For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അസൂറിപ്പടയുടെ നാലാം ലോക കിരീടം... വരവറിയിച്ച് മെസ്സിയും ക്രിസ്റ്റിയാനോയും...

മുഹമ്മദ് ഷഫീഖ്

ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രവും വിശേഷങ്ങളുമായി എത്തുകയാണ് കളിയെഴുത്തുകാരനായ ലേഖകന്‍.

18ാമത് ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ജര്‍മനിയായിരുന്നു. വെസ്റ്റ് ജര്‍മനിയും ഈസ്റ്റ് ജര്‍മനിയും ഒന്നായതിനു ശേഷമുള്ള ആദ്യ ഫിഫ ലോകകപ്പായിരുന്നു ഇത്. ഇതിനു മുമ്പ് 1974ല്‍ വെസ്റ്റ് ജര്‍മനി ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. 32 ടീമുകളാണ് 2006 ജര്‍മന്‍ ലോകകപ്പില്‍ മാറ്റുരച്ചത്.

പുത്തന്‍ താരോദയങ്ങളും നാടകീയതയും നിറഞ്ഞ ലോകകപ്പില്‍ ഇറ്റലി നാലാം തവണയും ലോകകിരീടത്തില്‍ മുത്തമിട്ടു. ആവേശകരമായ ഫൈനലില്‍ മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് അസൂറിപ്പട 24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഫിഫ ലോകകിരീടത്തില്‍ വീണ്ടും മുത്തമിട്ടത്. പെലെ, ഡീഗോ മറഡോണ എന്നിവര്‍ക്കു ശേഷം ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരങ്ങളായി വിലയിരുത്തപ്പെടുന്ന അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയുടെയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും അരങ്ങേറ്റ ലോകകപ്പ് കൂടിയായിരുന്നു 2006ല്‍ ജര്‍മനിയില്‍ അരങ്ങേറിയത്. ജര്‍മനിയിലെ 12 വേദികളിലായി നടന്ന ടൂര്‍ണമെന്റില്‍ 33,59,439 കാണികളാണ് മല്‍സരം നേരിട്ട് വീക്ഷിക്കാനെത്തിയത്.

അട്ടിമറികളില്ലാതെ ആദ്യ റൗണ്ട്...

അട്ടിമറികളില്ലാതെ ആദ്യ റൗണ്ട്...

കാര്യമായ അട്ടിമറികളൊന്നുമില്ലാതെ 18ാമത് ലോകകപ്പിലെ ആദ്യ റൗണ്ട് പൂര്‍ത്തിയായത്. ഗ്രൂപ്പ് എയില്‍ നിന്ന് ആതിഥേയരും മുന്‍ ചാംപ്യന്‍മാരുമായ ജര്‍മനിയും ഇക്വഡോറുമാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ടും സ്വീഡനും ഗ്രൂപ്പ് സിയില്‍ അര്‍ജന്റീനയും ഹോളണ്ടും ഗ്രൂപ്പ് ഡിയില്‍ പോര്‍ച്ചുഗലും മെക്‌സിക്കോയും ഗ്രൂപ്പ് ഇയില്‍ ഇറ്റലിയും ഘാനയും ഗ്രൂപ്പ് എഫില്‍ ബ്രസീലും ആസ്‌ത്രേലിയയും ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡും ഫ്രാന്‍സും ഗ്രൂപ്പ് എച്ചില്‍ സ്‌പെയിനും ഉക്രെയ്‌നും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലായി പ്രീക്വാര്‍ട്ടറില്‍ ഇടംപിടിച്ചു.

ഐവറി കോസ്റ്റിനെതിരായ ആദ്യ മല്‍സരത്തില്‍ അവസരം ലഭിക്കാതെ പോയ മെസ്സിയെ സെര്‍ബിയക്കെതിരേ പകരക്കാരനായി അര്‍ജന്റീന കളത്തിലിറക്കുകയായിരുന്നു. 75ാം മിനിറ്റില്‍ മാക്‌സി റോഡ്രിഗസിന്റെ പകരക്കാരനായാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം കളത്തിലിറങ്ങിയത്. 88ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ മെസ്സി ലോകകപ്പിലെ അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു. ഇതോടെ ഹോളണ്ടിനെതിരായ ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ മെസ്സിയെ അര്‍ജന്റീന പ്ലെയിങ് ഇലവനില്‍ തന്നെ ഇറക്കുകയും ചെയ്തു. അംഗോളയ്‌ക്കെതിരേയായിരുന്നു പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോയുടെ അരങ്ങേറ്റം. രണ്ടാം മല്‍സരത്തില്‍ ഇറാനെതിരേ പെനാല്‍റ്റിയിലൂടെ ലക്ഷ്യംകണ്ട ക്രിസ്റ്റിയാനോ ലോകകപ്പിലെ തന്റെ കന്നി ഗോളും കണ്ടെത്തി.

