത അന്‍വര്‍ അലിയും പന്ത് പോസ്റ്റിലെത്തിച്ചു. ലെബനോനായി കിക്കെടുത്ത വാലിദ് ഷൗര്‍ വലകുലുക്കി. ഇന്ത്യക്കായി മൂന്നാം കിക്കെടുത്ത മഹേഷ് സിങ്ങും ലക്ഷ്യം കണ്ടു. ഇതോടെ ഇന്ത്യ 3-1ന് മുന്നില്‍.

ലെബനോനായി മൂന്നാം കിക്കെടുത്ത സാദിക് ലക്ഷ്യം കണ്ടു. ഇതോടെ 3-2 എന്ന നിലയില്‍. ഇന്ത്യക്കായി നാലാം കിക്കെടുത്ത ഉദാന്ത സിങ്ങും പന്ത് ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ നാലാം കിക്കെടുത്ത ലെബനോന്റെ ഖലീല്‍ ബദീറിന് പിഴച്ചതോടെ ഷൂട്ടൗട്ടില്‍ 4-2ന്റെ ജയത്തോടെ ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്തു. കലാശപ്പോരില്‍ കുവൈറ്റാണ് ഇന്ത്യയുടെ എതിരാളികള്‍.

4-2-3-1 ഫോര്‍മേഷനിലാണ് ഇരു ടീമും ബൂട്ടണിഞ്ഞത്. ആദ്യ പകുതിയില്‍ രണ്ടുകൂട്ടരും ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും ഗോള്‍രഹിതമായി പിരിയേണ്ടി വന്നു. പന്തടക്കത്തില്‍ 60 ശതമാനവും ലെബനോന്‍ മുന്നിട്ട് നിന്നപ്പോള്‍ 3നെതിരേ 6 ഗോള്‍ശ്രമവുമായി ഇന്ത്യ ആക്രമണത്തില്‍ കരുത്തുകാട്ടി. ലെബനോനിന്റെ ആക്രമണമാണ് ആദ്യം കണ്ടത്. നഡെര്‍ മാട്ടര്‍ തൊടുത്ത ഷോട്ട് നിയന്ത്രണമില്ലാതെ ക്രോസ് ബാറിന് മുകളിലൂടെ പോയി. ഇന്ത്യ തുടക്കത്തിലേ വിറച്ചുവെന്നതാണ് വസ്തുത.

india, football

16ാം മിനുട്ടില്‍ പന്തുമായി സുനില്‍ ഛേത്രി മികച്ച മുന്നേറ്റം നടത്തി ജെക്‌സന്‍ സിങ്ങിന് പന്ത് നല്‍കി. ഷോട്ടിന് ശ്രമിക്കാതെ കുരുണിയന് പന്തുനല്‍കാനാണ് ജെക്‌സന്‍ ശ്രമിച്ചത്. എന്നാല്‍ പന്തെടുക്കാനായി ഓടിക്കയറിയ കുരുണിയന്‍ ഓഫ്‌സൈഡായി. 19ാം മിനുട്ടില്‍ സുബാസിഷ് ബോസിന്റെ കിക്കില്‍ ചാങ്‌തെയെടുത്ത ഹെഡര്‍ ലക്ഷ്യത്തിലേക്കെത്തിയില്ല. 42ാം മിനുട്ടില്‍ ലെബനോന് അനുകൂലമായി ഫ്രീകിക്ക്. എന്നാല്‍ തകര്‍പ്പന്‍ സേവിലൂടെ ഗുര്‍പ്രീത് ഇന്ത്യയുടെ രക്ഷകനായി.

ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ രണ്ട് ടീമിനും ഗോള്‍ നേടാന്‍ സാധിച്ചില്ല. രണ്ടാം പകുതിയുടെ തുടക്ക സമയങ്ങളില്‍ ലെബനോന്‍ പന്തടക്കത്തിലും ആക്രമണത്തിലും മിടുക്കുകാട്ടി. പ്രതിരോധനിര മികവുകാട്ടിയതോടെ രണ്ട് ടീമും ഗോള്‍ നേടാന്‍ പ്രയാസപ്പെട്ടു. നിശ്ചിത സമയം പൂര്‍ത്തിയായപ്പോഴും ഇരു ടീമും ഗോള്‍രഹിത സമനില തുടര്‍ന്നു. ഇതോടെ അധിക സമയത്തേക്ക് മത്സരം നീണ്ടു.

93ാം മിനുട്ടില്‍ സുനില്‍ ഛേത്രിയുടെ ഗംഭീര ഷോട്ട് ലെബനോന്‍ ഗോളി തട്ടിയകറ്റി. തുടര്‍ന്ന് ലഭിച്ച കോര്‍ണര്‍ കിക്കും മുതലാക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. 95ാം മിനുട്ടിലും ഇന്ത്യക്ക് മികച്ച അവസരം ലഭിച്ചു. ഗോള്‍ പോസ്റ്റിന് തൊട്ടുമുന്നില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിട്ടും ഛേത്രിക്ക് ഷോട്ട് പോസ്റ്റിലെത്തിക്കാനായില്ല. സുവര്‍ണ്ണാവസരമാണ് നഷ്ടപ്പെടുത്തിയതെന്ന് പറയാം. 101ാം മിനുട്ടില്‍ ഇന്ത്യ മികച്ച മുന്നേറ്റം നടത്തി.

ചാങ്‌തെയുടെ ക്രോസ് ഛേത്രിയിലേക്കെത്തുന്നതിന് മുമ്പ് ലെബനോന്‍ പ്രതിരോധം ക്ലിയര്‍ ചെയ്തു. ലെബനോന്റെ പ്രത്യാക്രമണങ്ങളെ ഇന്ത്യന്‍ പ്രതിരോധം കൃത്യമായി ചെറുത്തു. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിലും ഇരു ടീമിനും വലകുലുക്കാനായില്ല. നീളന്‍ പാസുകളിലൂടെ ഇരു ടീമും മുന്നേറിയതോടെ ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തി. മികച്ച അവസരങ്ങള്‍ ഇന്ത്യ സൃഷ്ടിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. എക്‌സ്ട്രാ ടൈമും ഗോള്‍രഹിതമായതോടെ പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക്.

ഇന്റര്‍കോണ്ടിനല്‍ കപ്പ് ഫൈനലില്‍ ലെബനോനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. 46 വര്‍ഷത്തിനിടെ ലെബനോനെ ഇന്ത്യ തോല്‍പ്പിച്ച ഏക മത്സരം കൂടിയായിരുന്നു ഇത്. ഗ്രൂപ്പുഘട്ടത്തില്‍ പാകിസ്താനെ 4-0നും നേപ്പാളിനെ 2-0നും തോല്‍പ്പിച്ച ഇന്ത്യ കരുത്തരായ കുവൈറ്റിനോട് 1-1 സമനിലയും പങ്കിട്ടാണ് സെമിയിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് എയില്‍ ലെബനോന്‍ ഒന്നാം സ്ഥാനക്കാരായപ്പോള്‍ ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു.

അതേ സമയം ഗ്രൂപ്പ് ബിയില്‍ കളിച്ച മൂന്ന് മത്സരവും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ലെബനോന്‍ സെമിയിലേക്കെത്തിയത്. ആദ്യം നടന്ന സെമിയില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് കുവൈറ്റ് ഫൈനല്‍ ടിക്കറ്റ് നേടിയിരുന്നു. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമും തുല്യത പുലര്‍ത്തിയതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. 107ാം മിനുട്ടില്‍ അമര്‍ അബ്ദുല്ലയാണ് കുവൈറ്റിന്റെ വിജയ ഗോള്‍ നേടിയത്.

Story first published: Saturday, July 1, 2023, 22:36 [IST]
Other articles published on Jul 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+