ബെര്‍ലിന്‍: 2018 ഫിഫ ലോകകപ്പിനുള്ള ജര്‍മന്‍ ജേണലിസ്റ്റിന്റെ വിസ വിലക്ക് റഷ്യ നീക്കി. ഉത്തേജകമരുന്ന് വിവാദത്തില്‍ റഷ്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന റിപോര്‍ട്ട് പുറത്തുവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ജര്‍മന്‍ ജേണലിസ്റ്റായ ഹാജോ സെപ്പല്‍റ്റ്‌സിന് റഷ്യ വിസ വിലക്കേര്‍പ്പെടുത്തിയത്. ഉത്തേജക വിവാദം ആളിക്കത്തിയതോടെ ഈ വര്‍ഷം സമാപിച്ച ശീതകാല ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അന്താരാഷ്ട്ര ഒളിംപിക് സമിതി റഷ്യക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് റിപോര്‍ട്ട് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന് റഷ്യ വിസ വിലക്കേര്‍പ്പെടുത്തിയത്. അടുത്ത മാസം ആരംഭിക്കുന്ന ഫിഫ ലോകകപ്പ് റിപോര്‍ട്ട് ചെയ്യുന്നതിനുള്ള അദ്ദേഹത്തിന് വിസ അപേക്ഷ റഷ്യ തള്ളിയിരുന്നു. എന്നാല്‍, വിസ അനുവാദിക്കാത്ത നടപടിയെ ജര്‍മന്‍ സര്‍ക്കാര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇത് വിവാദമാവാനിടയുണ്ടെന്ന് കണ്ട റഷ്യ മാധ്യമ പ്രവര്‍ത്തകന്റെ വിലക്ക് പിന്‍വലിക്കുകയായിരുന്നു. ഹാജോ സെപ്പല്‍റ്റ്‌സിന്റെ വിലക്ക് നീക്കിയതായി ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസ്സ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.