പ്രീക്വാര്‍ട്ടര്‍ മുതല്‍ അവസാന എട്ട് വരെ...

പ്രീക്വാര്‍ട്ടര്‍ മുതല്‍ അവസാന എട്ട് വരെ...

പ്രീക്വാര്‍ട്ടറില്‍ ജര്‍മനി സ്വീഡനെയും അര്‍ജന്റീന മെക്‌സിക്കോയെയും ഇംഗ്ലണ്ട് ഇക്വഡോറിനെയും പോര്‍ച്ചുഗല്‍ ഹോളണ്ടിനെയും ഇറ്റലി ആസ്‌ത്രേലിയെയും ഉക്രെയ്ന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയും ബ്രസീല്‍ ഘാനയെയും ഫ്രാന്‍സ് സ്‌പെയിനിനെയുമാണ് നേരിട്ടത്. ലുകാസ് പൊഡോള്‍സ്‌കി ഇരട്ട ഗോളുമായി മിന്നിയപ്പോള്‍ ജര്‍മനി എതിരില്ലാത്ത രണ്ട് ഗോളിന് സ്വീഡനെ പരാജയപ്പെടുത്തുകയായിരുന്നു. നിശ്ചിത സമയത്ത് അര്‍ജന്റീനയും മെക്‌സിക്കോയും ഓരോ ഗോള്‍ വീതമടിച്ചതോടെ മല്‍സരം അധികസമയത്തേക്ക് നീണ്ടു. അധികസമയത്ത് മാക്‌സിമിലാനോ റോഡ്രിഗസ് നേടിയ ഗോളില്‍ അര്‍ജന്റീന ക്വാര്‍ട്ടറിലേക്ക് മുന്നേറുകയായിരുന്നു. നിശ്ചിത സമയത്ത് അര്‍ജന്റീനയ്ക്കായി ഹെര്‍മന്‍ ക്രെസ്‌പോയും മെക്‌സിക്കോയ്ക്കായി റാഫേല്‍ മാര്‍കസുമാണ് സ്‌കോര്‍ ചെയ്തത്.

സൂപ്പര്‍ താരം ഡേവിഡ് ബെക്കാം നേടിയ ഏക ഗോളില്‍ ഇംഗ്ലണ്ട് ഇക്വഡോറിനെയും പോര്‍ച്ചുല്‍ ഇതേ സ്‌കോറിന് ഹോളണ്ടിനെയും പരാജയപ്പെടുത്തിയപ്പോള്‍ ഇഞ്ചുറിടൈമില്‍ ഫ്രാന്‍സെസ്‌കോ ടോട്ടിയുടെ ഗോളില്‍ ഇറ്റലി ആസ്‌ത്രേലിയയെ മറികടക്കുകയായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡ്-ഉക്രെയ്ന്‍ മല്‍സരം നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍ നേടാന്‍ കഴിയാതെ വന്നതോടെ മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഉക്രെയ്ന്‍ 3-0ന് സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ടിക്കറ്റ് കൈക്കലാക്കി. ബ്രസീല്‍ 3-0ന് ഘാനയെയും ഫ്രാന്‍സ് 3-1ന് സ്‌പെയിനിനെയും തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് അനായാസം മുന്നേറുകയായിരുന്നു. ബ്രസീലിനു വേണ്ടി സൂപ്പര്‍ താരം റൊണാള്‍ഡോ, അഡ്രിയാനോ, റോബര്‍ട്ടോ സില്‍വ ജൂനിയര്‍ എന്നിവരാണ് ഘാനയ്‌ക്കെതിരേ ലക്ഷ്യംകണ്ടത്. സ്‌പെയിനിനെതിരേ ഒരു ഗോള്‍ പിന്നില്‍ നിന്നതിനു ശേഷമായിരുന്നു ഫ്രാന്‍സിന്റെ തിരിച്ചുവരവ്. ഫ്രാങ്ക് റിബറി, പാട്രിക് വിയെറ, സൂപ്പര്‍ താരം സിനദിന്‍ സിദാന്‍ എന്നിവരാണ് ഫ്രാന്‍സിനു വേണ്ടി വലകുലുക്കിയത്. ഡേവിഡ് വിയ്യയാണ് സ്‌പെയിനിന്റെ ഏക ഗോള്‍ നിറയൊഴിച്ചത്.

