
ഇറ്റലിയുടെയും ഫ്രാന്‍സിന്റെയും പതനം
ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു നിലവിലെ ചാംപ്യന്‍മാരെന്ന ഖ്യാതിയുമായെത്തിയ ഇറ്റലിയുടെയും റണ്ണേഴ്‌സപ്പായ ഫ്രാന്‍സിന്റെയും പതനം. 2006 ലോകകപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങലിലെത്തിയ ഇറ്റലിയും ഫ്രാന്‍സും ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ പുറത്താവുകയായിരുന്നു. ഗ്രൂപ്പ് എഫില്‍ അപ്രതീക്ഷിത തകര്‍ച്ചയാണ് അസൂറിപ്പട ഏറ്റുവാങ്ങിയത്. ഇറ്റലിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി പരാഗ്വേയും സ്ലൊവാക്യയുമാണ് ഗ്രൂപ്പ് എഫില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കളിക്കുന്ന ന്യൂസിലന്‍ഡായിരുന്നു ഗ്രൂപ്പ് എഫില്‍ മൂന്നാംസ്ഥാനത്തെത്തിയത്. പരാഗ്വേയോടും ന്യൂസിലന്‍ഡിനോടും 1-1 എന്ന സ്‌കോറിന് സമനില വഴങ്ങിയ ഇറ്റലി സ്ലൊവാക്യയോട് 3-2ന്റെ അട്ടിമറി തോല്‍വിയും ഏറ്റുവാങ്ങുകയായിരുന്നു.
ഗ്രൂപ്പ് എയില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്കും പിറകിലായി നാലാം സ്ഥാനക്കാരായാണ് ഫ്രാന്‍സ് ആഫ്രിക്കന്‍ ലോകകപ്പിനോട് വിടപറഞ്ഞത്. ഉറുഗ്വേയോട് സമനില പിണഞ്ഞ ഫ്രാന്‍സിനെ 0-2ന് മെക്‌സിക്കോയും അട്ടിമറിയിലൂടെ 1-2ന് ദക്ഷിണാഫ്രിക്കയും അടിയറവ് പറയിക്കുകയായിരുന്നു. നാട്ടില്‍ വിരുന്നെത്തിയ ലോകകപ്പ് അവിസ്മരണീയമാക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് ഗോള്‍ മാര്‍ജിനില്‍ പിന്നിലായാതാണ് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശനം നേടാന്‍ കഴിയാതെ പോയത്. രണ്ടാം സ്ഥാനക്കാരായ മെക്‌സിക്കോയ്ക്കും മൂന്നാമതുള്ള ദക്ഷിണാഫ്രിക്കയ്ക്കും നാല് പോയിന്റ് വീതമാണുണ്ടായിരുന്നത്. എന്നാല്‍, ഗോള്‍ മാര്‍ജിനിലില്‍ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ പിന്തള്ളുകയായിരുന്നു. ഉറുഗ്വേയായിരുന്നു ഗ്രൂപ്പ് എയില്‍ ഒന്നാംസ്ഥാനത്തെത്തിയത്.
ഗ്രൂപ്പ് ബിയില്‍ അര്‍ജന്റീന, ദക്ഷിണ കൊറിയ, ഗ്രൂപ്പ് സിയില്‍ അമേരിക്ക, ഇംഗ്ലണ്ട്, ഗ്രൂപ്പ് ഡിയില്‍ ജര്‍മനി, ഘാന, ഗ്രൂപ്പ് ഇയില്‍ ഹോളണ്ട്, ജപ്പാന്‍, ഗ്രൂപ്പ് ജിയില്‍ ബ്രസീല്‍, പോര്‍ച്ചുഗല്‍, ഗ്രൂപ്പ് എച്ചില്‍ സ്‌പെയിന്‍, ചിലി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി.