ക്വാര്‍ട്ടറില്‍ ബ്രസീലിനെ വീഴ്ത്തി ഫ്രഞ്ച് പട

ക്വാര്‍ട്ടറില്‍ ബ്രസീലിനെ വീഴ്ത്തി ഫ്രഞ്ച് പട

വമ്പന്‍മാര്‍ തമ്മിലുള്ള ക്ലാസിക്ക് പോരാട്ടമായിരുന്നു ക്വാര്‍ട്ടര്‍ ഫൈനല്‍. നിലവിലെ ചാംപ്യന്‍മാരായ ബ്രസീലും മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സും മുന്‍ ജേതാക്കളായ ജര്‍മനിയും അര്‍ജന്റീനയും തമ്മിലുള്ള ക്ലാസിക്ക് പോരാണ് ക്വാര്‍ട്ടറില്‍ അരങ്ങേറിയത്. 57ാം മിനിറ്റില്‍ തിയറി ഹെന്റ്‌റി നേടിയ ഏക ഗോളില്‍ ഫ്രാന്‍സ് ബ്രസീലിനെ വീഴ്ത്തിയപ്പോള്‍ അര്‍ജന്റീനയ്‌ക്കെതിരേ ജര്‍മനിയുടെ വിജയം പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു. നിശ്ചിതസമയത്ത് ഗോളടിവീരന്‍ മിറോസ്ലോവ് ക്ലോസെ ജര്‍മനിക്കായും റോബര്‍ട്ടോ ഫാബിയാന്‍ അയാല അര്‍ജന്റീനയ്ക്കു വേണ്ടിയും സ്‌കോര്‍ ചെയ്തു. എന്നാല്‍, അധികസമയത്ത് ഗോള്‍ പിറക്കാതെ വന്നതോടെ മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കെത്തി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അയാലയ്ക്കും കാംബിയാസോയ്ക്കും ലക്ഷ്യം പിഴച്ചപ്പോള്‍ ജര്‍മനിക്കു വേണ്ടി കിക്കെടുത്തവരെല്ലാം ഗോളാക്കി മാറ്റുകയായിരുന്നു.

മറ്റു ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ഇറ്റലി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഉക്രെയ്‌നെ പരാജയപ്പെടുത്തിയപ്പോള്‍ ഇംഗ്ലണ്ട്-പോര്‍ച്ചുഗല്‍ മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരങ്ങളായ ഫ്രാങ്ക് ലംപാര്‍ഡിനും സ്റ്റീവന്‍ ജെറാര്‍ഡിനും കിക്ക് പിഴച്ചപ്പോള്‍ 1-3ന്റെ വിജയവുമായി പോര്‍ച്ചുഗല്‍ സെമിയിലേക്ക് മാര്‍ച്ച് ചെയ്തു..

സെമിയിലും ചാംപ്യന്‍ പോര്...

സെമിയിലും ചാംപ്യന്‍ പോര്...

സെമിഫൈനലില്‍ മുന്‍ ചാംപ്യന്‍മാരായ ജര്‍മനിയും ഇറ്റലിയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഫ്രാന്‍സ് പോര്‍ച്ചുഗലുമായി ഏറ്റുമുട്ടി. ജര്‍മനിയും ഇറ്റലിയും തമ്മില്‍ നിശ്ചിത സമയത്ത് ഗോള്‍രഹിതമായതോടെ മല്‍സരം അധികസമയത്തേക്ക് നീണ്ടു. അധികസമയത്ത് ഫാബിയോ ഗ്രോസ്സോ അലെക്‌സാന്‍ഡ്രോ ഡെല്‍ പിയെറോ എന്നിവരുടെ ഗോളുകളിലൂടെ ഇറ്റലി 2-0ന് ജര്‍മനിയെ തോല്‍പ്പിക്കുകയായിരുന്നു. രണ്ടാം സെമിയില്‍ സിദാന്‍ നേടിയ പെനാല്‍റ്റി ഗോളിലൂടെ ഫ്രാന്‍സ് 1-0ന് പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് കലാശപ്പോരിന് ടിക്കറ്റെടുത്തു.

സിദാന്റെ നാടകീയ പുറത്താവല്‍... ഷൂട്ടൗട്ടില്‍ അസൂറി ചിരി...

സിദാന്റെ നാടകീയ പുറത്താവല്‍... ഷൂട്ടൗട്ടില്‍ അസൂറി ചിരി...

ബെര്‍ലിനിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ നടന്ന ഇറ്റലി-ഫ്രാന്‍സ് കലാശപ്പോര് നാടകീയ രംഗങ്ങള്‍ക്കും സാക്ഷിയായി. വാശിയേറിയ ഫൈനലില്‍ നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയതോടെ മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഏഴാം മിനിറ്റില്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സിദാനിലൂടെ മുന്നിലെത്തിയ ഫ്രാന്‍സിന് 19ാം മിനിറ്റില്‍ മാര്‍കോ മറ്റെരസിയിലൂടെ ഇറ്റലി മറുപടി നല്‍കുകയായിരുന്നു.

കളി അധികസമയത്തേക്ക് നീങ്ങിയപ്പോള്‍ നാടകീയ സംഭവവും അരങ്ങേറി. 110ാം മിനിറ്റില്‍ ഫ്രഞ്ച് ക്യാപ്റ്റന്‍ സിദാന്‍ മറ്റെരസിയെ തലകൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. സിദാന്റെ കുടുംബത്തെ മോശമാക്കി പറഞ്ഞതാണ് താരത്തെ പെട്ടെന്ന് പ്രകോപിതനാക്കിയത്. ഇതേ തുടര്‍ന്ന് സിദാന് റഫറി ചുവപ്പ് കാര്‍ഡ് നല്‍കുകയും ചെയ്തു. ഈ സംഭവം പിന്നീട് വന്‍ വിവാദങ്ങള്‍ക്ക് തിരിക്കൊളുത്തിയിരുന്നു.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആന്ദ്രെ പിര്‍ലോ, മറ്റെരാസി, ഡാനിയേല ഡിറോസ്സി, അലെസാന്‍ഡ്രോ ഡെല്‍ പിയെറോ, ഫാബിയോ ഗ്രോസ്സോ എന്നിവര്‍ ഇറ്റലിക്കു വേണ്ടി ലക്ഷ്യംകണ്ടു. ഫ്രാന്‍സിനു വേണ്ടി ആദ്യകിക്കെടുത്ത വില്‍ടോര്‍ഡ് ലക്ഷ്യംകണ്ടപ്പോള്‍ രണ്ടാം കിക്കെടുത്ത ഡേവിഡ് സെര്‍ജിയോ ട്രെസഗ്യൂറ്റിന്റെ കിക്ക് പാഴാക്കി. പിന്നീട് എറിക് അബിദാലും വില്ലി സാഗ്‌നോളും ഫ്രാന്‍സിനു വേണ്ടി വലകുലുക്കിയെങ്കിലും 3-5ന്റെ വിജയവുമായി ഇറ്റലി നാലാം ലോക കിരീടം സ്വന്തമാക്കുകയായിരുന്നു. ഫാബിയോ കനാവാരോയായിരുന്നു ടൂര്‍ണമെന്റില്‍ ഇറ്റലിയെ നയിച്ചിരുന്നത്.

പോര്‍ച്ചുഗലിനെ 1-3ന് പരാജയപ്പെടുത്തി ആതിഥേയരായ ജര്‍മനി ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. അഞ്ച് ഗോള്‍ നേടിയ ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരത്തിന് അര്‍ഹനായപ്പോള്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ സിദാന്‍ സ്വന്തമാക്കി. മികച്ച സേവുകളുമായി ഇറ്റലിയെ കിരീടത്തിലേക്ക് നയിച്ച ഗോള്‍കീപ്പര്‍ ബഫണിനായിരുന്നു ഗോള്‍ഡന്‍ ഗ്ലോവ് പുരസ്‌കാരം. ജര്‍മനിയുടെ ലുകാസ് പൊഡോള്‍സ്‌കി മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

Story first published: Friday, May 25, 2018, 10:40 [IST]
Other articles published on May 25, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+