ക്ലാസിക്ക് പോരില്‍ വീണ് ബ്രസീലും അര്‍ജന്റീനയും
പ്രീക്വാര്‍ട്ടറില്‍ ഉറുഗ്വേ 2-1ന് ദക്ഷിണ കൊറിയയെയും ഘാന 2-1ന് അമേരിക്കയെയും ജര്‍മനി 4-1ന് ഇംഗ്ലണ്ടിനെയും അര്‍ജന്റീന 3-1ന് മെക്‌സിക്കോയെയും ഹോളണ്ട് 2-1ന് സ്ലൊവാക്യയെയും ബ്രസീല്‍ 3-0ന് ചിലിയെയും പരാഗ്വേ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3ന് ജപ്പാനെയും സ്‌പെയിന്‍ 1-0ന് പോര്‍ച്ചുഗലിനെയും പരാജയപ്പെടുത്തി ക്വാര്‍ട്ടറിലിടം നേടി.
ക്ലാസിക്ക് പോരിനാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ സാക്ഷ്യംവഹിച്ചത്. ബ്രസീല്‍ ഹോളണ്ടുമായും ജര്‍മനി അര്‍ജന്റീനയുമായും ക്വാര്‍ട്ടറില്‍ കൊമ്പുകോര്‍ത്തു. എന്നാല്‍, ലാറ്റിനമേരിക്കന്‍ ഗ്ലാമര്‍ ടീമുകളായ ബ്രസീലിനും അര്‍ജന്റീനയ്ക്കും ടൂര്‍ണമെന്റില്‍ നിന്ന് മടക്കടിക്കറ്റ് നല്‍കിയാണ് ക്വാര്‍ട്ടര്‍ പോരാട്ടം അവസാനിച്ചത്. 10ാം മിനിറ്റില്‍ റൊബീഞ്ഞോയിലൂടെ ബ്രസീല്‍ മുന്നിലെത്തിയെങ്കിലും രണ്ടാംപകുതിയില്‍ ഇരട്ട ഗോള്‍ നേടി വേസ്‌ലി സ്‌നൈഡര്‍ ഡച്ച് പടയ്ക്ക് സെമി ടിക്കറ്റ് സമ്മാനിക്കുകയായിരുന്നു. ജര്‍മനിക്കെതിരേ സൂപ്പര്‍താരം ലയണല്‍ മെസ്സിയുള്‍പ്പെടുന്ന അര്‍ജന്റീന ഏകപക്ഷീയമായി തകര്‍ന്നടിയുകയായിരുന്നു. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ജര്‍മനി അര്‍ജന്റീനയെ തുരത്തിയത്. ജര്‍മനിക്കായി സ്റ്റാര്‍ സ്‌ട്രൈക്കര്‍ മിറോസ്ലാവ് ക്ലോസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ യുവതാരം തോമസ് മുള്ളറും ആര്‍നെ ഫ്രെഡ്രിച്ചും ഓരോ തവണ ഗോള്‍ നേട്ടത്തില്‍ പങ്കാളികളായി. മറ്റു ക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഉറുഗ്വേ 4-2ന് ഘാനയെയും സ്‌പെയിന്‍ 1-0ന് പരാഗ്വേയെയും തോല്‍പ്പിച്ചു.
സെമി ഫൈനലില്‍ ജര്‍നി-സ്‌പെയിന്‍, ഉറുഗ്വേ-ഹോളണ്ട് പോരാട്ടമാണ് അരങ്ങേറിയത്. ഒന്നാം സെമി ഫൈനലില്‍ ഹോളണ്ട് 3-2ന് ഉറുഗ്വേയെ മറികടന്നപ്പോള്‍ രണ്ടാം സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സ്‌പെയിന്‍ ജര്‍മനിയെ വീഴ്ത്തുകയായിരുന്നു. 73ാം മിനിറ്റില്‍ കാര്‍ലോസ് പുയോളാണ് സ്‌പെയിനിന്റെ വിജയഗോള്‍ നേടിയത്.

ഡച്ച് പടയെ ടികി ടാകയില്‍ വീഴ്ത്തി ചെമ്പട
സ്‌പെയിനും ഹോളണ്ടും തമ്മിലുള്ള വാശിയേറിയ കിരീടപ്പോരിനാണ് ജൊഹാനാസ്ബര്‍ഗിലെ സോക്കര്‍ സിറ്റി സ്‌റ്റേഡിയം സാക്ഷിയായത്. ഫുട്‌ബോളിലെ രണ്ട് വ്യത്യസ്ഥ ശൈലികള്‍ തമ്മിലുള്ള മാറ്റുരയ്ക്കല്‍ കുടിയായിരുന്നു ഇത്. കുറിയ പാസുകളുമായി ടികി ടാക തന്ത്രവുമായി സ്‌പെയിനും ടോട്ടല്‍ ഫുട്‌ബോളിന്റെ വക്താക്കളായി ഹോളണ്ടും കൊമ്പുകോര്‍ത്തപ്പോള്‍ ഫൈനല്‍ പോര് അധികസമയത്തേക്ക് നീണ്ടു. എന്നാല്‍, അധികസമയത്തെ 116ാം മിനിറ്റില്‍ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ആന്ദ്രെസ് ഇനിയേസ്റ്റയുടെ ഏക ഗോളിലേറി ചെമ്പട ഡച്ച് പടയെ വീഴ്ത്തി കന്നി ലോകകിരീടത്തില്‍ മുത്തമിടുകയായിരുന്നു. ഐകര്‍ കസിയസും സംഘവും കിരീടവിജയത്തിലേറി അര്‍മാദിക്കുമ്പോള്‍ മൂന്നാം തവണയും ലോക കിരീടം കൈയെത്തും ദൂരത്ത് നഷ്ടമായ ഡച്ച് പടയ്ക്ക് കണ്ണീരോടെ ഗ്രൗണ്ട് വിടാനായിരുന്നു വിധി.
ഉറുഗ്വേ സൂപ്പര്‍താരം ഡീഗോ ഫോര്‍ലാന്‍ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരത്തിന് അര്‍ഹനായപ്പോള്‍ കന്നി ലോകകപ്പില്‍ തന്നെ ഇരട്ട പുരസ്‌കാരങ്ങള്‍ നേടി ജര്‍മനിയുടെ തോമസ് മുള്ളര്‍ ഹീറോയായി. ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരത്തിനൊപ്പം മികച്ച യുവതാര നേട്ടവുമാണ് മുള്ളറിനെ തേടിയെത്തിയത്. സ്‌പെയിനിനെ കിരീടത്തിലേക്ക് നയിക്കുന്നതോടൊപ്പം ഗോള്‍വലയ്ക്കു മുന്നില്‍ കോട്ട കെട്ടി മിന്നും സേവുകള്‍ നടത്തിയ ഐകര്‍ കസിയസിനാണ് ഗോള്‍ഡന്‍ ഗ്ലൗവ് പുരസ്‌കാരം ലഭിച്ചത്.


Click it and Unblock the Notifications














